malayalam news

സൗദിയിൽ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന്  കേളി സഹായധനം കൈമാറി


റിയാദ് : സൗദി അറേബ്യയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ട  വെള്ളറട കുന്നത്തുകാല്‍ കോട്ടുക്കോണം സ്വദേശി സ്റ്റാന്‍ലി ജോണിന്‍റെ കുടുംബത്തിന്‌, റിയാദ് കേളി കലാസാംസ്കാരിക വേദി, ദവാദ്മി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമിതി സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി. സ്ററാന്‍ലി ജോണ്‍സിന്‍റെ ഭാര്യയുടെയും മക്കളുടെയും പേരില്‍ തുക ബാങ്കില്‍ നിക്ഷേപിച്ചു നല്‍കുകയാണ് ചെയ്തത്. 

റിയാദ് എയർ പോർട്ടിൽ നിന്നും  ഈജിപ്ഷ്യൻ കുടുംബവുമായി ആഗസ്റ്റ്‌ 17 ന് രാത്രിയിൽ  ദവാദ്മിക്ക് പോവുകയായിരുന്ന സ്റ്റാൻലിയുടെ കാർ  അൽ ഗുവൈയയിൽ ഒട്ടകവമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്റ്റാൻലി പത്തു ദിവസം ദവാദ്മി ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ് ആഗസ്റ്റ് 27 നാണ് മരണമടഞ്ഞത്.

ദവാദ്മിയിലെ പൊതു സമൂഹവുമായി വളരെയേറെ അടുത്തിടപഴകിയിരുന്ന സ്റ്റാൻലിയുടെ വിയോഗത്തിൽ ഒറ്റപ്പെട്ടുപോയ ഭാര്യ റോസമ്മയും സ്കൂള്‍ വിദ്യാത്ഥിനികളായ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ കേളി മുൻകൈയെടുത്ത്, റഷീദ് കരുനാഗപ്പള്ളി (കൺവീനര്‍), റാഫി (ചെയർമാന്‍), സന്തോഷ് (ട്രഷറര്‍), ഏരിയ പ്രസിഡണ്ട് ഷാജി, സെക്രട്ടറി പ്രകാശ്, കേളി ദവാദ്മി ജീവകാരുണ്യ കമ്മിറ്റി കൺവീനർ രാജേഷ് മലയാലപ്പുഴ എന്നിവരടങ്ങിയ  പതിനഞ്ചംഗ ജനകീയ സമിതി രൂപീകരിച്ചു ഫണ്ട് സ്വരൂപിക്കുകയായിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നത്.

വെള്ളറട  ഗ്രാമ പഞ്ചായത്തു പ്രസിഡന്‍റ് എച് എസ് അരുണിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻലിയുടെ വീട്ടിൽ ചേർന്ന യോഗത്തില്‍ പാറശാല എം എല്‍ എ സി.കെ ഹരീന്ദ്രന്‍ സ്റ്റാൻലിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി. സിപിഐ എം വെള്ളറട ഏരിയാക്കമ്മറ്റി സെക്രട്ടറി ഡി.കെ ശശി, ഏരിയാക്കമ്മറ്റി അംഗം ടി വിനോദ്, കുന്നത്തുകാല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ. സോമശേഖരന്‍ നായര്‍, ആനാവൂര്‍ ലോക്കല്‍കമ്മറ്റി സെക്രട്ടറി ആര്‍ പരമേശ്വരന്‍ പിള്ള, കേളി രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണന്‍, കേളി പ്രവർത്തകരായിരുന്ന ബേബി നാരായണന്‍, പ്രിയേഷ്,  ഹംസ തവനൂര്‍, സുരേഷ്, ചാന്നാങ്കര ഹംസ, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് ഷീബാറാണി, പഞ്ചായത്തംഗങ്ങളായ ലതാബാലന്‍, കേളി കുടുംബ വേദി അംഗമായിരുന്ന എസ്.ശ്രീകല തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.