Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനം വഴി തെറ്റുന്നു,വിശ്വാസികളുടെ അജ്ഞത ചൂഷണം ചെയ്യുന്നു,അഭയക്കെതിരെ ധ്യാനഗുരു മാത്യു നായ്ക്കം പറമ്പിലിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ 'സത്യദീപ'ത്തിന്‍റെ ലേഖനം ചര്‍ച്ചയാകുന്നു

janmabhumi-ad

Digital Malayali Web Desk January 16, 2021, 01:43 p.m.

ഇനിയും വിടാത്ത പൂര്‍വ്വീക ബന്ധനങ്ങളെക്കുറിച്ചും, അനുഭവിക്കാന്‍ പോകുന്ന ശിക്ഷകളെക്കുറിച്ചുമൊക്കെ അനാവശ്യമായ ഭയം നിറച്ച് വിശ്വാസികളുടെ അജ്ഞതയും വൈകാരികതയും മുതലെടുക്കുന്നതും ക്രൂരതയാണ്


കോട്ടയം: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനം വഴി തെറ്റുന്നതായും വിശ്വാസികളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയാണന്നും സീറോ മലബാർ സഭ മുഖ പത്രം സതൃദീപം !!.കൊല്ലപ്പെട്ട സിസ്റ്റർ അഭയക്കെതിരെ കരിസ്മാറ്റിക് ധ്യാനഗുരു  മാത്യു നായ്ക്കം പറമ്പിൽ വിവാദ പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ്  ലേഖനം ചർച്ചയാകുന്നത്. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലാണെന്ന ഒരു വരേണ്യചിന്ത ആത്മീയതലത്തില്‍ പലരും നില നിര്‍ത്തുന്നത് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഒരു പോരായ്മയായി കരുതപ്പെടുന്നതായും ലേഖനത്തില്‍ പറയുന്നു. 'അത്ഭുതപ്രവര്‍ത്തകര്‍ യഥാര്‍ത്ഥ ശിഷ്യരോ?' എന്ന തലക്കെട്ടിലാണ് ലേഖനം. 

പലപ്പോഴും ദൈവപുത്ര സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കൂടെ നടക്കുന്ന ദൈവത്തിന്റെ അടുപ്പം നുകരാനും സഹായിക്കാതെ പഴയകാല പാപകടങ്ങളെക്കുറിച്ചും, ഇനിയും വിടാത്ത പൂര്‍വ്വീക ബന്ധനങ്ങളെക്കുറിച്ചും, അനുഭവിക്കാന്‍ പോകുന്ന ശിക്ഷകളെക്കുറിച്ചുമൊക്കെ അനാവശ്യമായ ഭയം നിറച്ച് വിശ്വാസികളുടെ അജ്ഞതയും വൈകാരികതയും മുതലെടുക്കുന്നതും ക്രൂരതയാണ്.കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ നേതാക്കളെ നിരീക്ഷിക്കാനും അവര്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും അവര്‍ക്ക് വരുന്ന തെറ്റുകള്‍ തിരുത്തിക്കൊടുക്കാനും വേണ്ടത്ര വേദികളില്ല എന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പോരായ്മഎന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 

ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം...

രണ്ടാം വത്തിക്കാന്‍ സൂനഹ ദോസിനുശേഷം കത്തോലിക്കാ സഭയിലാകമാനം അത്ഭുതാവഹമായ അനുരണനങ്ങള്‍ തീര്‍ത്ത ഒന്നാണ് കരിസ്മാറ്റിക് പ്രസ്ഥാനം. ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഈ കരിസ്മാറ്റിക് ശുശ്രൂഷകളില്‍ പങ്കെടുക്കാത്ത കത്തോലിക്കര്‍ കേരളത്തില്‍ ഉണ്ടോ എന്നുപോലും സംശയമാണ്. കേരള കത്തോലിക്കാ സമൂഹത്തിന്റെ ആധ്യാത്മീക ജീവിതത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ കൊണ്ടു വരാന്‍ ഇതിനു കഴിഞ്ഞു എന്നു ള്ളതില്‍ സംശയമില്ല. ദുശ്ശീലങ്ങളില്‍ അകപ്പെട്ടിരുന്നവര്‍ക്ക് മോചനവും തകര്‍ന്നുപോയ കുടുംബ ബന്ധങ്ങള്‍ക്ക് പുനഃസമാഗമവും ദൈവവിളി മേഖലയില്‍ പ്രോത്സാ ഹനവും നല്‍കാന്‍ കരിസ്മാറ്റിക് പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തര്‍ക്കമാണ്. ഇന്നും ധാരാളം മനുഷ്യ മക്കളെ ദൈവത്തിങ്കലേക്കു കൊ ണ്ടുവരാനും അവര്‍ക്ക് ആത്മീയ ജീവിതത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കഴിയുന്നുണ്ട് എന്നതിന് കേരളത്തിലെ ധ്യാനകേന്ദ്രങ്ങളുടെ എണ്ണം തന്നെ സാക്ഷി.
 

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു ജീവിതം ഓരോ വിശ്വസിക്കും ഉണ്ടാകണമെന്ന് കരിസ്മാറ്റിക് പ്രസ്ഥാനം ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയെ പാരമ്പര്യ രീതികളുടെ മതില്‍ക്കെട്ടുകളില്‍ നിന്ന് വെളിയിലേക്ക് കൊണ്ടുവരാനും, അതിനു വൈകാരികമായ ഒരു പരിവേഷം നല്‍കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചു. പ്രാര്‍ത്ഥനാനിരതമായ ഒരു ജീവിതം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ കരി സ്മാറ്റിക് പ്രസ്ഥാനം പരിശ്രമിച്ചിട്ടുണ്ട്. ദൈവത്തെ അറിയാത്തിടത്തേക്ക് ക്രിസ്തുവിശേഷവുമായി കടന്നുചെല്ലാന്‍ മിഷനറിമാരെ ഒരുക്കാനും ഈ പ്രസ്ഥാനം മുന്‍പന്തിയിലുണ്ടായിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഇട വകകളില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ പ്രധാന സംഭാവനയാണ്.

കരിസ്മാറ്റിക് പ്രസ്ഥാനം സഭയ്ക്ക് നല്‍കിയ സംഭാവനകളെ സ്മരിക്കുന്നതോടൊപ്പം അതിനു വന്ന ഇടര്‍ച്ചകളെയും നാം തിരിച്ചറിയേണ്ടതുണ്ട്. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലാണെന്ന ഒരു വരേണ്യചിന്ത ആത്മീയതലത്തില്‍ പലരും നില നിര്‍ത്തുന്നത് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഒരു പോരായ്മയായി കരുതപ്പെടുന്നു. ഈ പ്രസ്ഥാനത്തിലുള്ളവര്‍ പലപ്പോഴും ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മാത്രം വായിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പ്രാസംഗികരെ മാത്രം കേള്‍ക്കുന്നതും അവരുടെ പരിപാടികളില്‍ മാത്രം പങ്കെടുക്കുന്നതും ഒരു വിഭാഗീയത ഉയര്‍ന്നുവരാന്‍ ഇടയാക്കപ്പെടുന്നു. ബുദ്ധിയെയും ശാസ്ത്രത്തെയും യുക്തിയെയും തള്ളിപ്പ റഞ്ഞുകൊണ്ടു എല്ലാം ‘വിശ്വാസ മണ്ഡലത്തിലേക്ക്’ മാത്രം ഒതുക്കാന്‍ പലപ്പോഴും കരിസ്മാറ്റിക് പ്രസ്ഥാനം ആഗ്രഹിച്ചിട്ടുണ്ട്. വചനത്തിന്റെ ശ്രദ്ധാപൂര്‍ണ്ണമായ വ്യാഖ്യാനത്തിനും ആധികാരിക ദൈവശാസ്ത്രത്തിനും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതിലും പ്രസ്ഥാനത്തിന് വീഴ്ചപറ്റിയെന്നത് ഗൗരവ മര്‍ഹിക്കുന്നു.
തങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് നേരിട്ട് വെളിപാടുകള്‍ കിട്ടുന്നു എന്ന് നേതാക്കള്‍ വാദിക്കുകയും അതിനോടുള്ള ബന്ധപ്പെട്ടവരുടെ തിരുത്തലുകള്‍ അവര്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് പലരുടെയും ആത്മീയ ജീവിതത്തിനു കനത്തനഷ്ടങ്ങള്‍ ഏല്‍പ്പിക്കു ന്നുണ്ട്. ഓരോരുത്തര്‍ക്കും ലഭിച്ചവരങ്ങളുടെയും കൃപകളുടെയും എണ്ണത്തിന്റെ ബലത്തില്‍, ആളുകളുടെ ആത്മീയാരോഗ്യം അളക്കുന്നതും ഒരു പോരായ്മ തന്നെയാണ്. എന്തിലും ഏതിലും പിശാചിനെക്കാണുന്ന ഒരു സ്ഥിതിവിശേഷവും പലപ്പോഴും യുക്തിക്ക് നിരക്കുന്നതല്ല. കരിസ്മാറ്റിക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ‘അനുഭവങ്ങള്‍’ ഉണ്ടായില്ലെങ്കില്‍ അതവരുടെ ആത്മീയ ന്യൂനതയായിപ്പോലും ചിത്രീകരിക്കപ്പെ ടാറുണ്ട്.
ജെ.ഐ. പാക്കര്‍ ‘Spiritual Gifts’ എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ചില ഗുണങ്ങളെ ക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അവയില്‍ ചിലതാണ് മുകളില്‍ ചേര്‍ത്തത്.
കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ നേതാക്കളെ നിരീക്ഷിക്കാനും അവര്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും അവര്‍ക്ക് വരുന്ന തെറ്റുകള്‍ തിരുത്തിക്കൊടുക്കാനും വേണ്ടത്ര വേദികളില്ല എന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പോരായ്മയായി തോന്നിയിട്ടുള്ളത്. പലപ്പോഴും ദൈവപുത്ര സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കൂടെ നടക്കുന്ന ദൈവത്തിന്റെ അടുപ്പം നുകരാനും സഹായിക്കാതെ പഴയകാല പാപകടങ്ങളെക്കുറിച്ചും, ഇനിയും വിടാത്ത പൂര്‍വ്വീക ബന്ധനങ്ങളെക്കുറിച്ചും, അനുഭവിക്കാന്‍ പോകുന്ന ശിക്ഷകളെക്കുറിച്ചുമൊക്കെ അനാവശ്യമായ ഭയം നിറച്ച് വിശ്വാസികളുടെ അജ്ഞതയും വൈകാരികതയും മുതലെടുക്കുന്നതും ക്രൂരതയാണ്.

പ്രവചനങ്ങള്‍ നടത്തുന്നതും ഭാവി പറയുന്നവരും ഒക്കെ ഒരാളുടെ ആത്മീയതയുടെ ഏകകങ്ങളായി തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുക. അത്ഭുതം പ്രവര്‍ത്തിക്കുന്നവരും രോഗശാന്തി നല്‍കുന്നതും ഒരാളുടെ ആത്മീയ വളര്‍ച്ചയുടെ തെളിവായും പിശാചിനെ ബഹിഷ്‌കരിക്കുന്നത് വിശുദ്ധിയുടെ മേന്മയായും കാണുന്നവര്‍ക്ക് വി. മത്തായി 7:21-23 സുവിശേഷഭാഗം ദഹിക്കാന്‍ എളുപ്പമാവുകയില്ല. ‘കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചു ക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അ നീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍.’
ഈ തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റു ചില സത്യങ്ങള്‍ കൂടിയാണ്. പ്രവചനങ്ങള്‍ നടത്തുന്നവരും അത്ഭുത ങ്ങള്‍ പ്രവര്‍ത്തിക്കുന്നവരും സ്വര്‍ഗ്ഗത്തിലെ സീറ്റ് ഉറപ്പിച്ചവ രാകണമെന്നില്ല. രോഗസൗഖ്യങ്ങള്‍ നല്‍കുന്നവരും പിശാചിനെ ബഹിഷ്‌കരിക്കുന്നവരും ഒരുപക്ഷെ പിതാവിന്റെ ഹിതം തേടുന്നവരായിരിക്കുകയില്ല. ഏതെല്ലാം നന്മകള്‍ നിന്നില്‍ കുടികൊണ്ടാലും എത്രമാത്രം കരണീയമായ പ്രവര്‍ത്തികള്‍ ചെയ്താലും ദൈവഹിതമല്ല നിന്നെ നയിക്കുന്നതെങ്കില്‍ എല്ലാം ജലരേഖയാണ്.
ദൈവജനത്തിനാവശ്യമായ അനുഗ്രഹങ്ങളും കൃപകളും നല്‍കാന്‍ ദൈവം ഏതൊരു മനുഷ്യനെയും ഉപയോഗിക്കാം. എന്നാല്‍ ആ കൃപകളൊ ന്നും അവരുടെ വ്യക്തിപരമായ മേന്മയെയോ ആത്മീയ ഉയര്‍ച്ചകളെയോ പരിഗണിച്ചല്ല ദൈവം നല്‍കുന്നത്. മറിച്ച് അത് സ്വീകരിക്കുന്ന വിശ്വാസസമൂ ഹത്തിന്റെ ആത്മീയോത്കര്‍ഷമാണ് ദൈവം ഉന്നം വയ്ക്കുന്നത്. അതിനാല്‍തന്നെ വ്യക്തിപരമായ അംഗീകാരങ്ങളെക്കാളും സമൂഹത്തിന്റെ വളര്‍ച്ചയാണ് ഇത്തരത്തിലുള്ള അനുഭവ ങ്ങള്‍ക്ക് പിന്നിലുണ്ടാകേണ്ടത്. അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചവരോട് യേശു പറയുന്നത് ഞാന്‍ അവരെ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നാണ് (വാക്യം 23). ക്രിസ്തുവുമായി അടുത്തബന്ധം സ്ഥാപിക്കാത്തവര്‍ക്കും ഈ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നാണു നാം മനസ്സിലാക്കേണ്ടത്. ദൈവഹിതം പ്രവര്‍ത്തിക്കാനല്ലാതെ, ദൈവനാമം ഉപയോഗിക്കുന്നവരെ അനീതി പ്രവര്‍ത്തിക്കു ന്നവരെന്നാണ് യേശു വിളിക്കുന്നത്, അവരോട് തന്നില്‍ നിന്ന് അകന്നുപോകാനും അവന്‍ ആവശ്യപ്പെടുന്നുണ്ട്.

ക്രിസ്തുശിഷ്യനെ തിരിച്ചറിയാനുള്ള മാനദണ്ഡമായി ക്രിസ്തു കണക്കാക്കുന്നത് അവന്‍ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നുണ്ടോ എന്നുള്ളതാണ്. ക്രിസ്തുശിഷ്യരെന്ന് സ്വയം അഭിമാനിക്കാറുള്ള നാം, ഈ വചനം ഗൗരവമായി മനനം ചെയ്യേ ണ്ടിയിരിക്കുന്നു. ഞാന്‍ ചെയ്തു തീര്‍ക്കുന്ന ജോലികളും ഉത്തര വാദിത്വങ്ങളും ദൈവഹിതപ്രകാരമാണോ പൂര്‍ത്തിയാക്കപ്പെടുന്നത് എന്ന് ഞാന്‍ തീര്‍ച്ചപ്പെ ടുത്തേണ്ടിയിരിക്കുന്നു. ദൈവ ഹിതത്തിനെതിരായി ഞാന്‍ ചെയ്യുന്നതെല്ലാം എന്റെ ശിഷ്യത്വത്തിന്റെ നന്മയെയാണ് ചോദ്യം ചെയ്യുന്നത്.
ജനങ്ങളെ ആകര്‍ഷിക്കുന്ന അത്ഭുത പ്രവര്‍ത്തനങ്ങളോ സ്വയം പ്രസിദ്ധനാക്കുന്ന രോഗശാന്തികളോ അല്ല ഒരു ക്രൈസ്തവന്റെ ആധ്യാത്മീകതയുടെ അളവുകോല്‍. അത് അവന്‍ എത്രമാത്രം ക്രിസ്തുവിനെ അനുകരിക്കുന്നു എന്നുള്ളതാണ്. ക്രിസ്തുവചനങ്ങളില്‍ പണി തുയര്‍ത്തപ്പെടേണ്ടതാണ് ഓരോ ശിഷ്യജീവിതവും. ലോകം നല്‍കുന്ന ആകര്‍ഷണങ്ങള്‍ തൃണവത്ഗണിച്ച് ക്രിസ്തു നടന്നുതള്ളിയ വഴികളെ പുല്കുന്നതാണ് ക്രൈസ്തവാത്മീയത. നമ്മുടെ അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick