Digital Malayali Web Desk March 01, 2021, 09:50 a.m.
അഞ്ചുതവണ മത്സരിച്ചവരിൽ ഉമ്മൻചാണ്ടിക്ക് ഇളവുനൽകുന്നതിൽ എതിർപ്പില്ല. മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യതമാത്രം കണക്കിലെടുക്കുക
ന്യൂഡൽഹി: ജില്ലയിൽ ഒരു വനിതാ സ്ഥാനാർഥിയെങ്കിലും വേണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനു നേതാക്കളുടെ കത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സിൽ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. പൊതുമാനദണ്ഡം വേണമെന്ന ആവശ്യവുമായി ടി.എൻ. പ്രതാപൻ എം.പി. ഉൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡിനു കത്തയച്ചു.
അഞ്ചുതവണ മത്സരിച്ചവരെ മാറ്റിനിർത്തുക, രണ്ടുവട്ടം തുടർച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാർക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയിൽനിന്ന് ഒഴിവാക്കുക, ഓരോ ജില്ലയിലും ഒരു വനിതയ്ക്ക് വിജയസാധ്യതയുള്ള സീറ്റു നൽകുക, മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യതമാത്രം കണക്കിലെടുക്കുക തുടങ്ങിയ പൊതുമാനദണ്ഡങ്ങൾ നടപ്പാക്കണമെന്നാണ് ഹൈക്കമാൻഡിനുമുന്നിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യം. അഞ്ചുതവണ മത്സരിച്ചവരിൽ ഉമ്മൻചാണ്ടിക്ക് ഇളവുനൽകുന്നതിൽ എതിർപ്പില്ലെന്ന് കത്തയച്ചവരിൽ ഒരാൾ ‘മാതൃഭൂമി’യോടു പ്രതികരിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു. മുൻഭാരവാഹികളെ പരിഗണിക്കുമ്പോൾ വിജയസാധ്യതയും കടുത്ത മത്സരം കാഴ്ചവെക്കാനുള്ള ഊർജസ്വലതയുമാണ് മാനദണ്ഡമാക്കേണ്ടതെന്നും ആവശ്യമുണ്ട്.
സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കെ.പി.സി.സി. നേതാക്കൾ ഡൽഹി സന്ദർശിക്കാനിരിക്കെയാണ് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുമ്പാകെ ഇത്തരമൊരു ആവശ്യം. ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റ് വീതംവെക്കരുതെന്ന് വി.എം. സുധീരനടക്കമുള്ളവർ അടുത്തിടെ എ.ഐ.സി.സി. നേതാക്കളോട് അഭിപ്രായപ്പെട്ടിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.