Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോട്ടയം ഡി സി സി പ്രസിഡന്റ് ആരാവും? ഉമ്മൻ ചാണ്ടിയുടെ അപ്രമാദിത്വം അവസാനിക്കുമോ? സിബി ചേനപ്പാടി, യൂജിൻ തോമസ്, ഫിൽസൺ മാത്യൂസ്‌ മുൻഗണനയിൽ

janmabhumi-ad

Digital Malayali Web Desk June 12, 2021, 07:37 p.m.

ക്രൈസ്തവ സഭകളിലെ പ്രാധിനിധ്യമനുസരിച്ചുള്ള നീക്കുപോക്കിൽ ഇത്തവണയും അതിന് മാറ്റം വരാൻ സാധ്യതയില്ല.


കോട്ടയം: തോല്‍വിക്ക് പിന്നാലെ നേതൃമാറ്റം അനിവാര്യമാണെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും നല്ല മാറ്റമായി വിലയിരുത്തപെടുന്നത്. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് നിയമനങ്ങൾക്കു പിന്നാലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനമാണ് എഐസിസി നടപ്പാക്കാന്‍ പോകുന്നത്. ഗ്രൂപ്പ് പരിഗണനയില്ലാതെ പ്രസിഡന്റുമാരെ നിയമിക്കുന്നതും എഐസിസി നേരിട്ട് നിയമിക്കും എന്നതുമാണ് ഏറ്റവും വലിയ പ്രത്യേകത. കോട്ടയത്ത് പ്രസിഡന്റ് നിയമനത്തിന്റെ പ്രാഥമിക പട്ടിക തയ്യാറായിക്കഴിഞ്ഞു. സിബി ചേനപ്പാടി,യൂജിൻ തോമസ് ,ഫിൽസന്‍ മാത്യൂസ്‌, എന്നിവര്‍ക്കാണ് പട്ടികയിൽ മുൻഗണന.

കാലങ്ങളായി കോട്ടയം ജില്ലയില്‍ ഡി സിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനായിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടതോടെ എല്ലാ ഗ്രൂപ്പുകാരും രംഗത്തെത്തിയിരിക്കുകയാണ്. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ ഗ്രൂപ്പുകളി പൂര്‍ണ്ണമായും അവസാനിക്കുകയാണ്. ഇനി പൂര്‍ണ്ണമായും  എഐസിസിയുടെ നിരീക്ഷണം കൂടി ഉള്ളതിനാല്‍ അഭിപ്രായം ആരായുക എന്നതിനപ്പുറം കേരളത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഒതുങ്ങി കൂടേണ്ടി വരും എന്നതും ശ്രദ്ധേയമാണ്. കെപിസിസി നിലപാട് നിർണായകം ഗ്രൂപ്പ് പരിഗണനയില്ലാതെ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നിലപാട്.

കാലങ്ങളായി കത്തോലിക്കാ സമുദായത്തിനാണ് പ്രസിഡണ്ട് പദത്തിൽ മുൻഗണന നല്കി വന്നത്. എം എൻ ഗോവിന്ദൻ നായരും കുര്യൻ ജോയിയും മാത്രമായിരുന്നു മറ്റു മത സമുദായത്തിൽ നിന്ന് പ്രസിഡണ്ടായത്. ക്രൈസ്തവ സഭകളിലെ പ്രാധിനിധ്യമനുസരിച്ചുള്ള നീക്കുപോക്കിൽ ഇത്തവണയും അതിന് മാറ്റം വരാൻ സാധ്യതയില്ല. പ്രത്യേകിച്ച് കേരളാ കോൺഗ്രസ് എം യു ഡി എഫ് വിട്ട് ഇടതു ചേരിയിൽ നില്ക്കുന്ന സാഹചരൃത്തിൽ. ഡി സി സി ജനറൽ സെക്രട്ടറിയും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പ്രമുഖ അഭിഭാഷകന്‍ സിബി ചേനപ്പാടിയാണ് പട്ടികയിൽ മുമ്പിൽ. കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് പരിഗണിച്ച സിബി ,ജോസഫ് വാഴക്കനുവേണ്ടി വഴി മാറുകയായിരുന്നു.എ.ഐ ഗ്രൂപ്പുകൾക്ക് ഒരു പോലെ സ്വീകാര്യനായ ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ യൂജിൻ ഗ്രൂപ്പുകൾക്കതീതമായ നേതൃപാടവമാണ് പ്രകടിപ്പിക്കുന്നത്. 

കത്തോലിക്കാ സമുദായത്തിലുള്ള ഇവരെ കുടാതെ ഇത്തവണ  എ ഗ്രൂപ്പ് പട്ടികയിൽ യാക്കോബായ വിശ്വാസിയായ  കെപിസിസി അംഗം  ഫിൽസന്‍ മാത്യൂസും പരിഗണനയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മണർകാട് ഉൾപ്പെടെയുള്ള അയർക്കുന്നം പഞ്ചായത്തിൽ ഉമ്മൻ ചാണ്ടിക്ക് വോട്ടു ചോർച്ചയുണ്ടായത് സഭാതർക്കത്തിൽ യാക്കോബായ വോട്ടുകൾ ഇടത് പക്ഷത്തേക്ക് ചാഞ്ഞതുകൊണ്ടാണ്. ഇത്തരമാരു സാഹചര്യത്തിൽ യാക്കോബായസമുദായത്തിൽ നിന്നുള്ള ഫിൽസണ് ഡി സി സി പ്രസിഡണ്ട് സ്ഥാനം നല്കി യാക്കോബായ സഭയെ കൂടെ നിർത്തണമെന്ന വാദവും എ ഗ്രൂപ്പിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ എ ഗ്രൂപ്പിലെ മറ്റൊരു വിഭാഗം ഫിൽസണെതിരെ രംഗത്തുണ്ട്.

ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പിൽ ഫിൽസൺ സജീവമല്ലായിരുന്നുവെന്നും ഇടതു സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നുവെന്നും ഇവർ ആരോപിക്കുന്നുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സിബി ചേനപ്പാടിയും, യൂജിന്‍ തോമസിനും പുറമേ ജോസി സെബാസ്റ്റ്യൻ, ഫിലിപ്പ് ജോസഫ് എന്നിവർ ഐ ഗ്രൂപ്പ് നോമിനികളായി രംഗത്തുണ്ടങ്കിലും ആര്‍ക്കാവും കൂടുതല്‍ സാധ്യത എന്നതും ചര്‍ച്ചാവിഷയമാണ്. പ്രവർത്തന മികവ്, സംഘാടന ശേഷി, പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിലെ സ്വീകാര്യത എന്നിവ അടിസ്ഥാനമാക്കിയാകണം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതെന്ന് എഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കഴിഞ്ഞാൽ കോൺഗ്രസിൽ പിന്നെ ഏറ്റവും നിർണായകമായ തസ്തികയാകണം ഡിസിസി പ്രസിഡന്റിന്റേതെന്നും നിര്‍ദ്ദേശമുണ്ട്.

ഇത്രയും കാലം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം കോട്ടയത്ത് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ മുഖവിലക്ക് എടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ജില്ലയിലെ പ്രമുഖ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും എ ഗ്രൂപ്പിൽ നിന്ന് അകന്ന് കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തോട് അദ്ദേഹം വിയോജിച്ചാൽ ഡി സി സി പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കോട്ടയത്ത് കീറാമുട്ടിയാകും.ഡിസിസി പ്രസിഡന്റ്മാരുടെ കഴിവുകേടും തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. പ്രത്യേകിച്ചും കോണ്‍ഗ്രസ് കോട്ടയായ കോട്ടയത്ത് ഉണ്ടായ തിരിച്ചടി പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. അതുകൊണ്ട് തന്നെ പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ നല്ല കഴിവുള്ള നേതാവിനെത്തന്നെ കോട്ടയത്ത് പ്രസിഡന്റ് ആയി നിയമിക്കാന്‍ നേതൃത്വം പ്രത്യേക പരിഗണന നല്‍കുമെന്നാണ് സൂചന.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick