Digital Malayali Web Desk June 23, 2022, 12:22 p.m.
പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാർട്ടികളും ഖത്തറിൽ അനുവദിക്കില്ല
ദോഹ : 2022 ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ചു രാജ്യം. ലൈംഗിക നിരോധനം നടപ്പിലാക്കാൻ ഖത്തർ തീരുമാനിച്ചു. അവിവാഹിതരായ കാണികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതരായ സ്ത്രീ പുരുഷൻമാർക്ക് ഷെയർ ചെയ്ത് റൂം വാടകയ്ക്ക് എടുക്കുവാനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിംഗിൽ നിന്നും വിലക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാർട്ടികളും ഖത്തറിൽ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാൽ കർശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ, ലോകകപ്പിന്റെ സമയത്ത് യൂറോപ്യൻ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാൻ സോണുകളിൽ മദ്യം അനുവദിക്കാൻ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.
കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തർ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷംവരെ തടവും 1,00,000 റിയാൽ (ഏകദേശം 21.50 ലക്ഷം രൂപ) മുതൽ 3,00,000 റിയാൽ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലർത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ അവരുടെ ഫുട്ബോൾ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാൻ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.