Digital Malayali Web Desk June 30, 2022, 07:03 p.m.
ഉദ്ദവ് സർക്കാരിനെ അട്ടിമറിച്ചതിന് കൃത്യമായ പ്രത്യുപകാരം; മന്ത്രിസഭയുടെയോ സര്‍ക്കാരിന്റെയോ ഭാഗമാകാതെ ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ഫട്നാവിസ്, രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്
മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് ആണ് അരങ്ങേറിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫട്നാവിസില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുമെന്ന് ഫട്നാവിസ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. എംവിഎ സര്‍ക്കാരിനെ അട്ടിമറിച്ചതിന് കൃത്യമായ പ്രത്യുപകാരമാണ് ഷിന്‍ഡെയ്ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ മന്ത്രിസഭയുടെയോ സര്‍ക്കാരിന്റെയോ ഭാഗമാകാനില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചിട്ടും മഹാരാഷ്ട്രയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല. ഉദ്ദവിന്റെ എതിരാളിയായ ഷിന്‍ഡേയെ മുഖ്യമന്ത്രി പദവിലേത്തിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ് ഷിൻഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു.1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.
ഷിന്‍ഡെയും ഫട്നാവിസും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. എന്നാല്‍ അവസാന നിമിഷം വീണ്ടും കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. മുഖ്യമന്ത്രിയാവാനുള്ള തീരുമാനം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം വികസനവും കൂടി ചേര്‍ന്നതാണ് തങ്ങളുടെ നയമെന്നും ഷിന്‍ഡെ പറഞ്ഞു. ദേവേന്ദ്ര ഫട്നാവിസിന് ഈ അവസരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് ഷിന്‍ഡെ. തന്റെ മനസ്സ് നിറഞ്ഞു. അദ്ദേഹത്തിന് വലിയ മനസ്സാണ് ഉള്ളത്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും ഷിന്‍ഡെ വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ എന്താണ് സംഭവിച്ചതെന്ന് ദേവേന്ദ്ര ഫട്നാവിസ് തന്നെ വിവരിച്ച് കഴിഞ്ഞു. ഞങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളൊക്കെ തടസ്സപ്പെട്ടുവെന്നും ഷിന്‍ഡെ പറഞ്ഞു.
ശിവസേനയും ബിജെപിയും സ്വാഭാവിക സഖ്യമാണ്. എന്നാല്‍ മഹാവികാസ് അഗാഡിയില്‍ എംഎല്‍എമാരൊന്നും സന്തുഷ്ടരായിരുന്നില്ല. സ്വാര്‍ത്ഥ താല്പര്യത്തിനായി ആരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടില്ലെന്നും ഷിന്‍ഡെ പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴരയ്ക്കാണ് ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ എല്ലാ പിന്തുണയും ഷിന്ഡെയ്ക്കുണ്ടാവും. വൈകാതെ തന്നെ മന്ത്രിസഭാ പുനസംഘടനയുമുണ്ടാവുമെന്നും ഫട്നാവിസ് പ്രഖ്യാപിച്ചു. മഹാവികാസ് അഗാഡി നിരവധി വികസന പദ്ധതികള്‍ വൈകിപ്പിച്ചെന്ന് ഫട്നാവിസ് ആരോപിച്ചു. സാമ്പത്തിക തിരിമറിയാല്‍ രണ്ട് മന്ത്രിമാര്‍ തന്നെ പിടിയിലായി. അവര്‍ സര്‍വക്കറെ നിത്യേന അപമാനിച്ചു. ഒരു വികസനവും അവര്‍ നടത്തിയിട്ടില്ല. ഓരോ ദിനവും നമ്മള് അപമാനിക്കപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നുവെന്നും ഫട്നാവിസ് പറഞ്ഞു.
താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980-കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. അന്ന് ഓട്ടോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിന്‍ഡെ. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോര്‍പ്പറേറ്ററായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പൊടുന്നനെയായിരുന്നു രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്നാഥ് ഷിന്‍ഡെയുടെ വളര്‍ച്ച. തീവ്ര ഹിന്ദുത്വ നിലപാടാണ് എപ്പോഴും ഏക്നാഥ് ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.
ഉദ്ധവ് താക്കറെയുടെ വിശ്വസ്തന് എന്ന നിലയില്‍ നിന്നാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അതേ കസേരയില്‍ ഇരിക്കുന്ന വിമതന് എന്ന ലേബലിലേക്ക് ഏക്നാഥ് ഷിന്‍ഡെ എത്തിയത്. ഉദ്ധവ് താക്കറെയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് ശക്തി കുറയുന്നു എന്നാണ് ഏക്നാഥ് ഷിന്‍ഡെയുടെ ആരോപണം. അതിന് കാരണം മഹാ വികാസ് അഘാഡിയാണ് എന്നാണ് ഏക്നാഥ് ഷിന്‍ഡെ വിശ്വസിക്കുന്നത്. അതിനാലാണ് മഹാ വികാസ് അഘാഡി ബന്ധം ഉപേക്ഷിച്ചാല്‍ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാം എന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞത്.
അതേസമയം ഓട്ടോറിക്ഷയും കൈവണ്ടികളും ഓടിച്ച് നടന്നിരുന്നുവരെ എംപിയും എംഎല്‍എയും ആക്കിയ പാര്‍ട്ടിയാണ് ശിവസേനയെന്ന് ഷിന്‍ഡെയെ രാജിവെച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അവര്‍ക്ക് ഞാന്‍ എല്ലാം നല്കി. അതേ ആളുകളാണ് ഇന്നീ സര്‍ക്കാരിനെ അട്ടിമറിച്ചിരിക്കുന്നതെന്ന് ഉദ്ധവ് പറഞ്ഞു. ഷിന്‍ഡെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ഓട്ടോറിക്ഷ-ടെമ്പോ ഡ്രൈവറായിരുന്നു. വളരെ താഴ്ന്ന നിലയില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നത്.
അതിനിടെ, ഉദ്ദവ് താക്കറെയെ പുറകിൽ നിന്ന് കുത്തിയെന്ന് ഒരു കാർട്ടൂൺ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു. സഖ്യത്തിന്റെ ഭാവി ചർച്ച ചെയ്യാൻ നിയമസഭാ മന്തിരത്തിൽ എംഎൽഎമാരുടെ യോഗവും കോൺഗ്രസ് വിളിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.