Digital Malayali Web Desk December 03, 2020, 06:50 a.m.
സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കാതെയും ഏകപക്ഷീയമായും ഇതുപോലുള്ള നിയമങ്ങള്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കാതെയും ഏകപക്ഷീയമായും ഇതുപോലുള്ള നിയമങ്ങള്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഈ നിയമങ്ങള്‍ പാസാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും ബാധ്യതയില്ലെന്നും മനോരമ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഈ കരിനിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ നമ്മള് തയ്യാറല്ല എന്ന കാര്യം നേരത്തെ തന്നെ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഉപാധികളില്ലാതെ ലഭിക്കേണ്ട അര്‍ഹമായ ധനസഹായങ്ങള്‍ ലഭിക്കണമെങ്കില്‍ ഈ കരിനിയമങ്ങള്‍ നടപ്പാക്കിയേ തീരൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് നിരന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്നു സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന്, കര്‍ഷകര്‍ക്ക് മുന്പില് വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന ചര്‍ച്ച ചെയ്യാൻ അമിത് ഷാ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായി യോഗം വിളിച്ചിരുന്നു.
കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ പറഞ്ഞത് അമിത് ഷായായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും കാര്യങ്ങള്‍ സംസാരിക്കാനുമുള്ള ചുമതല പിന്നീട് രാജ്നാഥ് സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി കൂടിവരുന്നതും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയായതും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഏത് വിധത്തിലുള്ള പ്രശ്നപരിഹാരത്തിനാവും ഇന്ന് സര്‍ക്കാര്‍ ശ്രമിക്കുകയെന്നത് വ്യക്തമല്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിൻന്മാറില്ലന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു ഉപാധിയും തങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്. സിംഗു-തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും സമരത്തില്‍ അണിനിരന്നിട്ടുണ്ട്. ജനവിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പാക്കിയതില്‍ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ മാപ്പുപറയണമെന്നും നിയമം പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.