malayalam news

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ രണ്ട് പോലീസ്‌കാരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്യും


ഇടുക്കി; നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ രണ്ട് പൊലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും.  കേസിൽ രണ്ടും മൂന്നും പ്രതികളായ പൊലീസുകാരാണ് അറസ്റ്റിലാകാനുള്ളത്. ഒളിവിലായ ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുക. ഒളിവിലായിരുന്ന ഇരുവരും ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും.

കേസിലെ ഒന്നും നാലും പ്രതികളായ എസ്.ഐ സാബു, സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാന്റിലാണ്.

സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് കസ്റ്റഡി മർദ്ദനത്തിൽ പങ്കുള്ളതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. 

 എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സി.പി.ഐയുടേയും കോണ്‍ഗ്രസിന്റെയും ആവശ്യം. രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലിനെതുടര്‍ന്നാണ് ഇടുക്കി എസ്.പി, കെ.ബി വേണുഗോപാലിനെ ഭീകരവിരുദ്ധ സേനയിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും വകുപ്പ് തല നടപടി വേണമെന്നുമാണ് സി.പി.ഐയുടെ നിലപാട്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ,കെ ശിവരാമന്‍ ഇതു സംബന്ധിച്ച ഇന്നലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരുന്നു. 

എസ്.പിക്കെതിരെ കേസെടുത്ത് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇബ്രാഹീംകുട്ടി കല്ലാറും ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ അറസ്റ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് രാജ്കുമാര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പീരുമേട് സബ് ജയിലിലെ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നത്. അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ കെ.സാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ നിരസിക്കപ്പെട്ട ജാമ്യാപേക്ഷ ഇന്ന് വീണ്ടും നല്‍കിയേക്കും.

അതേ സമയം ഹരിത ഫൈനാൻസിയേഴ്‌സിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുകയാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥരെപ്പറ്റി കേസിലെ മൂന്നാം പ്രതി മഞ്ജുനടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്.