Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പതിനഞ്ചു വർഷത്തിനുള്ളിൽ കേരളം ഒറ്റ നഗരമായി മാറും.

janmabhumi-ad

Digital Malayali Web Desk June 05, 2021, 11:39 p.m.

പ്രകൃതിയുടെ ഭാഷയും രോദനവും കലഹവുമെല്ലാം നാം തിരിച്ചറിയാതെ പോകുമ്പോഴാണ് അത് ചിലപ്പോൾ നമുക്കെതിരെ പ്രതികരിക്കുന്നത്


റിയാദ്: നാഗരികരും ഗ്രാമീണരും തമ്മിലുള്ള വൈജാത്യങ്ങൾ നേർത്തുവരികയാണെന്നും കോൺക്രീറ്റ് കാടുകൾ തഴച്ചു വളർന്നു പതിനഞ്ചു വർഷത്തിനകം കേരളം ഒറ്റ നഗരമായി മാറുമെന്നും പ്രശസ്ത കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ പറഞ്ഞു. പരിസ്ഥിതി സ്നേഹവും ആചരണവുമെല്ലാം വഴിപാടുകളായി മാറി, പാരിസ്ഥിതിക പഠനങ്ങൾ കേവലം അക്കാദമിക വിഷയങ്ങളായി മാത്രം നിലനിൽക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.' പ്രവാസി സാംസ്കാരിക വേദി' റിയാദ് ഘടകം പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'പ്രവാസി പച്ചപ്പ്' കാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രകൃതിയുടെ ഭാഷയും രോദനവും കലഹവുമെല്ലാം നാം തിരിച്ചറിയാതെ പോകുമ്പോഴാണ് അത് ചിലപ്പോൾ നമുക്കെതിരെ പ്രതികരിക്കുന്നത്. പേമാരിയെന്നും സുനാമിയെന്നും കോവിഡെന്നുമൊക്കെ നാമതിനെ സൗകര്യം പോലെ വിളിക്കുന്നു. ഇന്ന് ഞാറ്റുവേലകളില്ല, ന്യൂനമദ്ദമേയുള്ളൂ. നമ്മുടെ കലണ്ടറുകൾ, ആവാസവ്യവസ്ഥകൾ എല്ലാം പ്രകൃതി റദ്ദു ചെയ്തിരിക്കുന്നു. അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തികൾ, ജൈവമണ്ഡലത്തെ വിസ്മരിക്കുന്ന വികസനങ്ങൾ എന്നിവയാണതിന് കാരണം.

സൈലന്റ് വാലി, മാവൂർ ഗോളിയോർ റയോൺസ്, എൻഡോസൾഫാൻ, പ്ലാച്ചിമട തുടങ്ങി പാരിസ്ഥിതിക വിഷയങ്ങളിൽ നാം നടത്തിയ പോരാട്ടത്തിന്റെ ചരിത്രം ഓർക്കുകയും ഈ ഭൂമി മറ്റ് ജീവജാലങ്ങൾക്ക് കൂടി  അവകാശപ്പെട്ടതാണെന്നുള്ള ചിന്ത നമ്മെ നയിക്കുകയും വേണം'. അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ മരണവും രോഗാതുരതയും വർധിപ്പിക്കുന്നതിലെ പ്രധാനഘടകം ഭക്ഷ്യവിഷബാധയാണ്.  യാതൊരു പരിശോധനയുമില്ലാതെയാണ് പഴങ്ങളും പച്ചക്കറികളും അതിർത്തി കടന്ന് കേരളത്തിലെത്തുന്നത്. നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ തകർക്കുന്നതാണ് വഴിയോരങ്ങളിൽ തഴച്ചുവളരുന്ന ഹോട്ടലുകൾ. ഇന്ന് 'രുചി'യാണ് പ്രധാനം, ആരോഗ്യത്തെ കുറിച്ച ബോധമോ വിചാരമോ ഇല്ല'. കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും കൽപറ്റ നാരായണൻ കേരളത്തിന്റെ വർത്തമാന പരിസ്ഥിതി വിചാരങ്ങൾ പങ്കുവെച്ചു.

പ്രവാസി സാംസ്കാരിക വേദി പ്രസിഡന്റ് സാജു ജോർജ്ജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി അസീസ് എ.കെ കാമ്പയിൻ വിശദീകരണം നടത്തി. അമ്മു എസ് പ്രസാദ്, ബരിഷ് ചെമ്പകശ്ശേരി എന്നിവർ കവിതകളാലപിച്ചു. സി.സി അംഗങ്ങളായ അഡ്വ.റെജി സ്വാഗതവും ജാസ്മിൻ അഷ്‌റഫ് നന്ദിയും പറഞ്ഞു. നൈസി സജ്ജാദ് അവതാരകയായിരുന്നു.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick