Digital Malayali Web Desk June 23, 2022, 08:00 p.m.
ആസൂത്രിതനീക്കങ്ങൾക്കൊടുവിൽ വർഷങ്ങൾക്ക് ശേഷം അഭയക്ക് ലഭിച്ച നീതി വീണ്ടും പിൻവലിക്കുന്നോ? സിസ്റ്റര്‍ സെഫിയുടെയും , ഫാദര്‍ തോമസ് കോട്ടൂരിന്റെയും ജയിൽവാസം അവസാനിക്കുന്നു, താൽക്കാലിക ശിക്ഷ ആരുടെ കണ്ണിൽ പൊടിയിടാനായിരുന്നെന്ന് ചോദ്യം,അഭയാകേസ് വീണ്ടും വിവാദത്തിലേക്ക്
കോട്ടയം: അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കേസ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു. പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവർക്ക് ജാമ്യം ലഭിച്ച നടപടി ശരിയായില്ല എന്ന വിമർശനം ഉയരുകയാണ്.
പ്രതികൾക്ക് ജാമ്യം അനുവദിച്ചതോടെ സിബിഐക്കെതിരെ അഭയ കേസില്‍ ദീര്‍ഘകാലമായി നിയമയുദ്ധം നടത്തുന്ന ജോമോന് പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തി. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോന് പറയുന്നു.പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ. കൗണ്ടര്‍ പോലും ഫയല്‍ചെയ്തില്ലെന്നും കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ.യുടെ ഈ വീഴ്ചക്കെതിരേ സി.ബി.ഐ. ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും ജാമ്യം നല്‍കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി ഒന്നരവര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന് പോലും ഫയല്‍ചെയ്തില്ല. അപ്പീലില്‍ സി.ബി.ഐ.ക്ക് വേണ്ടി വാദിക്കാന്‍ തെലങ്കാനയില്‍നിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്. കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്ബും അറിയാത്ത പ്രോസിക്യൂട്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കോടതിയില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ സഹായിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സി പഴയ സ്വഭാവം എടുക്കരുതെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ച നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി കേസിലെ സാക്ഷി അടയ്ക്ക രാജുവും രംഗത്തെത്തി. പ്രതികള്‍ക്ക് ജാമ്യം ലഭിച്ച നടപടി ശരിയായില്ല എന്ന് കേസിലെ അടയ്ക്ക രാജു പറഞ്ഞു.താന്‍ കോടതിയില്‍ നല്കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. ഇപ്പോള്‍ പണത്തിന്റെ ഹുങ്കിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പണമുള്ളവര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയാണ് ഉള്ളത്. കേസിലെ സത്യം ഇനിയും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ് എന്നും പ്രതികളെ അവിടെ വച്ച് കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും അടയ്ക്ക രാജു പറഞ്ഞു.
2021 ഡിസംബര്‍ 23നായിരുന്നു 28 വര്‍ഷം നീണ്ട കേസിന് ശേഷം ശേഷം പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി വിധി ഉണ്ടായത്. ഒന്നാം പ്രതി തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു എങ്കിലും ആത്മഹത്യ ആണ് എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് കൊലപാതം ആണെന്നു കണ്ടെത്തിയത്.
കേസില്‍ 49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്.കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്തു.
കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആസൂത്രിതനീക്കം നടത്തിയെന്ന് തുടക്കം മുതൽ ആരോപണമുണ്ടായിരുന്നു. അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിന് മുതലുള്ളവര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതിയില്‍ നല്കിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കി. ജനകീയ സമരം ശക്തമായപ്പോള്‍ പണത്തിനും സ്വാധീനത്തിനും മേല്‍ നീതി നടപ്പാക്കുമെന്ന സ്ഥിതി വന്നു.
28 വര്‍ഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐ ഡയറക്ടര്‍ക്കും ലഭിച്ചു.രഹസ്യമൊഴി നല്കിയ സാക്ഷി ഉള്‍പ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വര്‍ഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസില്‍ ഒടുവില്‍ വിധി വന്നത്. ഇപ്പോള്‍ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമായി മാത്രമേ അന്നത്തെ ശിക്ഷാ വിധിയെ കാണാനാവൂ. വർഷങ്ങൾക്ക് ശേഷം അഭയക്ക് ലഭിച്ച നീതി വീണ്ടും പിൻവലിക്കുന്ന അവസ്ഥയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു തുടങ്ങിയിരിക്കുന്നത്. കേസിൽ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും നിരപരാധികളാണെന്ന നിലപാടിലാണ് ക്നാനായ സഭാ നേതൃത്വം.കേസിലുടനീളം സഭ ഇരുവർക്കും പിന്നിൽ അടിയുറച്ചു നില്‍ക്കുകയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.