Digital Malayali Web Desk April 30, 2021, 06:29 p.m.
തുടര്‍ഭരണം എന്ന് കേള്‍ക്കുമ്പോള്‍ ഇടതുമുന്നണിയുടെ ചങ്കിടിപ്പ് വര്‍ദ്ധിച്ചുവെന്നു പറഞ്ഞാലും അത് അതിശയോക്തി ആകില്ല. ഭരണ തുടര്‍ച്ചയാണെങ്കില്‍ കേരളം കാണാന്‍ പോകുന്നത് വളരെ വ്യത്യസ്തമായ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ ആയിരിക്കും
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫങ്ങൾ എല്ലാം തന്നെ എൽ ഡി എഫിൻ്റെ ഭരണത്തുടർച്ചയാണ് ആവർത്തിക്കുന്നത് . യു ഡി എഫിന് വളരെ കുറഞ്ഞ സീറ്റാണ് മിക്ക പ്രവചനങ്ങളിലും. എന്നാല്‍ സര്‍വേകള്‍ വെറും അഭിപ്രായങ്ങള്‍ മാത്രമാണെന്നും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസിന്റെ റിപ്പോർട്ട് മാത്രമാണ് യു.ഡി.എഫിന് നേരിയ ആശ്വാസം പകരുന്നത്. ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പിയും എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളുന്നു. ഭരണ തുടര്‍ച്ചയാണെങ്കില്‍ കേരളം കാണാന്‍ പോകുന്നത് വളരെ വ്യത്യസ്തമായ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ ആയിരിക്കും എന്നതാണ് സത്യം.
എന്തായാലും പ്രവചനം പോലെ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ച ഉണ്ടായാലും അവരെ കാത്തിരിക്കുന്നത് വളരെ വലിയ പ്രതിസന്ധികളാണെന്നാണ് പ്രധാന വിലയിരുത്തല്‍. കാരണം കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെ കടക്കെണിയില്‍ മുങ്ങി നില്ക്കുന്ന കേരളത്തെ കരകയറ്റുക എന്നത് ഏതു ഭരണപക്ഷം വന്നാലും വലിയ ബാധ്യതയാണ്. കിഫ്ബിയുടെ കടബാധ്യത എടുത്തുപറയേണ്ടത് തന്നെ. തുടര്‍ഭരണം എന്ന് കേള്‍ക്കുമ്പോള്‍ ഇടതുമുന്നണിയുടെ ചങ്കിടിപ്പ് വര്‍ദ്ധിച്ചുവെന്നു പറഞ്ഞാലും അത് അതിശയോക്തി ആകില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ നടത്തിയ വാഗ്ദാനങ്ങളും ചെറുതല്ല. വാര്‍ദ്ധക്യ ക്ഷേമ പെന്ഷന് ഉദ്ദാഹരണം മാത്രം. വര്‍ദ്ധിപ്പിച്ച തുകകള്‍ ഇനിയും കണ്ടെത്തുക എന്നത് വലിയ ബാധ്യത തന്നെയാണ്. സാമ്പത്തിക അടിയന്തിരാവസ്ഥയായിരിക്കും പ്രധാനമായും നേരിടേണ്ടി വരിക.
സാമ്പത്തിക മാന്ദ്യത്തെക്കാള്‍ രാഷ്ട്രീയ പ്രതിസന്ധികളും എല്‍ ഡി എഫ് ഭാവിയില്‍ നേരിടേണ്ടി വരും. കാരണം ഇത്തവണ യുഡിഎഫ് കരകയറിയില്ലെങ്കില്‍ കേരളത്തില്‍ മുന്നണിയുടെ രാഷ്ട്രീയ ഭാവിതന്നെ അവതാളത്തില്‍ ആയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്‍പ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ വരുമ്പോള്‍ ബിജെപിക്ക് നിഷ്പ്രയാസം കയറിപ്പറ്റാനുള്ള ഒരു വേദികൂടിയാകും കേരളം. ബിജെപി ഭരണം കയ്യടക്കിയാല്‍ പിന്നെ എല്‍ ഡി എഫിനും മുന്നോട്ടു ചിന്തിക്കേണ്ടി വരില്ല . ഇന്ത്യയില്‍ മോദിയുടെ തുടര്‍ഭരണം പോലെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ബിജെപിക്ക് നിഷ്പ്രയാസം സാധിക്കും എന്നാണ് വിലയിരുത്തല്‍. അതോടെ തുടര്‍ച്ചയായി ഒരുമുന്നണിയുടെ മാത്രം കീഴില്‍ ആവും കേരളം എന്നതും തള്ളിക്കളയാനാവില്ല.
തോല്‍വി നേരിട്ടാല്‍ യുഡിഎഫ് നേരിടേണ്ടി വരുന്നതും ചെറിയ പ്രതിസന്ധി ആയിരിക്കില്ല. തിരിച്ചുവരവില്ലാതെ ചിന്നിച്ചിതറിയ മുന്നണിയാകാനായിരിക്കും യുഡിഎഫിന്റെ വിധിയെന്നും സംസാരം ഉയരുന്നു. കാരണം യുഡിഎഫിലെ വലിയ കക്ഷിയായ മുസ്ലിം ലീഗ് നല്ലരീതിയില്‍ സീറ്റുകള്‍ നേടുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ലീഗ് കെട്ടുറപ്പുള്ള കക്ഷിയായി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ സ്വാഭാവികമായും ലീഗ് ഇടതുമുന്നണിയോട് ചേരുമെന്നാണ് സൂചന. യുഡിഎഫ് തോറ്റാല്‍ ലീഗിന് തങ്ങളുടെ നിലനില്‍പ്പ് നോക്കാതിരിക്കാനാവില്ല.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല. ഇപ്പോള്‍ തന്നെ ജോസഫില്‍ ഇടഞ്ഞു വില്‍ക്കുന്ന നല്ലൊരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പിലുണ്ട്. ഇവരെല്ലാം തന്നെ ജോസ് വിഭാഗത്തിലേക്ക് തിരിയും. അതോടെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഊഹിക്കാവുന്നത് തന്നെ. അങ്ങനെ ജോസ് വിഭാഗം മുന്നണിയില്‍ ഒരു വലിയ കക്ഷിയാകും. ഒരു പക്ഷെ കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ എന്തായിരുന്നോ അതുപോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കക്ഷിയായി ജോസ് വിഭാഗം മാറിയേക്കാം. ബാർ കോഴക്കേസിൽ കെ എം മാണിയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയവർ തിരിച്ചടിയേല്‍ക്കുന്നത് കാലത്തിന്റെ കാവ്യനീതി തന്നെയാകും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.