malayalam news

സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും : ജാഗ്രതാ നിര്‍ദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച വരെ പല ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമാവുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച മഴ മുന്നറിയിപ്പുള്ളത്. ഒക്ടോബര്‍ 10,11,12 തീയതികളിലാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു. ഈ ദിവസങ്ങളില്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ഇടിമിന്നല്‍ ചെറുക്കുവാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. മഴക്കാര്‍ കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്‌. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്ബോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.