Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആര്‍.എം.പിക്കായാലും കോണ്‍ഗ്രസിനായാലും സി.പി.എം പരാജയപ്പെടുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം, സി.പി.എംമ്മിന്റേത് ജീര്‍ണിച്ച രാഷ്ട്രീയ സംസ്കാരം; കെ.കെ. രമ

janmabhumi-ad

Digital Malayali Web Desk December 04, 2020, 12:58 p.m.

ഇടതുപക്ഷ ബദല്‍ രാഷ്ട്രീയം വളര്‍ന്നു വരണമെന്നും നിലവിലുള്ള ഇടതുപക്ഷം യഥാര്‍ത്ഥ ഇടതുപക്ഷമല്ലെന്നുമാണ് അന്നും ഇന്നും ഞങ്ങള്‍ പറയുന്നത്.


കണ്ണൂര്‍: ആര്‍.എം.പിക്കായാലും കോണ്‍ഗ്രസിനായാലും സി.പി.എം പരാജയപ്പെടുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. രമ. കേരളകൗമുദി ഫ്ളാഷിന് അനുവദിച്ച അഭിമുഖത്തിലാണ് രമയുടെ പ്രതികരണം. ഒഞ്ചിയത്ത് ആര്‍.എം.പി. മുന്നേറ്റം ശക്തിപ്പെടുത്തുകയാണ്. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് എന്നീ നാല് സ്ഥലങ്ങളില്‍ ജനകീയ മുന്നണിയായാണ് മത്സരിക്കുന്നത്. സി.പി.എം ശക്തി കേന്ദ്രമായ ഈ നാല് പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് നല്ല മുന്നേറ്റമുണ്ടാകുന്നതോടെ എല്‍.ഡി.എഫ് അധികാരത്തില്‍ നിന്ന് പുറത്ത് പോകുമെന്നും രമ പറഞ്ഞു.

നിലവില്‍ ആര്‍.എം.പി. ചില സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. അതുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആര്‍.എം.പിക്കായാലും കോണ്‍ഗ്രസിനായാലും സി.പി.എം പരാജയപ്പെടുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. കോഴിക്കോട് വലിയങ്ങാടി ഡിവിഷനില്‍ ആര്‍.എം.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷുഹൈബിനെ കോണ്‍ഗ്രസ് പിന്തുണക്കേണ്ടിയിരുന്നു. യു.എ.പി.എ കേസില്‍ പ്രതിചേര്‍ത്ത അലന്റെ പിതാവാണ് ഷുഹൈബ്. അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ കൂടി ആവശ്യമാണെന്ന നിലയില്‍ കാണണമായിരുന്നു. അതു കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതുപോലുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ച വേണ്ടതായിരുന്നു. രണ്ട് പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ രാഷ്ട്രീയം പറയണമെങ്കില്‍ ഇവിടുത്തെ ഇടതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കണം. ഒരു പൊതു വിഷയത്തില്‍ മാത്രമാണ് തങ്ങള്‍ ഒന്നിച്ചതെന്നും ഇത് ഒരു അടവുനയം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വടകര ബ്ളോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും രമ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സി.എം.പി, കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമാണ്. ആര്‍.എം.പി.യ്ക്ക് അതില്‍ ആശങ്കയില്ല. കോണ്‍ഗ്രസിലെ പ്രശ്നം അവര്‍ തന്നെ മുന്‍കൈയെടുത്ത് പരിഹരിച്ചതില്‍ സന്തോഷമുണ്ട്. ആര്‍.എം.പി. യു.ഡി.എഫ് മുന്നണിയുടെ ഭാഗമല്ല. പരസ്പര ധാരണയില്‍ മത്സരിക്കാമെന്ന് തീരുമാനിച്ചുവെന്ന് മാത്രം. ഒഞ്ചിയത്തെ സി.പി.എമ്മിന്റെ ഫാസിസ്റ്റ്, അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് ഒഞ്ചിയത്ത് എടുത്തേ മതിയാകുവെന്നതുകൊണ്ടാണ് അത്തരം ജനാധിപത്യ ശക്തികളുമായി ഒരു ഒത്തുചേരല്‍ നടത്താന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിനോട് ആഭിമുഖ്യമുള്ളവരല്ല തങ്ങളെന്നും രമ വ്യക്തമാക്കി. ഇടതുപക്ഷ ബദല്‍ രാഷ്ട്രീയം വളര്‍ന്നു വരണമെന്നും നിലവിലുള്ള ഇടതുപക്ഷം യഥാര്‍ത്ഥ ഇടതുപക്ഷമല്ലെന്നുമാണ് അന്നും ഇന്നും ഞങ്ങള്‍ പറയുന്നത്. ആ വാദഗതി ഇന്ന് ശക്തിപ്പെടുകയാണ്. അത്തരം ജീര്‍ണിച്ച രാഷ്ട്രീയ സംസ്കാരവുമായാണ് സി.പി.എം ഇന്ന് മുന്നോട്ട് പോകുന്നത്. മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത് തുടങ്ങി പാര്‍ട്ടിയുടെ നയങ്ങളില്‍ വലിയ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

സാധാരണക്കാരനോടൊപ്പം നില്‍ക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാകണം. ഡല്‍ഹിയിലെ കര്‍ഷക മുന്നേറ്റമൊക്കെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അത്തരത്തിലുള്ള ജനകീയ മുന്നേറ്റമാണ് ഇനി വരാന്‍ പോകുന്നത്. ഇവിടെ ‌ഞങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. സ്ഥാനാര്‍ത്ഥികളുടെ വീടിന് നേരെ കല്ലേറ്, പ്രവര്‍ത്തകരെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങി നിരവധി അനിഷ്ട സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഞങ്ങളെ കൊല്ലാന്‍ കാത്തിരിക്കുന്നവരാണ് അവര്‍. എങ്കിലും  വലിയ ജന പിന്തുണയാണ് പ്രചാരണത്തിനിടയില്‍ ലഭിക്കുന്നതെന്നും  നിലവില്‍ വലിയ വിജയപ്രതീക്ഷ ആര്‍.എം.പിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick