malayalam news

പ്രകൃതിയുടെ നിലനിൽപ്പിനെ ബാധിക്കാതെ ജീവിക്കണം: പ്രൊഫ. സാബു തോമസ്


കോട്ടയം  : നമ്മുടെ ജീവിതരീതി പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കാത്തതായിരിക്കണമെന്ന മഹത്തായ സന്ദേശമാണ് ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്നതെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികദിനാഘോഷവും എൻ.എസ്.എസിന്റെ ശുചിത്വസാക്ഷരത യജ്ഞവും ലൈഫ് ലോങ് ലേണിങ്-എക്‌സ്റ്റൻഷൻ പഠനവകുപ്പിന്റെ 'ഗാന്ധിദർശൻ' പരിപാടിയും സർവകലാശാല മെഗാ ശുചീകരണ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണ്, വായു, ജലം, സസ്യങ്ങൾ, ജീവജാലങ്ങൾ ഇവയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവൃത്തിയും നാം ചെയ്യരുത്. നമ്മുടെ ജീവിതവും രീതികളും അതനുസരിച്ച് ക്രമപ്പെടുത്തണം. അഹിംസ, സത്യം എന്നിവയെ പടവാളാക്കിയ ഗാന്ധിജി പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് ദോഷകരമാകുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, പ്രൊഫ. ആർ. പ്രഗാഷ്, രജിസ്ട്രാർ പ്രൊഫ. കെ. സാബുക്കുട്ടൻ, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. എം.ജെ. മാത്യു, ഫാ. ഡോ. കെ.എം. ജോർജ്, ഡോ. ബിജു ലക്ഷ്മണൻ, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസിന്റെ 150 ദിവസം നീണ്ടു നിൽക്കുന്ന ശുചിത്വ സാക്ഷരത യജ്ഞത്തിന്റെ ലഘുലേഖ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കു നൽകി വൈസ് ചാൻസലർ പ്രകാശനം ചെയ്തു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടന്നു.

അമലഗിരി ബി.കെ., മാന്നാനം കെ.ഇ., സർവകലാശാല കാമ്പസ് യൂണിറ്റ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്. വോളണ്ടിയർമാരും വിവിധ പഠനവകുപ്പുകളിലെ അധ്യാപകർ, വിദ്യാർഥികൾ, സർവകലാശാല ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരും ചേർന്ന് സർവകലാശാല കാമ്പസ് ശുചീകരിച്ചു. അഞ്ഞൂറിലധികം എൻ.എസ്.എസ്. വോളണ്ടിയർമാർ യജ്ഞത്തിൽ പങ്കാളികളായി. സർവകലാശാലയ്ക്കു സമീപത്തെ ഗ്രാമീണ റോഡുകളും ശുചീകരിച്ചു. സിൻഡിക്കേറ്റംഗം ഡോ. കെ.എം. കൃഷ്ണൻ, പ്രൊഫ. റോബിനറ്റ് ജേക്കബ്, ഡോ. ഇ.വി. രാമസ്വാമി, ഡോ. സി.ആർ. ഹരിലക്ഷ്മീന്ദ്രകുമാർ, ഡോ. പി.പി. നൗഷാദ്‌, സെക്യൂരിറ്റി ഓഫീസർ കെ.എം. ജോർജ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ദിയ ഫിലിപ്പ്, ബ്രജിത്ത് പോൾ, നീതു ജോസ്, സിസ്റ്റർ ബീന ജോസഫ്, എസ്‌റ്റേറ്റ് ഓഫീസർ ആർ. വെങ്കിടേശ്വരൻ എന്നിവർ നേതൃത്വം നൽകി.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെയും എൻ.എസ്.എസിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ഭാഗമായാണ് ശുചിത്വ സാക്ഷരത യജ്ഞം നടത്തുന്നത്.  ആവശ്യമില്ലെന്ന് തോന്നുന്ന വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, അവ തരംതിരിച്ച് നിക്ഷേപിക്കുക, സംസ്‌കരിക്കുക, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി സംരക്ഷിക്കുക തുടങ്ങി അടിസ്ഥാന ശുചിത്വകാര്യങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികളിലൂടെ പുതിയ ശുചിത്വ സംസ്‌കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന യജ്ഞം 2020 മാർച്ച് രണ്ടിനാണ് സമാപിക്കുന്നത്. കോളേജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകൾ വഴിയാണ് യജ്ഞം നടപ്പാക്കുക.

ഗാന്ധിയൻ ആശയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പങ്കാളിത്ത ഗ്രാമങ്ങളിലും പ്രചരിപ്പിക്കുകയാണ് ഗാന്ധി ദർശൻ പരിപാടിയുടെ ലക്ഷ്യം. ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോങ്‌ ലേണിംഗ് ആന്റ് എക്സ്റ്റൻഷനാണ് പരിപാടി നടപ്പാക്കുന്നത്.