Digital Malayali Web Desk December 06, 2022, 12:04 p.m.
പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്ത്യം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.
പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്ത്യം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (A) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നല്‍കേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പ്രതികരിച്ചു.
ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. വിഷാദരോഗത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരി മരുന്ന് നല്കി ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 സാഹചര്യത്തെളിവുകളും 30 സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.