Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ ലഭ്യമാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

janmabhumi-ad

Digital Malayali Web Desk February 08, 2021, 11:48 p.m.

വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ കാലതാമസംകൂടാതെ നിശ്ചിതസമയത്ത് ലഭ്യമാക്കണമെന്നും ദയാദാക്ഷിണ്യത്തിന് വിടാൻ കഴിയില്ലെന്നും ഇതിനനുസരിച്ച് മാറേണ്ടവരെല്ലാം മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ


വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ കാലതാമസംകൂടാതെ നിശ്ചിതസമയത്ത് ലഭ്യമാക്കണമെന്നും ദയാദാക്ഷിണ്യത്തിന് വിടാൻ കഴിയില്ലെന്നും ഇതിനനുസരിച്ച് മാറേണ്ടവരെല്ലാം മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന 'സി.എം. അറ്റ് കാമ്പസ്' പരിപാടിയിൽ 'നവകേരളം യുവകേരളം; ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സർട്ടിഫിക്കറ്റുകൾ വിദ്യാർഥിയുടെ അവകാശമാണ്. നിശ്ചിതസമയത്ത് ലഭ്യമാക്കുക ഏറ്റവും പ്രധാനമാണ്. കോഴ്‌സ് ആരംഭിക്കൽ, പരീക്ഷ നടത്തൽ, ഫലം പ്രഖ്യാപിക്കൽ, സർട്ടിഫിക്കറ്റ് നൽകൽ എന്നിവയിലൊന്നും കാലതാമസമുണ്ടാകാൻ പാടില്ല. പരീക്ഷകൾ മാറ്റിവയ്ക്കാൻ പാടില്ല. ഇതിനുള്ള ശ്രമം എല്ലാ സർവകലാശാലകളിലും ആരംഭിച്ചുകഴിഞ്ഞു. സർക്കാർ പദ്ധതികളിൽ വിദ്യാർഥികൾക്ക് ഇന്റൺഷിപ്പ് അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളിൽ ഇന്റൺഷിപ്പിന് അവസരമൊരുക്കും. പഠനത്തിനൊപ്പം പാർട്ട് ടൈമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായാണ് പഠനസമയം ഉച്ചവരെയായി ക്രമീകരിച്ചത്. കോവിഡ് സാഹചര്യം മൂലമാണ് ഈ അധ്യയനവർഷം നടപ്പാക്കാൻ കഴിയാതിരുന്നത്. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാകും.

ഭിന്നശേഷി സൗഹൃദമായി സംസ്ഥാനം മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാവണം. ടോയ്‌ലറ്റുകളടക്കം ഭിന്നശേഷിക്കാർക്ക് ഉപയാഗിക്കാൻ കഴിയുന്നതാവണം. ക്രമാനുഗതമായി ഇത് നടപ്പാക്കാനാണ് ആലോചന. ദശാബ്ദങ്ങളായി 22 വർഷംവരെ ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നവരുണ്ട്. അവർ ജോലി ചെയ്യുന്ന തസ്തികകൾ പി.എസ് സി.യ്ക്ക് വിട്ടിട്ടില്ല. അത്തരം സ്ഥലങ്ങളിൽ ജോലി ചെയ്തവരെ പിരിച്ചുവിടുന്നത് മനുഷ്യത്വമുള്ള നടപടിയല്ല. 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന അത്തരം ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനമെടുത്തത്. ഇവർ ഇപ്പോൾ നിയമിതരായവരല്ല. പി.എസ്.സി. നിയമനത്തിന് ഇത് തടസമല്ല. ആ ഗണത്തിൽ വരുന്ന തസ്തികയല്ലത്. ഏറ്റവുമധികം പി.എസ്.സി. നിയമനങ്ങൾ നടന്നത് ഇക്കാലയളവിലാണ്. ഇതിൽ കാലതാമസം വന്നിട്ടില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് ന്യായമായ നിരക്കിലും ഇന്റർനെറ്റ് എത്തിക്കാനുള്ള ആദ്യഘട്ട പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. സിന്തറ്റിക് ട്രാക്കടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിദ്യാർഥികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുള്ള വിദ്യാർഥികൾക്ക് ബിരുദതലത്തിൽ ഒരുലക്ഷം രൂപ വരെ ഒറ്റത്തവണ സഹായം നൽകുമെന്നും ശാസ്ത്രപഠനത്തിലെ മേന്മയ്ക്കായി പ്രതിമാസം ഒരു ലക്ഷം രൂപ വരുന്ന പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എ. ആർക്കിയോളജി ആന്റ് ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളി കുടുംബാംഗമായ പായൽകുമാരിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാലടി ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിനിയാണ് പായൽകുമാരി.

പെൺകുട്ടികളാണ് കൂടുതൽ ആശയങ്ങൾ മുന്നോട്ടുവച്ചത്. വീണജോർജ് എം.എൽ.എ. പരിപാടിയുടെ ഏകോപനം നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസ് എന്നിവർ സംസാരിച്ചു. അശ്വമേധം ഫെയിം ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ 'ഇൻസ്പയർ കേരള' പരിപാടിയും വീഡിയോ പ്രദർശനവും നടന്നു. മഹാത്മാഗാന്ധി, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലകളിൽ നിന്നുള്ള 200 വിദ്യാർഥികളാണ് സംവാദപരിപാടിയിൽ പങ്കെടുത്തത്. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick