Digital Malayali Web Desk June 23, 2022, 01:04 p.m.
കെഎൻഎ ഖാദർ ദേശീയവീക്ഷണമുള്ള നേതാവ്; ലീഗ് പുറത്താക്കിയാൽ ജീവിക്കാനാവാത്ത സാഹചര്യമുണ്ടാവില്ല, കെഎൻഎ ഖാദർ ദേശീയവീക്ഷണമുള്ള നേതാവെന്ന് ആർഎസ്എസ്
കോഴിക്കോട്ട്: കെഎന്‍എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ് നേതാവ്. കേസരി പരിപാടിക്കായി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നെന്നും പിന്തുണയറിയിച്ച് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ. എന്‍ ആര് മധു വ്യക്തമാക്കി.മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശസ്നേഹിയാണ് കെ എന്‍ എ ഖാദർ. മാനവിക നിലപാടുള്ള വ്യക്തിയാണ്. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ എന്‍ എ ഖാദറിന് ഉണ്ടാവില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും മധു പറഞ്ഞു.
കെ എന്‍ എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്നും നീതികരിക്കാനാവില്ലെന്നും എം കെ മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം സി മായിന്‍ ഹാജിയും പറഞ്ഞു.
കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും ഖാദർ പങ്കെടുത്തു. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തു.
നിലവില്‍ മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. ഖാദറിനെ ലീഗ് പുറത്താക്കണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയിൽ സംഘ്പരിവാർ നേതാക്കൾക്കൊപ്പം വേദി പങ്കിട്ട കെ എൻ എ ഖാദറിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
വിമർശനങ്ങൾക്ക് പിന്നാലെ ന്യായീകരണവുമായി കെ എൻ എ ഖാദർ രംഗത്തെത്തിയിരുന്നു. മതസൗഹാർദം ഉയർത്തിപ്പിടിക്കാനാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും അതൊരു സാംസ്കാരിക പരിപാടിയാണെന്നുമായിരുന്നു ഇയാളുടെ വാദം. നാട്ടിൽ വർഗീയ സംഘർഷങ്ങൾ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും കെ എൻ എ ഖാദർ പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.