Digital Malayali Web Desk March 26, 2023, 01:08 a.m.
അനാരോഗ്യത്തിൽ നിൽക്കുന്ന ഒരാൾക്ക് സ്വന്തം അവയവം നൽകുന്നതിൽ പരം മഹത്തായ ഒരു കർമം വേറെ ഉണ്ടാവില്ല എന്നും, കൂടുതൽ ആളുകൾ ഇതിന്റെ പ്രയോജനം
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ റീനൽ ട്രാൻസ്‌പ്ലാന്റ് സേവനങ്ങൾ തുടങ്ങി ഒരു വർഷത്തിനുള്ളിൽ 15 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ മെഡിസിറ്റിയുടെ ഫൗണ്ടറും, പെയിട്രനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ശസ്ത്രക്രിയ കഴിഞ്ഞവരുടെ സംഗമം ബഹുമാനപെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അനാരോഗ്യത്തിൽ നിൽക്കുന്ന ഒരാൾക്ക് സ്വന്തം അവയവം നൽകുന്നതിൽ പരം മഹത്തായ ഒരു കർമം വേറെ ഉണ്ടാവില്ല എന്നും, കൂടുതൽ ആളുകൾ ഇതിന്റെ പ്രയോജനം മനസ്സിലാക്കി മുന്നോട്ടു വരട്ടെ എന്നും അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
അവയവമാറ്റിവയ്ക്കൽ ശാസ്ത്രക്രിയകളെ പറ്റി വളരെ അധികം തെറ്റായ ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ജനങ്ങൾക്ക് അവയവമാറ്റിവയ്ക്കലിനെ പറ്റി ശരിയായ ബോധവത്കരണം നൽകണമെന്നും ഇതിലൂടെ രോഗം അനുഭവിക്കുന്ന കൂടുതൽ ആളുകളുടെ ജീവൻ നമുക്ക് രക്ഷിക്കാൻ സാധിക്കുമെന്നും ബഹുമാനപെട്ട മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു.
കൃത്യം ഒരു വർഷം മുൻപ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ശേഷം ഇന്ന് ഒരു വർഷം തികയുമ്പോൾ 100% വിജയത്തോടെയാണ് 15 വ്യക്തികൾക്ക് വൃക്ക മാറ്റിവയ്ക്കൽ പൂർത്തിയാക്കിയത് എന്ന് മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. വിദഗ്ധരായ ഡോക്ടർമാരും, മറ്റു അനുബന്ധ വിഭാഗങ്ങളും അതിനൊപ്പം രോഗികൾ ആയിരുന്നവർ കാണിച്ച വിശ്വാസവും ആണ് ഈ വിജയത്തിന്റെ കാരണം എന്നും അദ്ദേഹം കൂട്ടി ചേർത്തു.
അവയവം ദാനം ചെയ്തവരെ ആദരിച്ച പരിപാടിയിൽ നെഫ്രോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. വിജയ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.