Digital Malayali Web Desk January 21, 2021, 07:22 p.m.
പാലാ സീറ്റ് കിട്ടാൻ സാധ്യത കുറവാണെന്നു മനസ്സിലാക്കി ജയസാധ്യതയുള്ള മറ്റൊരു സീറ്റ് ചാക്കോയ്ക്ക് വാങ്ങിനൽകാനാണ് ശരത് പവാറിന്റെ നീക്കം
കൊച്ചി: കോൺഗ്രസ്സിൽ കടുത്ത അവഗണന നേരിടുന്ന സീനിയർ നേതാക്കൾ പലരും ഇടതുപക്ഷത്തേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരുകാലത്ത് പാർട്ടിയുടെ മുതല്‍കൂട്ടായിരുന്ന പല നേതാക്കൾക്കും ഇപ്പോൾ പാർട്ടിയിൽ അർഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് മുന്നണിമാറ്റത്തിനുള്ള നീക്കങ്ങൾ. ഇത്തവണയും സീറ്റ് കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് കൂറുമാറാന്‍ ഒരുങ്ങുന്നത്. ഇവർ യുവ തലമുറക്ക് വഴിമാറി കൊടുക്കുന്നില്ല എന്ന ആരോപണമാണ് മറുവശത്ത്. ഇതിനിടയിൽ കോൺഗ്രസ്സിലെ ഈ അവസ്ഥ മുതലെടുക്കാൻ ഒരുങ്ങുകയാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം. കേരളാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരുകാലത്തു നിറഞ്ഞു നിന്ന ഈ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് കോൺഗ്രസ്സിന് ക്ഷീണമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
കെവി തോമസ് ഇടതു പക്ഷത്തേക്ക് പോകുമെന്ന വാർത്തകൾക്ക് പിന്നാലെ പിസി ചാക്കോയും കോൺഗ്രസിൽ നിന്ന് അകലുന്നതായാണ് സൂചന. കോൺഗ്രസ് ഹൈക്കമാണ്ടിനോട് ചേർന്ന് പ്രവർത്തിച്ച പിസി ചാക്കോ എൻസിപിയിൽ ചേരാൻ ഒരുങ്ങുകയാണ്. ശരത് പവാർ കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. അതിനാലാണ് എൻസിപിയിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിൽ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി പല നിർണ്ണായക ചുമതലകളും വഹിച്ച ചാക്കോയെ ഡൽഹിയിൽ കോൺഗ്രസിന് കാലിടറിയതോടെ കോൺഗ്രസിൽ ആരും പരിഗണിക്കാത്ത നേതാവായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെയാണ് സ്ഥാനങ്ങളും ഇല്ലാതെയായത്. ചാലക്കുടിയിൽ മത്സരിച്ച ചാക്കോയെ ഇന്നസെന്റ് പരാജയപ്പെടുത്തുകയായിരുന്നു. ഇത്തവണയും നിയമസഭാ സീറ്റ് കൊടുക്കില്ലെന്ന സൂചന ലഭിച്ചതോടെയാണ് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നത്.
പാലാ സീറ്റ് കിട്ടാൻ സാധ്യത കുറവാണെന്നു മനസ്സിലാക്കി ജയസാധ്യതയുള്ള മറ്റൊരു സീറ്റ് ചാക്കോയ്ക്ക് വാങ്ങിനൽകാനാണ് ശരത് പവാറിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെപോലെ തിരിച്ചടിയുണ്ടാകാതെ വിജയസാധ്യതയുള്ള തലമുതിർന്ന പല നേതാക്കളെയും സ്ഥാനാര്‍ഥികളാക്കി ഭരണം പിടിക്കാൻ കോൺഗ്രസ് ആഞ്ഞു ശ്രമിക്കുമ്പോൾ കെവി തോമസിനെയും പിസി ചാക്കോയേയും പോലെ പലരും അപ്രസക്തരാവുകയാണ്. ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോൺഗ്രസിന്റെ പരാജയ കാരണം എന്നും പി സി ചാക്കോ ആരോപിച്ചിരുന്നു. എന്നാൽ ഇത്തവണ ഗ്രൂപ്പിനല്ല പാർട്ടിക്കാണ് പ്രാധാന്യമെന്നും ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചതിലൂടെ നേതാക്കൾ പലരും വ്യക്തമാക്കിയിരുന്നു.
എന്നാൽ ജോസ് കെ മാണി വന്നതിലൂടെ ക്രിസ്ത്യന്‍ വോട്ടുകളെ ഉറപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. അതിനാൽ പിസി ചാക്കോയും കെവി തോമസും കൂടി എത്തിയാൽ ഇത് കൂടുതൽ ഗുണം ചെയ്യും എന്ന് ഇടതുപക്ഷം കരുതുന്നു. ലത്തീൻ സഭയുമായി ഏറെ അടുപ്പമുള്ള നേതാവാണ് കെ വി തോമസ്. ചാക്കോയെ ചാലക്കുടിക്ക് പകരം തൃശൂരിലും കെവി തോമസിനെ എറണാകുളത്തും മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കും. ഇത് ഇടത് വിജയം എളുപ്പമാക്കും. ഇവര്‍ രംഗത്ത് വരുന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവും. അതാണ് സിപിഎമ്മിന്റെ തന്ത്രമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുല്‍ ഗാന്ധി ദില്ലിയില്‍ കേരള നേതാക്കളുടെ യോഗം വിളിച്ചപ്പോള്‍ കെവി തോമസിനെ ക്ഷണിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഹൈബി ഈഡന്റെ വിജയത്തിനായി അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തോമസിനെ പിന്നീടാരും പരിഗണിച്ചില്ല. കെപിസിസി പുനസംഘടനയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ജനുവരി 23ന് കെവി തോമസ് നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്നും വിലയിരുത്തലുണ്ട്. ഇനിയും കോൺഗ്രസ്സിൽ പിജെ കുര്യൻ ഉൾപ്പെടെയുള്ള പല സീനിയർ നേതാക്കളും തെരഞ്ഞെടുപ്പ് അടുത്തതോടെ പരിഗണന കാത്തു കഴിയുന്നുണ്ട്. എന്നാൽ ഇപ്പോഴും മുൻ നിരനേതാക്കന്മാരായി വിലസുന്ന തലമുതിർന്നവർ തന്നെ സ്ഥാനാർത്ഥികളാവാൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്തായാലും കോൺഗ്രസ്സിലെ ഈ കൂറുമാറ്റവും ഗ്രൂപ്പിസവും വോട്ടാക്കി മാറ്റാൻ തയാറെടുത്തിരിക്കുകയാണ് ഇടതുപക്ഷം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.