Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureആ പ്രാകൃത കാലം പിന്നെയും എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണോ? കയറൂരി വിട്ടാൽ ഈ ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക; എസ്.എഫ്.ഐക്കെതിരെ വിമര്‍ശനവുമായി ജനയുഗം

janmabhumi-ad

Digital Malayali Web Desk October 25, 2021, 03:54 p.m.

എസ്എഫ്ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി


തിരുവനന്തപുരം: എംജി സർവകലാശാലയിൽ ഉണ്ടായ എസ്എഫ്ഐ എഐഎസ്എഫ് സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷപ്രതികരണവുമായി സിപിഐ മുഖപത്രമായ ജനയുഗം.നായ്‌ക്കള്‍ കലണ്ടര്‍ നോക്കാറില്ല എന്ന തലെക്കട്ടിലാണ്‌ ലേഖനം.  എസ്എഫ്ഐയെ ഇങ്ങനെ കയറൂരി വിട്ടാൽ ഈ ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ സ്വാഭാവിക പരിണതിയെന്ന നിലയിൽ ബിജെപി അടക്കമുള്ള ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്ന് എഡിറ്റ് പേജിൽ ദേവിക എഴുതിയ വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിൽ പറയുന്നു. അവസാനിച്ചു എന്ന് കരുതുന്ന മനുവാദകാലം എസ്എഫ്ഐയിലൂടെ പുനരവതരിക്കുകയാണെന്നും ലേഖനം പറയുന്നു.  

"എസ്എഫ്ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ലോക്‌സഭാംഗവുമായ എ പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് ബിജെപിയിലാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാരും എസ്എഫ്ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കില്‍ അഹമ്മദ് ഖാനും ബിട്ടലാല്‍ ബറുവയും സയ്യിദ് നാസര്‍ഹുസൈനും ഇപ്പോള്‍ ബിജെപിയിലും കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലുമാണ്. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക. 

രണ്ടു വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍ മാനസികരോഗമുള്ള ചില എസ്എഫ്ഐ നേതാക്കള്‍ തങ്ങളുടെ ഒരു സഖാവിന്റെ ഇടനെഞ്ചിലാണ് കഠാര കയറ്റിയത്. ഈ കുത്തുകേസിലെ പ്രതികള്‍ തന്നെയായിരുന്നു പരീക്ഷാ തട്ടിപ്പിലേയും പിഎസ്‌സി തട്ടിപ്പിലേയും പ്രതികള്‍. ക്രിമിനല്‍ കേസുകളുടെ എണ്ണം തികച്ച് യുവജനസംഘടനാ നേതൃത്വത്തിലേക്ക് പ്രൊമോഷന്‍ നേടാനുള്ള തത്രപ്പാടായിരുന്നു ഇത്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ ബഹുജന മധ്യത്തില്‍ രോഷാഗ്നിയായി പടര്‍ന്നതോടെ കാമ്പസുകളിലെ എസ്എഫ്ഐ അതിക്രമങ്ങള്‍ക്ക് തെല്ലൊരു അറുതിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം എംജി യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരിക്കുന്നു. കൂടെ നിന്നു പൊരുതേണ്ട എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജ് നേതാവിനെ കഴുത്തോളം പൊങ്ങി ചവിട്ടുന്ന എസ്എഫ്ഐക്കാരന്‍.

 എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നൽകിയത് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണും എസ്എഫ്ഐ നേതാവായ ആര്‍ഷോയും. നിമിഷയെ എസ്എഫ്ഐക്കാര്‍ പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരില്‍, ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും.  കവി കുമാരാനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കാലത്ത് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു മൃതദേഹങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ദലിതര്‍ക്ക് മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, മുലക്കരം നല്‍കണമായിരുന്ന, ഉന്നതകുല ജാതിയില്‍പ്പെട്ട ആഢ്യന്മാരില്‍ നിന്നും അവര്‍ണര്‍ ഗര്‍ഭം ധരിച്ചുകൊള്ളണമെന്ന് തുടങ്ങിയ പ്രാകൃത നാട്ടുനടപ്പു നടന്ന കാലമായിരുന്നു അത്. മനുവാദത്തിന്‍റെ അവസാനകാലം. 

പക്ഷേ ആ കാലം പിന്നെയും എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണോ എന്നു ലേഖനത്തില്‍ ചോദിക്കുന്നു. നവോത്ഥാനത്തിന്‍റെ വനിതാ വന്‍മതില്‍ തീര്‍ത്ത കേരളത്തില്‍ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകള്‍.."എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick