Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കുരുക്കുകള്‍ മുറുകുന്നു; ബിജെപിയില്‍ മുഴുവന്‍ പ്രതിസന്ധികള്‍ക്കും കാരണം സുരേന്ദ്രന്‍! ആനന്ദബോസിന്റെ റിപ്പോര്‍ട്ട് സുരേന്ദ്രന്റെ ഭാവി നിര്‍ണ്ണയിക്കുമോ? സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം

janmabhumi-ad

Digital Malayali Web Desk June 10, 2021, 07:27 p.m.

ആനന്ദബോസിന്റെ റിപ്പോര്‍ട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


കോട്ടയം: കുഴല്‍പ്പണ, കോഴ  കേസുകള്‍ക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങി. മുന്‍പും മുതിര്‍ന്ന നേതാക്കളും ശോഭ സുരേന്ദ്രനും ഉള്‍പ്പെടെ  പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന കിട്ടാത്തതിനെതിരെ, സുരേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയവും കേസുകളുടെ പ്രതിസന്ധിയും നിലനില്‍ക്കുന്നിടെയാണ് വീണ്ടും നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് കത്തയച്ചിരിക്കുന്നത്‌. ബിജെപിയെ സംരക്ഷിക്കാൻ യോജിച്ചു പോരാടാമെന്നും പക്ഷെ കെ സുരേന്ദ്രനെ വ്യക്തിപരമായി സംരക്ഷിക്കാനില്ലെന്നും കേന്ദ്ര നേതൃത്വത്തെ കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ അറിയിച്ചു.

സുരേന്ദ്രനും മുരളീധരനും ചേർന്ന് പാര്‍ട്ടിയെ കുടുംബസ്വത്താക്കിയെന്നും നേതാക്കൾ ആരോപിച്ചു. ഇപ്പോഴുള്ള പ്രതിസന്ധി സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ചതാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പല നേതാക്കളെയും ഒഴിവാക്കി പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയാണ് നിയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു.

 സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന നേതൃമാറ്റ വിഷയം ഡോ. സി വി ആനന്ദബോസിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങള്‍, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ആനന്ദബോസ് മോദിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.   പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും നേതൃമാറ്റമെന്ന ആവശ്യം ഉയർന്നതായാണ് സൂചന. സംസ്ഥാന നേതാക്കൾ, സാധാരണ പ്രവർത്തകർ, നേതാക്കളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടു.സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികള്‍ നേരിട്ടും അല്ലാതെയും ആനന്ദ ബോസിന് നല്‍കിയിട്ടുണ്ട്. നേതൃമാറ്റ വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവര്‍ക്ക് പറയാനുള്ളത് കേട്ടിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് നേതൃമാറ്റത്തില്‍ തന്റെ ശുപാര്‍ശ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ആനന്ദബോസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

കേരള ബി.ജെ.പിയില്‍ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗ്രൂപ്പിസത്തെ കുറിച്ചും ആനന്ദബോസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സുരേന്ദ്രനെ പിന്തുണക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്. വി മുരളീധരനും കെ സുരേന്ദ്രനും ചേർന്ന് പാർട്ടിയെ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗത്ത് കെട്ടിയിടുന്നതായും നേതാക്കൾ കുറ്റപ്പെടുത്തുന്നു. 

കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കി, സി.കെ. ജാനുവിന് പണം നല്‍കി തുടങ്ങി വിവിധ ആരോപണങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും കെ. സുരേന്ദ്രനുമെതിരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നേതൃമാറ്റം ചര്‍ച്ചയാകുന്നത്. വിവാദങ്ങളിൽ കേന്ദ്രനേതൃത്വം വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ആനന്ദബോസിന്റെ റിപ്പോര്‍ട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പുനഃസംഘടന നടത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

നിലവിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ സുരേന്ദ്രൻ ഡൽഹിയിൽ നേതാക്കളെ കാണാനും ശ്രമിക്കുന്നുണ്ട്.കൊടകര പണമിടപാട് കേസ്, സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം, മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ പണം നൽകിയെന്ന ആരോപണം എന്നീ  വിവാദങ്ങളെത്തുടർന്ന് സുരേന്ദ്രനെ നേതൃത്വം വിളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick