Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സിപിഐയ്ക്ക് സ്ഥാനം നഷ്ടമാകുമെന്ന ഭയം; ജോസ് കെ മാണി ജനകീയത തെളിയിച്ച നേതാവ്, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവയ്ക്കുന്നത് പാപ്പരത്തം; സിപിഐക്കെതിരെ കേരളാ കോണ്ഗ്രസ്

janmabhumi-ad

Digital Malayali Web Desk September 14, 2021, 06:38 p.m.

ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുകയും ചെയ്യുന്നത് തികച്ചും പാപ്പരത്തമാണ്


കോട്ടയം: കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തുന്നതില്‍ സിപിഐക്കുണ്ടായിരുന്ന നീരസം തെരഞ്ഞെടുപ്പു ഫലത്തോടെയാണ് പ്രകടമായി തുടങ്ങിയത് എന്നതിന് തെളിവാണ്  സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജോസ് കെ. മാണിയുടെ വരവ് പ്രതീക്ഷയ്ക്കനുസരിച്ച്‌ എല്‍.ഡി.എഫിന് ഗുണംചെയ്തില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശം. മാത്രമല്ല  കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വിജയം ഒന്നാം സര്‍ക്കാരിന്റെ വിജയമാണെന്ന ധ്വനിയാണെന്നായിരുന്നു  സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരളാ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണെന്നും കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും ഇടത് മുന്നണിക്ക് വിജയിക്കാനായതെന്നും കേരളാ കോണ്‍ഗ്രസ് പറയുന്നു. 

'പരാമര്‍ശങ്ങള്‍ സി.പി.ഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ സി.പി.ഐയുടേതല്ലെങ്കില്‍ അത് നിഷേധിക്കാനുള്ള ബാധ്യത സി.പി.ഐ നേതൃത്വത്തിനുണ്ട്. ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പല തെരഞ്ഞെടുപ്പുകളിലും തോറ്റവരാണ്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം അറിയണമെങ്കില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി. കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിച്ച സീറ്റുകളില്‍ സ്വാധീനം കുറവുള്ള പാര്‍ട്ടിയായ സി.പി.ഐയുടെ വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചോ എന്ന് സി.പി.ഐ നേതൃത്വം അന്വേഷിക്കണം.

പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവയ്ക്കുന്നത് പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് (എം) വിമര്‍ശിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതിയിലാണ് സിപിഐക്ക് വിമര്‍ശനം.

മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍   ജനകീയ അടിത്തറ ഇല്ലാത്തവരാരായതുകൊണ്ടാണോ പരാജയപ്പെട്ടത്? കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സാനിധ്യം കൊണ്ട് അടുത്തനാളുകളിലൊന്നും ഇടതുമുന്നണി വിജയിക്കാത്ത സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിച്ചു എന്ന് സി.പി.ഐ മനസ്സിലാക്കണം. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുന്നത് തികച്ചും പാപ്പരത്തമാണ്. രാഷ്ട്രീയ അടിത്തറയുള്ള പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സ് (എം) ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നപ്പോള്‍ തങ്ങളുടെ സ്ഥാനം നഷ്ടമാകുമെന്ന തെറ്റായ ഭയമാണ് ഇത്തരം പ്രസ്താവനക്ക് പിന്നിലുള്ളതെന്നും, കേരളാ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

സിപിഐയുടെ വിമര്‍ശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സിപിഐക്ക് കേരള കോൺഗ്രസിനോടുള്ള  സമീപനം  യുഡിഎഫിൽ ഉള്ള കാലത്ത്  ഉണ്ടായിരുന്നത് പോലെയെന്ന്‍  സ്റ്റീഫൻ ജോർജും തുറന്നടിച്ചു. ജോസ് കെ മാണി ജനകീയത തെളിയിച്ചിട്ടുള്ള നേതാവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ വോട്ട് ഇരട്ടി ആവുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകളുടെ പ്രധാന കാരണക്കാര്‍ കേരള കോണ്‍ഗ്രസ് ആയാതിനാല്‍ തുടക്കം മുതല്‍ത്തന്നെ സിപിഐ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയില്‍ തങ്ങള്‍ക്കുണ്ടായ ആധിപത്യത്തിന് കോട്ടം സംഭാവിച്ചതില്‍ ഉണ്ടായ അതൃപ്തിയാണ് സിപി ഐയുടെ റിപ്പോര്‍ട്ടിന് പിന്നിലുള്ളത്. സിപി ഐ ക്ക് കേരള കോണ്‍ഗ്രസിനെ ഇപ്പോഴും ഉള്‍ക്കൊള്ളാനാവത്തത്തിന്റെ അമര്‍ഷമാണ്‌ റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നത്.

റിപ്പോര്‍ട്ടില്‍ ജോസ് കെ മാണിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനമുണ്ടായിരുന്നു. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നുമായിരുന്നു വിമര്‍ശനം. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

സിപിഐ ദേശീയ ജനറൽ സെക്രട്ടറിയെ കാനം വിമർശിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കാനത്തിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ജനറൽ സെക്രട്ടറിക്കെതിരേയുള്ള കാനത്തിന്റെ പരാമർശങ്ങളിൽ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick