Digital Malayali Web Desk February 27, 2021, 05:49 p.m.
ഫെബ്രുവരി 23 ന് ജഗ്തിയലിലെ ഗോല്ലപ്പള്ളി മണ്ഡലത്തിലെ ലോഥുനുർ ഗ്രാമത്തിൽ യെല്ലമ്മ ക്ഷേത്ര പരിസരത്താണ് അനധികൃത കോഴിപ്പോര് നടന്നത്
ഹൈദരാബാദ്: കോഴിപ്പോരിനിടെ 45 കാരന് മരിച്ച സംഭവത്തില്‍ കോഴിയെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്. കോണ്ടാപുർ ഗ്രാമത്തിലെ തനുഗുല സതീഷ് (45) എന്നയാളാണ് മരിച്ചത്.
ഫെബ്രുവരി 23 ന് ജഗ്തിയലിലെ ഗോല്ലപ്പള്ളി മണ്ഡലത്തിലെ ലോഥുനുർ ഗ്രാമത്തിൽ യെല്ലമ്മ ക്ഷേത്ര പരിസരത്താണ് അനധികൃത കോഴിപ്പോര് നടന്നത്. സതീഷിന്റെ വകയായിരുന്നു കോഴി. ആചാരമനുസരിച്ച് സതീഷ് മൂന്ന് ഇഞ്ച് നീളമുള്ള കത്തി (കോഡി കത്തി എന്നറിയപ്പെടുന്നു) തന്റെ കോഴിയുടെ കാലിൽ കെട്ടി. കോഴിപ്പോരിനിടെ, കോഴി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കോഴിയെ സതീഷ് പിടികൂടിയെങ്കിലും അബദ്ധത്തിൽ കോഴിയുടെ കാലിൽ കെട്ടിയിരുന്ന കത്തി സതീഷിന്റെ അടിവയറ്റിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. തെലങ്കാനയില്‍ കോഴിപ്പോരും കോഴിപ്പന്തയവും നിരോധിച്ചിട്ടുള്ളതാണ്.
യെല്ലമ്മ ക്ഷേത്രത്തില്‍ രഹസ്യമായിട്ടായിരുന്നു പോര് സംഘടിപ്പിച്ചത്. അന്വേഷണം നടത്തിയ ശേഷം ഗൊല്ലാപ്പള്ളി പൊലീസ് കത്തി കാലില്‍ കെട്ടിയ പൂവന് കോഴിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ കഴിയുന്ന കോഴിയെ പൊലീസുകാരാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. കോഴിയെ നോക്കാനായി ഒരു കോണ്‍സ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.