Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureഉത്രക്ക് നീതി ലഭിച്ചില്ലെന്ന ആരോപണം ശക്തമാവുന്നു; സൂരജിന് വധശിക്ഷയില്‍ കുറഞ്ഞതൊന്നും പാടില്ലായിരുന്നുവെന്ന് നിയമവിദഗ്ധരും, പ്രായവും മുന്‍കാല ചരിത്രവും പരിഗണിച്ചത് തെറ്റായ നിരീക്ഷണമാണമെന്ന്‍ കെമാല്‍ പാഷ

janmabhumi-ad

Digital Malayali Web Desk October 13, 2021, 08:37 p.m.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്.പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല.


കോട്ടയം: ഉത്രാവധക്കേസില്‍ പ്രതി സൂരജിന് വധശിക്ഷ പ്രതീക്ഷിച്ചിരുന്ന കേരളക്കരയാകെ ഉത്തരയുടെ മാതാപിതാക്കളോടൊപ്പം തന്നെ നിരാശയിലാണ്. സൂരജിന്  ഇരട്ടജീവപര്യന്തം മാത്രം വിധിച്ചത് വളരെ കുറഞ്ഞ ശിക്ഷയായി പോയിയെന്ന് അതൃപ്തി അറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും വലിയ ക്രൂരതക്ക് മാതൃകാപരമായ ശിക്ഷ കിട്ടാത്തത് സമൂഹത്തിൽ തന്നെ തെറ്റിദ്ധാരണ പരത്തുന്നുവെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. മകള്‍ക്ക് നീതികിട്ടണമെങ്കില്‍ വധശിക്ഷ ലഭിക്കണമായിരുന്നെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും കണക്കിലെടുത്താണ്  ശിക്ഷ വിധിച്ചത്. എന്നാല്‍  ഇത്രയും ആസൂത്രിതമായി രണ്ടുതവണ പാമ്പിനെക്കൊണ്ട് കൊത്തിക്കുകയും ഒരുതവണ ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ വീണ്ടും അതാവര്‍ത്തിച്ച്  ഭാര്യയുടെ മരണം നോക്കിയിരിക്കുകയും ചെയ്ത സൂരജിന്റെ ക്രൂരമനസ്ഥിതിയാണ് സമൂഹം തന്നെ ചോദ്യം ചെയ്യുന്നത്. കൊല്ലേണ്ട രീതികള്‍ പഠിച്ച് യാതൊരു മനസാക്ഷിയുമില്ലാതെഒരു ജീവന്‍ പോകുന്നത് നോക്കിയിരുന്ന വ്യക്തി പ്രായത്തിന്റെ പരിഗണയില്‍ ശിക്ഷ ഇളവുകള്‍ അനുഭവിക്കാന്‍ പാടില്ലെന്നാണ് നിയമ വിദഗ്ദര്‍ തന്നെ അഭിപ്രായപ്പെടുന്നത്.  

കോടതിക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസിഫലി വിമര്‍ശിച്ചു. "ഇതുപോലെ ഭീകരനായ ഒരാള്‍ ചെറുപ്രായത്തില്‍ തന്നെ ഇത്രയും ഭീകരമായ കുറ്റകൃത്യം ചെയ്‌തെങ്കില്‍ അദ്ദേഹം ജീവിക്കുന്നത് സമൂഹത്തിന് അപകടരമാണ്. ചെറുപ്പക്കാരനായതുകൊണ്ട് തന്നെ അത് സമൂഹത്തിന് കൂടുതല്‍ അപകടം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്യപൂര്‍വമായ കേസാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അതിഭീകരമായ ഒരു കൊലപാതകം നടത്തിയിട്ട് ആ പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം കൊടുത്തുകൊണ്ട് വിട്ടു എന്നത് തികച്ചും തെറ്റാണ്. വിചാരണക്കോടതി അത്യപൂര്‍വമാണെന്ന് പറഞ്ഞതിന് ശേഷം ഈ പ്രതിക്ക് ജീവപര്യന്തം കൊടുത്തത് ശരിയായ കാര്യമായി കണക്കാക്കുന്നില്ലെന്നും" അദ്ദേഹം വിമര്‍ശിച്ചു.

പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നു എന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിസ് കെമാല്‍ പാഷയും രംഗത്ത്‌ വന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കേസാണെങ്കില്‍ വധശിക്ഷ വിധിക്കണമായിരുന്നെന്നും പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും ജ.കെമാല്‍ പാഷ പറഞ്ഞു. ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്നും വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'പ്രതിയുടെ പിതാവിനെതിരെ തെളിവുനശിപ്പിക്കലിന് കേസെടുക്കാത്തത് എന്തുകൊണ്ടാണ്? പ്രതിയുടെ കുടുംബത്തിനും കേസില്‍ പങ്കുണ്ട്. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്. പ്രതിയുടെ പ്രായം, മുന്‍കാല ചരിത്രം എന്നിവ പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂ. വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്’. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളും തൃപ്തികരമായ വിധിയല്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നു.ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വധശിക്ഷ ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നാട്ടില്‍ ഇത്തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുന്നതെന്ന് ഉത്തരയുടെ അമ്മ പ്രതികരിച്ചു. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തില്‍ തൃപ്തരല്ല. അടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകും’. മണിമേഖല പറഞ്ഞു.

അതേസമയം അപ്പീല്‍ കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കൊലപാതകത്തിനൊഴികെ പരമാവധി ശിക്ഷ കിട്ടിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം കോടതി വിധിയില്‍ തൃപ്തനാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കര്‍ പ്രതികരിച്ചത്. ശിക്ഷ കോടതിയുടെ വിവേചനാധികാരമാണെന്നും അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും എസ്. ഹരിശങ്കര്‍ പറഞ്ഞു.

കേസില്‍ പ്രതി സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്ത്യവുമാണ് കോടതി വിധിച്ചത്. ഇതിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്ബോള്‍ത്തന്നെ സൂരജ് മൂര്‍ഖന്‍പാമ്പിനെ തിരഞ്ഞു തുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവു കോലു കൊണ്ടും അളക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണ്.

ഉത്രയെ രണ്ടുതവണ പാമ്പ്കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. രണ്ടുതവണയും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ പ്രതി തയ്യാറായില്ല. ഉത്രയ്ക്ക് എങ്ങനെയാണ് 2020 മാര്‍ച്ച്‌ മൂന്നിന് പാമ്പു കടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതിയില്‍ പറഞ്ഞില്ല.

ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രത്യേകത. കേസില്‍ ഏറ്റവും ബുദ്ധിപരമായ നീക്കമായി കണക്കാക്കുന്നത് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനയാണ്. സ്വാഭാവികമായി 150 സെ.മി ഉള്ള ഒരു മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ 1.7 സെ.മി മുതല്‍ 1.8 സെ.മി വരെ മാത്രമേ മുറിവുണ്ടാകൂ. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് 2.3 സെ.മിന്റെയും 2.8 സെ.മിന്റെയും രണ്ട് മുറിവുകളാണ്. പാമ്പിനെ ബലമായി പിടിച്ചു കൊത്തിച്ചാല്‍ ഇത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടാകുമെന്ന് തെളിയിച്ചത് ഈ ഡമ്മി പരിശോധനയിലൂടെയാണ്ആ കൊലപതകത്തില്‍ ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ ചടുല നീക്കങ്ങളാണ് നിര്‍ണായകമായത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സൂരജിന് പാമ്പിനെ വിറ്റ പാമ്പുപിടുത്തക്കാരന്‍ ചിറക്കര സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് മറ്റൊരു ബുദ്ധിപരമായ നീക്കമായിരുന്നു. 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick