Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ പ്രമുഖ വ്യവസായിയുമായ ചെറുപുഷ്പം കൊച്ചേട്ടന്‍ നിര്യാതനായി

janmabhumi-ad

Digital Malayali Web Desk October 30, 2020, 11:13 a.m.

ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മ്മാതാക്കളായിരുന്ന സൂപ്പര്‍ഗുഡുമായി ചേര്‍ന്ന് 8 സിനിമകളാണ് ചെറുപുഷ്പം ഫിലിംസ് പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.


പാലാ: പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ  പ്രമുഖ വ്യവസായിയുമായ വള്ളിച്ചിറ കെജെ ജോസഫ് കക്കാട്ടില്‍ (ചെറുപുഷ്പം കൊച്ചേട്ടന്‍ -89) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചേ കാലോടെ ചേര്‍പ്പുങ്കല്‍ മാർ സ്ലീവാ മെഡിസിറ്റിയില്‍ വെച്ചു ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കുറച്ചു ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞു വരികയായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ മൂന്നിന് ഭവനത്തില്‍ ആരംഭിച്ച്‌ നാലിന് കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കും. ഭാര്യ : പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കല്‍ കുടുംബാംഗമാണ്).

മക്കള്‍: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്‌സി, കുഞ്ഞുമോന്‍. മരുമക്കള്‍: പരേതനായ ഡോ. ജോസി മാളിയേക്കല്‍ (എറണാകുളം), ജോയ് മാളിയേക്കല്‍ (പാലാ), വില്‍സണ്‍ നിരപ്പേല്‍ (തൊടുപുഴ), സണ്ണി പുത്തോക്കാരന്‍ (എറണാകുളം), ജ്യോതി ചെറക്കേക്കാരന്‍ (തൃശൂര്‍).

ചെറുപുഷ്പം ഫിലിംസ്, ചെറുപുഷ്പം ടെക്സ്റ്റയില്‍സ്, ചെറുപുഷ്പം ട്രസ്റ്റ്‌ ആശുപത്രി, ചെറുപുഷ്പം ഡിപ്പോ, ചെറുപുഷ്പം ടൈംസ്, ചെറുപുഷ്പം സ്റ്റുഡിയോ അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. 

പാലാ വള്ളിച്ചിറയിലെ വീട് ഒരു പ്രധാന സിനിമാസെറ്റ് ആയിരുന്നു. സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്.

പാലായിലെ പ്രമുഖ വ്യാപാരിയായിരുന്ന കൊച്ചേട്ടന്‍ 1975ലാണ് സിനിമാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ല്‍ പുറത്തിറങ്ങിയ അനാവരണമാണ് ചെറുപുഷ്പം ഫിലിംസിന്റെ ആദ്യ മലയാള ചിത്രം. 1977ല്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചെറുപുഷ്പം ഫിംലിംസ് നിര്‍മ്മിച്ച 'ആ നിമിഷം' വലിയ വിജയം നേടി. അടുത്തവര്‍ഷം (1978) കമലാഹാസന്‍, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വന്‍വിജയം കണ്ടു.

തുടര്‍ന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്ബരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരന്‍ എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചു. 'നാടന്‍ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി മലയാളത്തില്‍ നിര്‍മ്മിച്ചത്.

ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മ്മാതാക്കളായിരുന്ന സൂപ്പര്‍ഗുഡുമായി ചേര്‍ന്ന് 8 സിനിമകളാണ് ചെറുപുഷ്പം ഫിലിംസ് പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ഡിജിറ്റല്‍ വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓര്‍ഗനൈസേഷന്‍ (യുഎഫ്‌ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം എന്ന ആശയം മലയാളക്കരയില്‍ ആദ്യ മൂന്ന് വര്‍ഷക്കാലം നടപ്പിലാക്കിയതും ചെറുപുഷ്പം ഫിലിംസ് വഴിയായിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick