Digital Malayali Web Desk December 07, 2022, 09:56 a.m.
ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് സ്വിസ് പ്രതിരോധം തകര്‍ത്ത് പോര്‍ച്ചുഗല്‍ ഖത്തര്‍ ക്വാര്‍ട്ടറിലെത്തി.
ദോഹ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി പറങ്കികള്‍ നടത്തിയ പടയോട്ടത്തില്‍ തകര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡ്.
ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് സ്വിസ് പ്രതിരോധം തകര്‍ത്ത് പോര്‍ച്ചുഗല്‍ ഖത്തര്‍ ക്വാര്‍ട്ടറിലെത്തി.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടവും 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി.
മത്സരത്തിന്‍റെ 17ാം മിനിറ്റില്‍ വല കുലുക്കി ഗോണ്‍സാലോ റാമോസ് ആണ് പോര്‍ച്ചുഗലിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഡ്രിബിള്‍ ചെയ്യാനുള്ള ശ്രമത്തിന് പിന്നാലെ തന്റെ ഇടംകാലുകൊണ്ട് റാമോസ് തൊടുത്ത ഷോട്ട് ഗോള്‍ വല കുലുക്കി. 33ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ലീഡ് ഉയര്‍ത്തി പെപ്പെ എത്തി. സ്വിസ് താരം മാര്‍ക്ക് ചെയ്ത് നിന്നിട്ടും പ്രായം മറന്ന് പെപ്പെ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന്റെ ലീഡ് ഉയര്‍ത്തി റാമോസ് വീണ്ടുമെത്തി. വലത് വിങ്ങില്‍ നിന്ന് ഡാലോട്ട് നല്‍കിയ ക്രോസില്‍ നിന്നാണ് റാമോസ് പന്ത് വലയിലെത്തിച്ചത്. നാല് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ഗുറെയ്‌റോ ഗോളുമായി എത്തി. 40 വാര പന്തുമായി ഓടിയ ബ്രൂണോ ഇടല് ഗുറെയ്‌റോയ്ക്ക് പന്ത് നല്‍കി. ഫിനിഷിങ്ങില്‍ പോര്‍ച്ചുഗല്‍ ലെഫ്റ്റ് ബാക്കിന് പിഴച്ചുമില്ല
ഗുറെയ്‌റോയുടെ ഗോള്‍ വന്ന് മൂന്ന് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡും അക്കൗണ്ട് തുറന്നു. ഷക്കിരിയുടെ ബോക്‌സിനുള്ളിലേക്ക് എത്തിയ കോര്‍ണറില്‍ പെപ്പെയുടെ ഹെഡര്‍. പന്ത് നേരെ അകഞ്ചിയുടെ നേരെ. ബാക്ക് പോസ്റ്റില്‍ നിന്നിരുന്ന സ്വിസ് പ്രതിരോധനിര താരം തന്റെ വലത് കാല്‍ കൊണ്ട് പന്ത് വലയിലെത്തിച്ചു.
എന്നാല്‍ 66ാം മിനിറ്റില്‍ ഹാട്രിക് തികച്ച് റാമോസിന്റെ വരവ്. ബ്രുണോ പന്ത് ഫെലിക്‌സിന് നല്‍കി. ഫെലിക്‌സ് റാമോസിന് നേര്‍ക്കും. സ്വിസ് ഗോള്‍കീപ്പറെ മറികടന്ന് പോര്‍ച്ചുഗലിന്റെ 21കാരന്‍ ലോകകപ്പില്‍ ഹാട്രിക് തികച്ചു. പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ 83ാം മിനിറ്റില്‍ വല കുലുക്കിയിരുന്നു. എന്നാല്‍ ഓഫ് സൈഡ് ഫഌഗ് ഉയര്‍ന്നു.
ഇഞ്ചുറി ടൈമിലാണ് പോര്‍ച്ചുഗലിന്റെ ആറാം ഗോള്‍ വന്നത്. ലിയോയ്ക്കായിരുന്നു ഇത്തവണ ഊഴം. പകരക്കാരനായി ഗ്രൗണ്ടിലേക്ക് എത്തിയെങ്കിലും ഗോള്‍വല കുലുക്കാനാവാതെ ക്രിസ്റ്റ്യാനോയ്ക്ക് മടങ്ങേണ്ടി വന്നു. മൊറോക്കോയാണ് ക്വാര്‍ട്ടറില്‍ ഇനി പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.