malayalam news

ശരവണഭവൻ റെസ്റ്റോറന്റ് സുലൈമാനിയയിൽ പ്രവർത്തനമാരംഭിച്ചു


ഷിബു ഉസ്മാൻ, റിയാദ് 

റിയാദ്: ശരവണ ഭവൻ ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ മൂന്നാമത്തെ റെസ്റ്റോറന്റ് റിയാദ് സുലൈമാനിയയിൽ പ്രവർത്തനമാരംഭിച്ചു.  ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഡോ. രാം ബാബുവിന്റെ സാന്നിധ്യത്തിൽ ജറീർ ഇൻ വെസ്റ്റ്മെന്റ് ഗ്രൂപ്പ് മേധാവി നൂറാ അലാഗിൽ ഉദ്ഘാടനം നിർവ്വഹിച്ചു.  ശരവണ ഭവൻ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ പി.ആർ ശിവകുമാർ മുഖ്യാതിഥിയായിരുന്നു.  എംബസി ഉദ്യോഗസ്ഥർ, വ്യവസായ പ്രമുകരടക്കം നിരവധി പേർ ഉദ്ഘാടനത്തിന്‌ സാക്ഷിയായി.    

സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജറീർ ഇൻ വെസ്റ്റ്മെന്റാണ്‌ ശരവണ ഭവന്റെ സൗദി ഫ്രാഞ്ചൈസി ഏറ്റെടുത്തത്.  ജറീർ ബുക്ക് സ്റ്റോറടക്കം നിരവധി സ്ഥാപനങ്ങളുള്ള ജറീർ ഗ്രൂപ്പ് ഇന്ത്യക്കാരുടെ രുചിയും വൈവിധ്യവും മനസ്സിലാക്കിയാണ്‌ ഈയൊരു ദൗത്യം ഏറ്റെടുത്തതെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അക്രം മുഹമ്മദ് അലാഗിൽ പറഞ്ഞു.  നിലവിൽ റിയാദ് അവന്യൂ മാളിലും അൽ കോബാറിലും ശരവണഭവന്റെ മറ്റു ശാഖകൾ പ്രവർത്തിച്ചു വരുന്നുണ്ട്.  സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിക്കനുസരിച്ച് ഗ്രൂപ്പ് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തതായും അതിന്റെ ഭാഗമായി സൗദിയിലുടനീളം ശരവണ ഭവൻ റേസ്റ്റേ‍ാറന്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യം അതുല്യമായ പുരോഗതിയുടെ പാതയിലാണ്‌.  ആ പുരോഗതിയുടെ ഭാഗമാവാൻ ജറീർ ഗ്രൂപ്പും സജീവമാണെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.  ശരവണ ഭവന്റെ 90 മത്തെ ഔട്ട്ലെറ്റാണ്‌ റിയാദ് സുലൈമാനിയയിൽ ആരംഭിച്ചതെന്ന് ശരവണ ഭവൻ ഗ്രൂപ്പ് എം.ഡി പി.ആർ ശിവകുമാർ പറഞ്ഞു.  ലോകത്ത് മിക്ക രാജ്യങ്ങളിലും ഇന്ത്യയുടെ തനത് രുചി പരിചയപ്പെടുത്താൻ തങ്ങൾക്കായിട്ടുണ്ട്.  ശൃംഖല കൂടുതൽ വിപുലപ്പെടുത്തി വരികയാണ്‌.  ഇന്ത്യക്കാരന്റെ ആതിഥ്യവും രുചിയും ലോകം സ്വീകരിച്ചതിന്‌ തെളിവാണ്‌ ശരവണ ഭവന്റെ വളർച്ച.  സൗദി അറേബ്യയിലുടനീളം പ്രധാന സിറ്റികളിൽ ശരവണ ഭവൻ ജറീർ ഗ്രൂപ്പിന്റെ മേൽ നോട്ടത്തിൽ പ്രവർത്തനം വ്യാപിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.