malayalam news

വിജയം ആവർത്തിച്ച് ഷോട്ട് പുളിക്കത്ര താഴത്തങ്ങാടിയിലും


കുമരകം/ എടത്വാ: നെഹ്റു ട്രോഫിയിലെ വിജയത്തിന്റെ ആവേശം വാനോളം ഉയർന്ന് നില്കുമ്പോൾ താഴത്തങ്ങാടിയിലും വിജയം ആവർത്തിച്ച് ഷോട്ട് പുളിക്കത്ര. ഇരുകരകളിൽ നിന്നും ആർപ്പ് വിളി കൂടി  ഉയർന്നപ്പോൾ സമുദ്ര ബോട്ട് ക്ലബിന് ലക്ഷ്യം സഫലമായി. കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി ഓളങ്ങളെ കീറിമുറിച്ച് എത്തിയ സ്റ്റെയിസ് ജോൺസൺ  ലീഡിങ്ങ്  ക്യാപ്റ്റൻ ആയി ഉള്ള ഷോട്ട് പുളിക്കത്രയുടെ വിജയം  മാലിയിൽ പുളിക്കത്ര തറവാടിനും പ്രദേശവാസികൾക്കും വീണ്ടും ആഹ്ളാദത്തിന് വക നല്കുന്നു. സൈനപ്പൻ, ശ്രീജിത്ത്, അഭിലാഷ്, ആഷിഷ് എന്നിവർ യഥാക്രമം ഒന്ന് മുതൽ നാലാം  പങ്കായവും  ജിതിൻ കുമാർ ഒന്നാം തുഴയിലും ശ്രീരാജ് രണ്ടാം തുഴയിലും സമുദ്ര ബോട്ട് ക്ലബ്‌  തുഴയെറിഞ്ഞപ്പോൾ കാണികളുടെ ആവേശം അണപ്പൊട്ടുകയായിരുന്നു.

 യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിൽ ഇടം പിടിച്ചതിന്റെ  നേട്ടത്തിൽ ആവേശത്തിലിരിക്കുമ്പോൾ  ആണ് വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്ര പുന്നമടയിൽ കിരീടമണിഞ്ഞത്.മാലിയിൽ പുളിക്കത്ര തറവാട്ടിലെ  ഇളംമുറക്കാരൻ  8 വയസുകാരനായ ആദം പുളിക്കത്ര ആയിരുന്നു ക്യാപ്റ്റൻ.ഈ വർഷം നെഹ്റു ട്രോഫി മത്സരത്തിൽ  പങ്കെടുത്ത വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റിക്കോർഡ് കൂടി  ആദമിന് മാത്രം സ്വന്തമായിരുന്നു.

 9 പതിറ്റാണ്ടു കൊണ്ട് ഒരേ കുടുംബത്തിൽ നിന്നും 3 കളിവള്ളങ്ങൾ നിർമ്മിച്ച് 4 തലമുറകൾ ജലോത്സവ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുള്ള  അംഗീകാരമായിട്ടാണ് മാലിയിൽ പുളിക്കത്ര തറവാട് യൂണീവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്.

വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത്  കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര.ബാബു പുളിക്കത്ര നീറ്റിലിറക്കിയ 'ഷോട്ട് ' 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര.

1926 മുതൽ മാലിയിൽ പുളിക്കത്ര തറവാട്ടിൽ  നിന്നും നീരണിഞ്ഞ 3 കളിവളളങ്ങൾ  ആയ മണലി, ഷെയ് ഷോട്ട്‌, ഷോട്ട് പുളിക്കത്ര എന്നിവ നെഹ്റു ട്രോഫിയിൽ  ജലമേളയിൽ ഈ വർഷം പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ആയിരുന്നു.

2017 ൽ നിർമ്മിച്ച 'ഷോട്ട് പുളിക്കത്ര ' കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു  ശില്പി.

ജലോത്സവ രംഗത്ത് 93 വർഷത്തെ പാരമ്പര്യം ഉൾകൊണ്ട്  പിതാവിന്റെ  സ്മരണക്കായി ആണ് വീണ്ടും 2017 ൽ പുതിയ കളിവള്ളമായ  'ഷോട്ട് പുളിക്കത്ര ' നിർമ്മിച്ചതെന്നും നാളിത് വരെയുള്ള  എല്ലാവിധ  സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും വീണ്ടും ഏവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി 

ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര,മാനേജർ റജി എം വർഗ്ഗീസ്, ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള  എന്നിവർ  പറഞ്ഞു.