Digital Malayali Web Desk December 03, 2020, 11:57 p.m.
എല്ലാവരോടും എനിക്ക് സ്നേഹം മാത്രം; പക്ഷേ അവൾ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമ്പോൾ ആണ് പ്രശ്നം വരുന്നത്
കൊച്ചി : പറവൂരിൽ ഒരു കുടുംബം ഒന്നാകെ ജീവിതം അവസാനിപ്പിച്ചതിന്റെ ഞെട്ടലിൽനിന്ന് നാട് കരകയറും മുമ്പാണ് ഇന്നലെ പുലർച്ചെ എടവനക്കാട് വൈപ്പിനിൽനിന്ന് കൂട്ട മരണത്തിന്റെ വാർത്ത പുറത്തു വരുന്നത്. നാലു വയസിൽ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ മരിച്ചു നിരന്നു കിടക്കുന്ന കാഴ്ച ഒരിക്കലെങ്കിലും കണ്ടവർക്ക് അത് മനസിൽ നിന്നു മായാത്ത മുറിവാകുകയാണ്. തൊട്ടടുത്തു തന്നെ അമ്മ തൂങ്ങിമരിച്ച നിലയിലുമാണ്. എടവനക്കാട് അണിയിൽ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (24), മക്കളായ സവിനയ്(4), ശ്രാവൺ(2), സാന്ദ്ര (നാലുമാസം) എന്നിവരാണു മരിച്ചത്.
ഭർത്താവ് സനലിന് ഒരു യുവതിയുമായി ബന്ധമുണ്ടെന്നും ആ യുവതി സനലിനോട് അമിതമായ സ്നേഹം പ്രകടിപ്പിക്കുന്നു എന്ന കാരണം മൂലമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം സൂചിപ്പിക്കുന്ന വാക്കുകൾ വിനീത തന്റെ കൈപ്പടയിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.
തന്റെ ഭര്‍ത്താവിനോട് അമിതമായി ആ യുവതി കാണിക്കുന്ന അടുപ്പം ഇഷ്ടമല്ലെന്നും വിനീതയുടെയും സനിലിന്റെയും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാണ് യുവതിയെന്നും പേരുള്‍പ്പെടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. യുവതി മൂലമാണ് തനിക്ക് എപ്പോഴും ദേഷ്യം വരുന്നതെന്നും അവര്‍ മൂലമാണ് തന്റെ ഭര്‍ത്താവിന്റെ കയ്യില്‍ മുന്‍പ് പരിക്ക് പറ്റിയതെന്നും പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും വിനീത പറയുന്നുണ്ട്.
'എല്ലാവരോടും എനിക്ക് സ്നേഹം മാത്രമേയുള്ളൂ. ആരോടും ഒരു പരിഭവവും ഇല്ല . പിന്നെ എനിക്ക് ദേഷ്യം വരുന്നത് എന്റെ തണ്ടാരുവിന്റെ കാര്യത്തിൽ മറ്റൊരു പെണ്ണ് ഇടപെടുമ്പോൾ ആണ്. അത് .......(യുവതി) ആണ്. ഞാനും എന്റെ തണ്ടാരുവും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. പക്ഷേ അവൾ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമ്പോൾ ആണ് പ്രശ്നം വരുന്നത്. എന്റെ തണ്ടാരുന്റെ കൈ അങ്ങനെ ആകാൻ കാരണം അവൾ ആണ്. കുഞ്ഞുമോൾ കരയുന്നു. ബാക്കി എഴുതാം .പിന്നെ എന്റെ മരണത്തിന് ഞാൻ മാത്രം ആണ് കാരണം. ഞങ്ങ.. പോണ് ടാ.. തണ്ടാരൂ...'
5 വര്‍ഷം മുമ്പായിരുന്നു സനിലിന്റെയും വിനീതയുടെയും വിവാഹം. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പായിരുന്നു. വിവാഹ ശേഷം സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞു പോന്നത്. കൂട്ടു കുടുംബമായതിനാല്‍ വീട്ടില്‍ നിന്നും മാറി താമസിക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു യുവതിയുമായുള്ള ബന്ധം ആരോപിച്ച് ഇരുവരും തമ്മില്‍ ഇടക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് പരിഹരിച്ച മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് വിനീത കടുംകൈ ചെയ്തിരിക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.