Digital Malayali Web Desk May 26, 2022, 07:21 p.m.
കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന അതിജീവിതയുടെ പരാതിയോടെ മുഖ്യമന്ത്രിയുമായിക്കൂടിക്കാഴ്ച; അന്വേഷണത്തിലുള്ള അട്ടിമറികൾ അവസാനിക്കുമോ? അതിജീവിതക്ക് നീതി കിട്ടുമോ?
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതോടെ അന്വേഷണത്തിലുള്ള അട്ടിമറികൾക്ക് അറുതിവന്നേക്കുമെന്ന വിലയിരുത്തലുകളും ഉയർന്നു തുടങ്ങി. അതിജീവിയുടെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായാണ് റിപ്പോർട്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആശങ്കകളെല്ലാം പരിഹരിക്കുമെന്നും, കേസില്‍ സര്‍ക്കാര്‍ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും, നടി ഉന്നയിച്ച ആശങ്കകളും പരാതികളുമെല്ലാം നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ അതിജീവിതയും മുഖമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിന്റെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള ഇടതു മുന്നണി നേതാക്കള്‍, ഹര്‍ജിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു.
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും കേസില്‍ ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായതാണെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കുകയുമുണ്ടായി.
എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള നീക്കം മാത്രമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന പരാതിക്ക് പിന്നാലെ പി.സി. ജോര്‍ജിന്റെ അറസ്റ്റുകൂടി വന്നതോടെ, രണ്ട് സംഭവങ്ങളും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോൺഗ്രസ്സും ബിജെപിയും ഈ സംഭവങ്ങൾ ഇടതുപക്ഷത്തിനെതിരെയായി തിരിക്കാനുള്ള പരിശ്രമത്തിലുമാണ്.
കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് അതിജീവിത പറഞ്ഞത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. നടിക്ക് പിന്തുണയുമായി സാറാ ജോസഫും കെ. അജിതയുമൊക്കെ രംഗത്തുവന്നു. പ്രതിപക്ഷ വിമര്‍ശവും വർദ്ധിച്ചതോടെ സർക്കാരിന് കേസ് തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയായി. നടിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികളാണെന്ന ആക്ഷേപത്തില്‍നിന്ന് മാറി മുഖ്യമന്ത്രിയുമായി നടിയുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.