Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നേടുമോ? വീഴുമോ? കേരള കോണ്‍ഗ്രസുകള്‍ക്ക് ഇത് അഭിമാനപ്രശ്നം; സീറ്റുകള്‍ ഉറപ്പിച്ച് കരുത്തുതെളിയിക്കാന്‍ കാത്ത് ജോസും ജോസഫും

janmabhumi-ad

Digital Malayali Web Desk April 08, 2021, 05:24 p.m.

അതിരൂപതയും എൻ എസ് എസും എങ്ങോട്ടു ചാഞ്ഞു എന്നത് ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.


കോട്ടയം: യുഡിഎഫിലും എല്‍ ഡി എഫിലുമായി നിലയുറപ്പിച്ചിരിക്കുന്ന കേരള കോണ്‍ഗ്രസുകള്‍ക്ക് ഈ തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ പ്രശ്നം മാത്രമല്ല. അഭിമാന പ്രശ്നം കൂടിയാണ്. എങ്ങനെയും വിജയം നേടി തങ്ങളുടെ ഭാഗം ഉറപ്പിക്കുക എന്നതുകൊണ്ട്‌ തന്നെ കേരള കോണ്‍ഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ അതിശക്തമായ മത്സരം തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ആരു നേടും എന്നത് പ്രവചനാതീതമായതുകൊണ്ട് തന്നെ കൂട്ടലും കിഴിക്കലും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് സ്വയം ആശ്വസിക്കുകയേ മെയ്‌ 2ന് ഫലം വരുന്നത് വരെ ഇരുകൂട്ടര്‍ക്കും വഴിയുള്ളൂ.

തൊടുപുഴയും ഇടുക്കിയും കൂടാതെ കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും ഉള്‍പ്പെടെ 4 മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്ക്‌ നേര്‍ മത്സരിക്കുന്നത് . മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന ഉറപ്പിലാണ് രണ്ടു കൂട്ടരും.

കഴിഞ്ഞ തവണ പിളര്‍പ്പിന് മുമ്പ് യുഡിഎഫില്‍ ആയിരുന്നപ്പോള്‍ 15 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മത്സരം. ഇത്തവണ രണ്ട് മുന്നണികളില്‍ നിന്നുമായി 22 സീറ്റുകളില്‍ മത്സരിക്കുന്നു. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം 12 സീറ്റിലാണ് മത്സരിക്കുന്നത്. നേരത്തെ 13 സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്നെങ്കിലും കുറ്റ്യാടി പിന്നീട് സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്ന പ്രാദേശിക വികാരം കണക്കിലെടുത്ത് അവര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. പിജെ ജോസഫ് വിഭാഗം യുഡിഎഫില്‍ 10 സീറ്റിലും മത്സരിക്കുന്നു.

പിളര്‍പ്പിന് ശേഷമുള്ള അതിശക്തമായ മത്സരം എന്ന നിലയില്‍ പാലായില്‍ ശക്തി തെളിയിക്കേണ്ടത് ജോസ് കെ മാണിയുടെ ഉത്തരവാദിത്തവും അഭിമാന പ്രശ്നവുമാണ്. നിലവില്‍ എം എല്‍ എ ആയ മാണി സി കാപ്പനെതിരെ വന്‍വിജയം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ജോസ് കെ മാണി. മാണി പുത്രന്‍ എന്നനിലയിലും പാലായിലെ കത്തോലിക്കാ സഭയുടേത് ഉള്‍പ്പെടെയുള്ള വോട്ടുകളും ഇടതുപക്ഷ വോട്ടുകളും തുണയാകുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ജോസ്.

തൊടുപുഴയില്‍ ജോസഫിന്‍റെ കാര്യവും വ്യത്യസ്തമല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ ജയിച്ചതെങ്കിലും ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിലെ കെഐ ആന്‍റണി എതിര്‍ സ്ഥാനാര്‍ഥി ആയതിനാല്‍ ഇവിടെയും മത്സരം ശക്തിപ്പെട്ടു എന്ന് പറയാം. എങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ജോസഫിന് സംശയമില്ല .

പാലായേക്കാള്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഉള്ള മണ്ഡലമായ കടുത്തുരുത്തിയില്‍ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫും കേരള കോണ്‍ഗ്രസ് എമ്മിലെ സ്റ്റീഫന്‍ ജോര്‍ജും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു എന്നതില്‍ സംശയമില്ല. ഇരുവരും ഇത് നാലാം തവണയാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഓരോ തവണയും മുന്നണി മാറിയുള്ള മത്സരമായിരുന്നു എന്നത് മാത്രമാണ് പ്രത്യേകത. മോന്‍സ് നിലവില്‍ കടുത്തുരുത്തി എം എല്‍ എ ആണെങ്കിലും  ആദ്യ മത്സരത്തില്‍ മോന്‍സിനെ പരാജയപ്പെടുത്തി വിജയം നേടിയ സ്റ്റീഫന്‍ ജോര്‍ജിന് ഇത്തവണയും പ്രതീക്ഷക്ക് വകയുണ്ട്. ക്നാനായ വോട്ടുകള്‍ ഉള്‍പ്പെടെ  കേരള കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നല്ലൊരുശതമാനവും സ്റ്റീഫന്‍ പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിക്കുമ്പോള്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വലിയ മേല്‍കൈ ആണ് ഉള്ളത്.

ചങ്ങനാശ്ശേരിയില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നെങ്കിലും ഫലം പ്രവചനാതീതമെന്നാണ് പൊതുവേ വിലയിരുത്തല്‍. അതിരൂപതയും എൻ എസ് സും എങ്ങോട്ടു ചാഞ്ഞു എന്നത് ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഇരു മുന്നണിയും അവകാശവാദമുന്നയിക്കുന്നു. ജോബ് മൈക്കിൾ വിജയം പ്രതീക്ഷിച്ചു മുന്നിൽ തന്നെയാണ്.

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഫ്രാന്‍സിസ് ജോര്‍ജും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ റോഷി യുഡിഎഫിലും ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലുമായി നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ വിജയം റോഷി അഗസ്റ്റിനായിരുന്നു. ഇത്തവണയും ആ പ്രതീക്ഷയില്‍ തന്നെയാണ് റോഷിയും ഇടതുമുന്നണിയും.

എല്‍ഡിഎഫിലേക്ക് വന്നതിന് പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ ജോസ് കെ മാണി വിഭാഗത്തിന് സാധിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും അതേ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എതിര്‍പ്പുകള്‍ ഉണ്ടാക്കിയ പിറവത്തെ വിജയവും സിപി ഐ യുടെ കൈവശമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ വിജയവും  ജോസ് കെ മാണി വിഭാഗത്തിന് പ്രധാനമാണ്.കാഞ്ഞിരപ്പള്ളിയിലെ സി പി ഐവോട്ടുകൾ ചോർന്നുവെന്ന്  ഐഗ്രൂപ്പ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ജയരാജ് തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick