Digital Malayali Web Desk June 15, 2022, 12:17 a.m.
ഗണ്മാന് എസ് അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിനുളളിലെ പ്രതിഷേധത്തില്‍ ഡിജിസിഎയ്ക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്കി ഇന്‍ഡിഗോ.
വിമാനത്തില്‍ പ്രതിഷേധിച്ചവരെ ക്യാബിന് ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും ഡിജിസിഎയ്ക്ക് നല്കിയ ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്നാണ് വിമാനത്തിലെ പ്രതിഷേധക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആക്രോശിച്ചുകൊണ്ട് മുന്നോട്ടുവന്നവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഗണ്മാന് അനില്‍ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു.
ഗണ്മാന് എസ് അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. രാഷ്ട്രീയപരമായ വിരോധം നിമിത്തം ഒന്നുമുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന് കരുതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നെന്നും വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മൂന്ന് പ്രവര്‍ത്തകരും സീറ്റില്‍ നിന്ന് എഴുന്നേറ്റ് 'നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ' എന്നാക്രോശിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നുള്ളതാണ് എഫ്ഐആറില്‍ പറയുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളയാള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും പ്രതികള്‍ ആക്രമിച്ചതായും എഫ്ഐആറില്‍ പറയുന്നു.
ഗണ്‍മാന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, കുറ്റകരമായ ഗൂഢാലോചന നടത്തി, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എയര്‍ ക്രാഫ്റ്റ് അനുസരിച്ചുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.