Digital Malayali Web Desk January 19, 2021, 08:34 a.m.
സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഫാ. മാത്യു നായ്ക്കം പറമ്പില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായതും അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചതും
കൊച്ചി: ഫാ. മാത്യു നായ്ക്കം പറമ്പില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അവസാനിപ്പിക്കണമെന്ന് വിന്‍സെന്‍ഷ്യന്‍ സഭ. അച്ചന് നടത്തിയ പ്രസ്താവന മുതലെടുത്ത് അദ്ദേഹം നല്കിയ സേവനങ്ങളെ തള്ളിക്കളയുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സഭ പ്രതികരിച്ചു. ജാഗ്രതകുറവോടെ നടത്തിയ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹവും ഖേദം പ്രകടിപ്പിക്കുകയാണെന്ന് പിആര്‍ഒ ഫാ. ആന്റണി ചക്കുങ്കല്‍ അറിയിച്ചു.
സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഫാ. മാത്യു നായ്ക്കം പറമ്പില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായതും അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചതും.
വാർത്ത കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രിയരേ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലുമായി ഫാ. മാത്യു നായ്ക്കംപറമ്പിലിനെ സംബന്ധിച്ച് നടക്കുന്ന അഭിപ്രായപ്രകടനങ്ങളെയും ചര്‍ച്ചകളെയും അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സന്‍ഷ്യന്‍ സഭ ജാഗ്രതയോടെയും വേദനയോടെയും വീക്ഷിച്ചുവരികയാണ്. സി. അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തേയും സംബന്ധിച്ച് അവധാനത കുറവോടെ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സഭാധികാരികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പു പറയുകയുണ്ടായി. അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹവും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
എന്നാല്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ആഗോളസഭയിലെ നവസുവിശേഷവല്ക്കരണരംഗത്ത് അദ്ദേഹം നല്കിയ അതുല്യമായ സേവനങ്ങളേയും വിശ്വസ്തമായ സമര്‍പ്പണത്തേയും ഈ അവസരം മുതലെടുത്ത് തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുസരണയോടെ തന്റെ തെറ്റിന് പരസ്യമായി മാപ്പുപറയുകയും വേദനയോടെ ഞങ്ങള്‍ക്കിടയില്‍ പ്രാര്‍ത്ഥനയിലായിരിക്കുകയും ചെയ്യുന്ന മാത്യു അച്ചന്റെ അനുതാപത്തിന് ഞങ്ങള്‍ നേര്‍സാക്ഷികളാണ്. സുവിശേഷവല്‍ക്കരണ ആത്മീയ നവീകരണ രംഗത്ത് അദ്ദേഹം കാലങ്ങളായി നല്കിയ നേതൃശുശ്രൂഷയെ നന്ദിയോടെ സ്മരിക്കുകയും തുടര്‍ന്നും നിങ്ങളുടെ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.