Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സഭയുടെ അച്ചടക്കത്തേയും കൂട്ടായ്മയേയും വെല്ലുവിളിക്കുന്ന വൈദികര്‍ക്കും സമർപ്പിതർക്കും അല്മായർക്കുമെതിരെ രൂപതയ്ക്ക് ശിക്ഷണ നടപടി സ്വീകരിക്കാമെന്ന് സീറോ മലബാര്‍ സഭ സിനഡാനന്തര സര്‍ക്കുലര്‍

janmabhumi-ad

Digital Malayali Web Desk February 26, 2021, 04:50 p.m.

സഭയുടെ ആഭ്യന്തര വേദികളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട വിഷയങ്ങള്‍ പൊതുവേദികളില്‍ വിവാദമാക്കുന്നതിലൂടെ സഭാഗാത്രത്തിനുണ്ടാകുന്ന മുറിവ് വലുതാണ്.


കൊച്ചി: സഭയുടെ അച്ചടക്കത്തേയും കൂട്ടായ്മയേയും വെല്ലുവിളിക്കുന്ന വൈദികര്‍ക്കും സമർപ്പിതർക്കും അല്മായർക്കുമെതിരെ രൂപതയ്ക്ക് ശിക്ഷണ നടപടി സ്വീകരിക്കാമെന്ന് സീറോ മലബാര്‍ സഭ സിനഡാനന്തര സര്‍ക്കുലര്‍.

'സഭയുടെ ആഭ്യന്തര വേദികളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട വിഷയങ്ങള്‍ പൊതുവേദികളില്‍ വിവാദമാക്കുന്നതിലൂടെ സഭാഗാത്രത്തിനുണ്ടാകുന്ന മുറിവ് വലുതാണ്. സഭാ പ്രബോധനങ്ങള്‍ക്കും സഭാ നേതൃത്വത്തിനും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ തിരുത്താനും ആവശ്യമെങ്കില്‍ സഭാനിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും അതാതു രൂപതാധ്യക്ഷന്മാരെ സിനഡ് ചുമതലപ്പെടുത്തി സര്‍ക്കുലറിൽ പറയുന്നു.

അതേസമയം പ്രതിഷേധ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന സര്‍ക്കുലര്‍ നിര്‍ദേശം വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വലിയ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നുകഴിഞ്ഞു. സഭാ നേതൃത്വം വിശ്വാസികളെ ഭയക്കുകയാണെന്നും സത്യം മനസ്സിലാക്കാന്‍ കഴിയാതെ ഇരുണ്ട യുഗത്തില്‍ തന്നെ കഴിയുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്:-

'കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനും മഹനീയമായ മാതൃകയ്ക്കും കാരണമായവയില്‍ സഭയുടെ അച്ചടക്കത്തിന് സുപ്രധാന പങ്കാണുള്ളത്. സമീപകാലത്ത് സീറോ മലബാര്‍ സഭയിലെ ചില വൈദികരും സമര്‍പ്പിതരും അല്മായ നേതാക്കന്മാരും സഭയുടെ അച്ചടക്കത്തെയും കൂട്ടായ്മയേയും വെല്ലുവിളിക്കുന്ന നിലപാടുകളുമായി പരസ്യമായി രംഗത്തുവരുന്നതായി സിനഡ് വിലയിരുത്തി. സഭയുടെ ആഭ്യന്തര വേദികളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട വിഷയങ്ങള്‍ പൊതുവേദികളില്‍ വിവാദമാക്കുന്നതിലൂടെ സഭാഗാത്രത്തിനുണ്ടാകുന്ന മുറിവ് വലുതാണ്. സഭാ പ്രബോധനങ്ങള്‍ക്കും സഭാ നേതൃത്വത്തിനും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ തിരുത്താനും ആവശ്യമെങ്കില്‍ സഭാനിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും അതാതു രൂപതാധ്യക്ഷന്മാരെ സിനഡ് ചുമതലപ്പെടുത്തി.

കേരളത്തിലെ മൂന്ന് വ്യക്തിസഭകളിലെയും തനതു യുവജന സംഘനകളുടെ കൂട്ടായ്മയാണ് കെ.സി.വൈ.എം. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം) അംഗത്വം വഴിയാണ് യുവജനങ്ങള്‍ കെ.സി.വൈ.എമ്മിന്റെ ഭാഗമാകുന്നത്. സീറോ മലബാര്‍ സഭയിലെ 15 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള എല്ലാ യുവജനങ്ങളും എസ്.എം.വൈ.എം ഭാഗമാകണം. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ഓരോ രൂപതയിലും സമയബന്ധിതമായി നടപ്പിലാക്കണമെന്ന യുവജന കമ്മീഷന്റെ നിര്‍ദേശം സിനഡ് അംഗീകരിച്ചു. 30 വയസ്സ് പൂര്‍ത്തിയായ യുവജനങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസില്‍ അംഗമാകണം. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സംഘടനാതലത്തില്‍ വരുത്തും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് തുടരാമെന്നും ആ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രാര്‍ത്ഥനകള്‍ക്ക് സിനഡ് അംഗീകാരം നല്‍കിയതായും ഇനിമേല്‍ ഈ ക്രമം അനുഷ്ഠിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന വിളകളുടെ വിലത്തകര്‍ച്ച, വന്യമൃഗശല്യം, ബഫര്‍സോണ്‍ പരിസ്ഥിതിലോല ഭീഷണികള്‍ എന്നിവയ്ക്കും ശാശ്വതമായ പരിഹാരം ആവശ്യമാണെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

മൗലികവാദങ്ങള്‍ സമൂഹത്തിന്റെ ഭദ്രതയ്്ക്കും സമുദായ സൗഹാര്‍ദ്ദത്തിനും ഹാനികരമാണ്. ഇതര മതങ്ങളുമായുള്ള ബന്ധം, ആരാധനക്രമം, സഭയിലെ കരിസ്മാറ്റിക് നവീകരണം തുടങ്ങിയ മേഖലകളില്‍ തികച്ചും മൗലികവാദപരവും വിഭാഗീയത ഉളവാക്കുന്നതുമായ ചില നിലപാടുകള്‍ സമീപകാലത്ത് മുളയെടുക്കുന്നതായി സിനഡ് വിലയിരുത്തി. ഇത്തരം മൗലികവാദപരവും അസഹിഷ്ണുത നിറഞ്ഞതും പ്രകോപനപരവുമായ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും സഭയിലും സമൂഹത്തിലും ഏറെ വിവാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമാകുന്നുണ്ട്. സഭയുടെ നന്മയെ ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇത്തരം നിലപാടുകള്‍ വരുത്തുന്ന അപകടങ്ങള്‍ ദൂരവ്യാപകമായാല്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സിനഡ് വിലയിരുത്തിയതായും മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, മെത്രാന്മാര്‍ക്ക് ഭയം ബാധിച്ചിരിക്കുകയാണെന്നും ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് അവരെന്നും എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ സര്‍ക്കുലറിനോട് പ്രതികരിച്ചു. തങ്ങള്‍ പറയുന്നതിന് അപ്പുറത്ത് ആരും പോകാന്‍ പാടില്ല എന്നാണ് നിലപാട്. ഏത് നൂറ്റാണ്ടിലാണ് ഇവര്‍ ജീവിക്കുന്നതെന്ന് അറിയില്ല. ഭയമില്ലെങ്കില്‍ ആര് എന്തു പറഞ്ഞാലും അവര്‍ ഭയക്കുന്നതെന്തിന്? സത്യം അറിയാമല്ലോ.

എ.കെ.സി.സി ഒരു മുരടിച്ച പ്രസ്ഥാനമാണെന്നും സ്തുതിപാടകരുടെ സംഘമാണെന്നും എല്ലാവര്‍ക്കുമറിയാം. പല രൂപതകളിലും എ.കെ.സി.സി പോലുമില്ല. കെ.സി.വൈ.എം പോലെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയെ വെട്ടിപ്പൊളിച്ച് എസ്.എം.വൈ.എം ആക്കി തിരിച്ചു. കെ.സി.വൈ.എമ്മിന്റെ ബാനറില്‍ ഒറ്റ മക്കളായി നിന്നവരായിരുന്നു നമ്മുടെ യുവജനങ്ങള്‍.

ഇന്നത്തെ കാലഘട്ടത്തിന്റെ തുടിപ്പുകള്‍ മനസ്സിലാക്കാതെ മധ്യയുഗത്തില്‍ ജീവിക്കുന്നവരാണ് ഈ മെത്രാന്മാര്‍. എല്ലാവരും തുറവിയുള്ളവരായിരിക്കണം. മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും സജീവമായി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മെത്രാന്മാര്‍ ഇടയലേഖനത്തില്‍ പറയുന്ന ഭാഷ ആളുകള്‍ ഇപ്പോഴും മധ്യയുഗത്തിലേതാണ്. അത് ഇന്നത്തെ ജനത്തിന്റെ മനസ്സില്‍ കേറില്ല. അവര്‍ ഇവരെ കാലഹരണപ്പെട്ടവരായെ കണക്കാക്കൂ. അവരെ ആളുകള്‍ പരിഗണിക്കില്ല. രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വം തുറന്ന വിമര്‍ശനത്തിന് വിധേയമാകുന്ന കാലഘട്ടമാണിത്. അവിടെയാണ് നമ്മുടെ വാതിലുകള്‍ അടച്ചിടുന്നത്.

വത്തിക്കാന്‍ കൗണ്‍സിലില്‍ പോപ്പ് ജോണ്‍ പോള്‍ 23ാമന്‍ വാതിലുകള്‍ തുറന്നിടുകയാണ് ചെയ്തത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. കേരളത്തില്‍ സീറോ മലബാര്‍ സഭ എല്ലാം കൊട്ടിയടയ്ക്കുന്നു. ഇവര്‍ ആരെയോ എന്തിനേയോ ഭയപ്പെടുന്നു. തങ്ങള്‍ ചെയ്യുന്നത് എല്ലാം സത്യസന്ധവും സുതാര്യവുമാണെങ്കില്‍ എന്തിനാണ് ഭയം. ആരും എന്തും പറഞ്ഞുകൊള്ളട്ടെ. ഞങ്ങള്‍ ചെയ്യുന്നത് സത്യസന്ധവും സുതാര്യവും ധാര്‍മ്മികയും സ്‌നേഹവും കരുണയുമാണെന്ന് ബോധ്യമുണ്ടെങ്കില്‍ ഈ ഭാഷ എഴുതില്ല. തങ്ങള്‍ക്ക് തങ്ങള്‍ തന്നെ കോട്ട കെട്ടി സംരക്ഷിക്കാനുള്ള ശ്രമമാണ്. സിനഡ് ഒക്കെ ഭയത്തിന്റെ നിഴലിലാണെന്ന സംശയമാണ് ഇതുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick