Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureകൂട്ടിക്കൽ പ്രകൃതി ദുരന്തം പാറമട മാഫിയകളുടെ സൃഷ്ടിയോ?പാറമട ലോബികളുമായുള്ള പി സി ജോര്‍ജിന്‍റെ കള്ളകളികൾക്കെതിരെ തുറന്നടിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വീണിടത്ത് കിടന്ന് ഉരുണ്ടുകളിച്ച് ജോര്‍ജും മകനും

janmabhumi-ad

Digital Malayali Web Desk October 23, 2021, 07:03 p.m.

പാറമട ഉടമകളുമായി അദ്ദേഹത്തിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. പൂഞ്ഞാറിൽ ഏതെങ്കിലും വികസനത്തിൽ പരിസ്ഥിതി സംരക്ഷണം ഒരു ഘടകമായിരുന്നിട്ടുണ്ടോ?


കോട്ടയം: കൂട്ടിക്കല്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ  പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് പാറമടഖനനവും മണ്ണെടുപ്പുമൊക്കെ ചര്‍ച്ചാവിഷയമാകുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള പോരും വര്‍ദ്ധിക്കുകയാണ്. പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പിസി ജോര്‍ജ് പാറമടകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും പലയിടത്തും ബിനാമി പേരുകളിൽ പാറ ഖനനം നടത്തുന്നതും, വർഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങൾക്ക് പകൽ പോലെ അറിയാമെന്നായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വിമര്‍ശനം. പൂഞ്ഞാറിലെ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണം സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആണെന്ന പിസി ജോര്‍ജിന്‍റെ പ്രസ്താവനയാണ് സെബാറ്റിയന്‍ കുളത്തുങ്കലിന്റെ പരാമര്‍ശത്തിന് കാരണം.

പിസി ജോര്‍ജിന്‍റെ പാറമട ലോബികളുമായുള്ള ബന്ധത്തെപ്പറ്റി കഴിഞ്ഞ ദിവസം ഡിജിറ്റല്‍ മലയാളിയും പരാമര്‍ശിച്ചിരുന്നു. മുപ്പതു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നാനൂറോളം ഉരുൾപൊട്ടലുകൾക്ക് സാക്ഷ്യം വഹിച്ച കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത പാറമടകൾ പെരുകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയും മീനച്ചിൽ താലൂക്കിലും പൂഞ്ഞാർ കൂട്ടിക്കൽ , പൂഞ്ഞാർ തെക്കേക്കര , തിടനാട് പഞ്ചായത്തുകളിലുമായി ചെറുതും വലുതുമായ നൂറോളം പാറമടകളാണുള്ളത്. ഭൂരിപക്ഷവും അനധികൃതമാണെന്നതാണ് ശ്രദ്ധേയം. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ പ്രകൃതി ദുരന്തത്തോട് അനുബന്ധിച്ച് അതിനു കാരണക്കാരായവരും പ്രതിക്കൂട്ടില്‍ ആവുകയാണ്.

 'പിസി ജോര്‍ജ് പാറമടലോബിയുടെ ആളാണ്. മൂന്നിലവില്‍ സ്വന്തമായി് പാറമട നടത്തിയിരുന്നെന്നും പിസി ജോര്‍ജിന്റെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം ഉല്‍സവ പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ'യെന്നും സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പറഞ്ഞു. എന്നാല്‍ പാറമടക്കാരന്റെ വണ്ടിയില്‍ കറങ്ങിനടന്ന എംഎല്‍എ, മറുപടിക്ക് അര്‍ഹനല്ലെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

മഴ, ദുരന്തം വിതച്ചിടത്ത് സര്‍ക്കാരും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും പരാജയമായിരുന്നെന്ന് പറഞ്ഞ പിസി ജോര്‍ജിനെതിരെ ശക്തമായ ആരോപണങ്ങളുമായാണ് പൂഞ്ഞാര്‍ എംഎല്‍എ രംഗത്തെത്തിയത്. 'പാറമടലോബിക്ക് ഒത്താശ ചെയ്തിരുന്നത് മുന്‍ എംഎല്‍എ പിസി ജോര്‍ജായിരുന്നു. സ്വന്തമായി പാറമടനടത്തിയിരുന്ന ആളാണ് പിസി ജോര്‍ജെന്നും പാറമട ഉടമകളുമായി അദ്ദേഹത്തിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചു. മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടും മറ്റും ചർച്ച ചെയ്തിരുന്ന ഘട്ടത്തിൽ പരിസ്ഥിതിവാദികളെ ആകെ കൊഴിവെട്ടി അടിക്കണം എന്ന് പറഞ്ഞ് അസഭ്യം വിളിച്ചവരും ആരാണെന്ന് പൂഞ്ഞാർ ജനതയും, കൂട്ടിക്കൽക്കാരും ഒന്നും മറന്നിട്ടില്ല. 

പൂഞ്ഞാറിൽ മുൻപ് നടന്ന പല വികസനങ്ങളും പാറമട ലോബികൾക്ക് വഴിവെട്ടി കൊടുക്കാനും, റിയൽഎസ്റ്റേറ്റ് മാഫിയായെ സഹായിക്കാനും ഒക്കെ ആയിരുന്നില്ലേ? പൂഞ്ഞാറിൽ ഏതെങ്കിലും വികസനത്തിൽ പരിസ്ഥിതി സംരക്ഷണം ഒരു ഘടകമായിരുന്നിട്ടുണ്ടോ? മുണ്ടക്കയം ബൈപാസ് നിർമ്മിച്ച അവസരത്തിൽ വേണ്ടപ്പെട്ട ചില ആളുകളുടെ സ്ഥലം സംരക്ഷിക്കാൻ വേണ്ടി മണിമലയാറ് കൈയേറി ബൈപാസ് നിർമ്മിച്ച് ആറിന്റെ വീതി പകുതിയായി കുറച്ചില്ലേ..  നിഷേധിക്കാമോ?' എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സെബാറ്റിയന്‍ കുളത്തുങ്കല്‍ പിസി ജോര്‍ജിന് നേരെ ഉന്നയിക്കുന്നത്.

എന്നാല്‍ കുളത്തുങ്കലിന്റെ ആരോപണം തള്ളിയ പിസി ജോര്‍ജ്, തനിക്ക് ഏതെങ്കിലും കച്ചവടക്കാരുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ ദാസ്യപ്പണി ചെയ്യാന്‍ തയ്യാറെന്നും വെല്ലുവിളിച്ചു. പാറമടക്കാരന്റെ വണ്ടിയിലാണ് എംഎല്‍എ കറങ്ങി നടന്നിരുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു .ത​നി​ക്ക് പാ​റ​മ​ട​യോ മ​റ്റ് ബി​സി​ന​സു​ക​ളോ ഇ​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. എന്നാല്‍ ദുരന്തമുഖത്ത് പെട്ടെന്ന് എത്താനാണ് ആ ദിവസം മറ്റൊരാളുടെ വാഹനം ഉപയോഗിച്ചതെന്നാണ് ഇതിനോട് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പ്രതികരിച്ചത്. തന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ എംഎൽഎയ്ക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെ  തിരിച്ച് ആരോപണം ഉന്നയിച്ചാണ് പി സി ജോര്‍ജിന്റെ മകന്‍  ഷോൺ ജോർജും  രംഗത്ത് വന്നിരിക്കുന്നത്.

'പ്രിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയാൻ.... താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിച്ചു. പാറമടകാരന്റെ വണ്ടിയിൽ എം.എൽ.എ ബോർഡ് വെച്ച് നടക്കുന്ന താങ്കൾ ഇതു പറഞ്ഞു കേട്ടപ്പോൾ ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായാണ് എനിക്ക് തോന്നിയത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിസ്‌ഥിതി ലോല പ്രദേശമായ തീക്കോയിൽ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നൽകാം എന്ന വാഗ്ദാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താങ്കൾക്കുവേണ്ടി ഏറ്റവുമധികം പണം മുടക്കിയ പാംമ്പ്ലാനിയിൽ വക്കച്ചന്റെ മകൻ ഡേവിസ് പാംമ്പ്ലാനിയുടെതല്ലെ ഈ വണ്ടി.

ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതും.ഇനി താങ്കൾ പറഞ്ഞ കാര്യത്തിലേക്ക് കടക്കാം. എന്നെ ഒരു വലിയ പാറമട മാഫിയയായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി . എനിക്ക് ഒരു പാറമട ഉണ്ടായിരുന്നു,2013-ൽ ഞാനിത് വിറ്റൊഴിഞ്ഞു. അത് പാറമട ഒരു മോശം ബിസിനസ്‌ ആണെന്നോ, അത് നടത്തുന്നവർ എല്ലാം വൃത്തികെട്ടവന്മാർ ആണെന്ന അഭിപ്രായം ഉള്ളതുകൊണ്ടോ അല്ല ഞാൻ ഈ കച്ചവടം അവസാനിപ്പിച്ചത്.

മറിച്ച് ഞാൻ ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത് താങ്കളെ പോലെ ദേഹത്തിന് കുറുകെ മാത്രമല്ല, എന്റെ മനസ്സിന്റെ കുറുകെ കൂടിയാണ്. ഒരു പൊതു പ്രവർത്തകൻ പൊതുരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ശുദ്ധിയോട് കൂടി ജീവിക്കണമെന്നാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ചിട്ടിക്കമ്പനിയും, വട്ടിപ്പലിശയും കൊണ്ട് ജീവിതം നയിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. ഈ വെള്ള വസ്ത്രം ധരിച്ചു കൊണ്ട് കൈക്കൂലി കൊടുക്കാൻ എന്റെ മനസ്സ് അനുവദിക്കാത്തതു കൊണ്ടാണ് ഞാൻ ആ ബിസിനസ് വേണ്ടെന്ന് വച്ചത്.

ഒരു കാര്യം എടുത്തു പറയട്ടെ പാറമടകളും, ക്രഷറുകളും നാടിന്റെ നിർമ്മാണ രംഗത്ത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്. പക്ഷേ അത് എവിടെ നടത്തുന്നു,അത് പരിസ്‌ഥിതിക്ക് ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. താങ്കൾ ഇന്നലെ വാനോളം പുകഴ്ത്തിയ പിണറായി സർക്കാർ 2018-ലെ പ്രളയത്തിന് ശേഷം മാത്രം 223 ക്വാറികൾക്കാണ് പെർമിറ്റ് നൽകിയത് എന്ന് ഓർത്താൽ നന്ന്. ഇപ്പോൾ താങ്കൾക്ക് ഇത്രയും പ്രകോപനം ഉണ്ടാകാൻ കാരണം പ്രളയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തനങ്ങളിൽ ഞാൻ ഉയർത്തിയ വിമർശനങ്ങളാണെങ്കിൽ അത് ഇനിയും തുടരുക തന്നെ ചെയ്യും.

ഉരുൾപ്പൊട്ടലിന് 24 മണിക്കൂറിന് ശേഷം ഇളംകാട്‌ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ക്രമീകരണങ്ങൾ വിലയിരിത്തുമ്പോൾ ആ ക്യാമ്പ് സർക്കാർ അംഗീകരിചിട്ടില്ലാത്തതിനാൽ അവിടെ സർക്കാർ സഹായം നൽകാൻ കഴിയില്ല എന്ന് പറഞ്ഞ വില്ലേജ് ഓഫീസറെ വിമർശിച്ചത് തെറ്റാണെങ്കിൽ ഞാൻ അത് ഇനിയും ചെയ്യും. പ്രളയം കഴിഞ്ഞ് മൂന്നാം ദിവസവും ഉരുൾപ്പൊട്ടലുണ്ടായ പ്രധാന മേഖലകളായ പ്ലാപ്പള്ളിയിലേക്കുള്ള ഗതാഗതം പോലും പുനസ്‌ഥാപിക്കാത്ത സർക്കാർ നടപടി ചോദ്യം ചെയ്തത് തെറ്റാണെങ്കിൽ അത് ഇനിയും ചെയ്യും. കൂട്ടിക്കലിലേക്ക് ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രധാന പാതകളായ കൈപ്പള്ളി-ഏന്തയാർ റോഡ്, അടിവാരം-കൊടുങ്ങ-ഇളംകാട് റോഡ് എന്നിവ മൂന്നു ദിവസമായിട്ടും തുറക്കാത്തത് പോലെയുള്ള നടപടികൾ ചോദ്യം ചെയ്യാൻ തന്നെയാണ് ഇനിയും ഉദ്ദേശം.

പ്രളയ സമയത്ത് കൈയിൽ കിട്ടിയതുമായി ജീവനുംകൊണ്ടോടി ക്യാമ്പിൽ എത്തിയവർക്ക് അടിയന്തിര ധനസഹായമായ പതിനായിരം രൂപ പോലും നിഷേധിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. പുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സർക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാൽ നിയമം കൈയിലെടുത്ത് മണൽ വാരൽ സമരം ആരംഭിക്കുകയും ചെയ്യും. ഇതൊന്നും ഒരു പക്ഷേ എന്തിനാണെന്ന് ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല. കാരണം നമ്മൾ രണ്ട് പേരും വളർന്നു വന്ന സാഹചര്യവും, വളർത്തിയവരുടെ പ്രേത്യേകതകൾ കൊണ്ടുമാകാം.

കഴിഞ്ഞ അഞ്ച് മാസങ്ങൾ കൊണ്ട് മുൻ എം.എൽ.എ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയല്ലാതെ നൂറ് രൂപയുടെയെങ്കിലും ഭരണാനുമതി ഈ നാടിന് വേണ്ടി നേടിയെടുക്കാൻ കഴിയാത്ത, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തിനെ വികസന കാര്യങ്ങളിലും, പദ്ധതി തുക ചിലവഴിക്കുന്നതിൽ കേരളത്തിൽ 14-ആം സ്‌ഥാനത്ത് എത്തിച്ച താങ്കളുടെ ഭരണ പാഠവം ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് ഈ കസറത്തെങ്കിൽ ആയിക്കോളൂ. പക്ഷേ ദുരന്ത സമയത്ത് ഒരു എം. എൽ.എ ഇത്രയും തരം താഴരുതായിരുന്നു. ജനിച്ച നാൾ മുതൽ ഈ നാട് എന്റെ മനസ്സിന്റെ വികാരമാണ്. ഞാൻ കണ്ടതും,കേട്ടതും, വളർന്നതും പൂഞ്ഞാർ എന്ന വികാരത്തിന് ഒപ്പമാണ്. അത് മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും...

 

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick