Digital Malayali Web Desk May 27, 2023, 04:37 p.m.
നൈജീരിയ തടഞ്ഞുവെച്ച കപ്പലിലെ മൂന്ന് മലയാളികളടക്കം 26 ഇന്ത്യക്കാര്‍ക്കും 9 മാസത്തിന് ശേഷം മോചനം
കൊച്ചി: ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച എംടി ഹീറോയിക് ഇഡു എന്ന എണ്ണ കപ്പല്‍ മോചിപ്പിച്ചു. കപ്പലില്‍ മൂന്ന് മലയാളികളടക്കം 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് ജീവനക്കാരുടെ പാസ്‌പോര്‍ട്ട് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചി സ്വദേശികളായ ചീഫ് ഓഫിസര്‍ ക്യാപ്റ്റൻ സനു ജോസ്, മില്‍ട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വി വിജിത് എന്നിവരാണു കപ്പലിലുള്ള മലയാളികള്‍. ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു നൈജീരിയൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞു വെച്ച കപ്പല്‍ നവംബറിലാണ് നൈജീരിയയ്ക്കു കൈമാറിയത്. ഒൻപത് മാസങ്ങള്‍ക്ക് ശേഷമാണ് കപ്പലിന്റെ മോചനം. കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി കപ്പല്‍ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.
ഓഗസ്റ്റ് എട്ടിന് നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോര്‍ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാനെത്തിയ ഹീറോയിക് ഇഡുൻ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് ഇരയാകുകയായിരുന്നു. ക്രൂഡ് ഓയില്‍ നിറയ്ക്കാനുള്ള സാങ്കേതിക അനുമതി ലഭിക്കാത്തതിനാല്‍ സോണ്‍ വിട്ടു പുറത്തുപോകാൻ നിര്‍ദേശം ലഭിച്ച കപ്പലിനെ രാത്രി അജ്ഞാത കപ്പല്‍ സമീപിച്ചു. നൈജീരിയൻ നാവിക സേനയാണെന്നും കപ്പല്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ തിരിച്ചറിയുന്നതിന് ആവശ്യമായ ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് പ്രവര്‍ത്തിപ്പിക്കാതെയാണു കപ്പല്‍ എത്തിയത് എന്നതിനാല്‍ കടല്‍ക്കൊള്ളക്കാരാണെന്നു ഭയന്നു ഹീറോയിക് ഇഡുൻ ജീവനക്കാര്‍ കപ്പലുമായി അവിടെ നിന്നു നീങ്ങുകയും അപായ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. നൈജീരിയൻ കപ്പല്‍ പിന്തുടര്‍ന്നെങ്കിലും പിൻവാങ്ങി. തുടര്‍ന്ന് ഓഗസ്റ്റ് 14ന് ഗിനി നാവികസേന ഹീറോയിക് ഇഡുൻ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീട് കപ്പല്‍ നൈജീരിയയ്‌ക്ക് കൈമാറി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.