Digital Malayali Web Desk June 23, 2022, 11:28 a.m.
അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍
കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാംപ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് 2020 ഡിസംബര്‍ 23 ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.
തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.
കേസ് വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ നീതിപൂര്‍വകമല്ലെന്നും, രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടി ശരിയല്ലെന്നും പ്രതികള്‍ ആരോപിക്കുന്നു. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്.
കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വര്‍ഷത്തിനിടെ 16 അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.