malayalam news

'ഡ്രൈ ഡേ' യിലേക്ക് കരുതിവെച്ച മദ്യക്കുപ്പി കാണാനില്ല ; അച്ഛന് ക്രൂരമർദ്ദനം; മകനെതിരെ വധശ്രമത്തിന് കേസ്


ആലപ്പുഴ: മദ്യക്കുപ്പി കാണാനില്ലെന്നാരോപിച്ച് പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു.  മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ മകനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. ഗ്രീൻ കേരള എന്ന ഫെയ്സ്ബുക് പേജിലാണു തിങ്കളാഴ്ച രാത്രി വിഡിയോ പോസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് എന്ന സ്ഥലത്താണ് സംഭവം.  ഉമ്പർനാട് സ്വദേശി  രഘുവിനെയാണ് പണം നൽകാത്തതിന്റെ പേരിൽ മകൻ രതീഷ് (29) മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

രഘുവിനെ മകന്‍ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് രതീഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. ഒന്നാം തീയതിയും ഗാന്ധി ജയന്തിയായതിനാല്‍ രണ്ടാം തീയതിയും ബാർ അവധി ആയതിനാൽ രതീഷ് മുന്നേ മദ്യം വാങ്ങി സ്റ്റോക് ചെയ്തിരുന്നു. പതിവായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതിനാൽ അച്ഛനും അമ്മയും ചേർന്ന് മദ്യക്കുപ്പി മാറ്റി. ഇതിൽ പ്രകോപിതനായി അച്ഛനെ രതീഷ് മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവം കണ്ട് നിന്ന പ്രദേശവാസികളില്‍ ആരോ വീഡിയോ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. 

കുപ്പി എവിടെയെന്ന് ചോദിച്ചാണ് രതീഷ് പിതാവിനെ മര്‍ദിക്കുന്നത്. മദ്യക്കുപ്പി കാണാതായതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പിതാവ് ആവര്‍ത്തിച്ച് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനത്തിനിടെ പിതാവിന്റെ മുണ്ട് രതീഷ് വലിച്ചൂരി. തുടര്‍ന്ന് പിതാവിനെ കാലില്‍ പിടിച്ച് വലിച്ച് തിലത്തിട്ടു. വീണ് പോയ പിതാവിനെ നിലത്തിട്ട് ചവിട്ടി.  കൊല്ലല്ലേടാ എന്ന് രതീഷിന്റെ അമ്മ ഉറക്കെ കരയുന്നതും ശകാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം കണ്ടുനിന്ന യുവാവാണ് രതീഷിനെ പിടിച്ചു മാറ്റുന്നത്. ഇതോടെ മദ്യപിക്കാന്‍ പണം നീ തരുമോയെന്ന് ചോദിച്ച് രതീഷ് ഇയാളോടും ദേഷ്യപ്പെടുന്നുണ്ട്. 

രതീഷിനെതിരെ നിയമനടപടി വേണമെന്ന ആഹ്വാനം സോഷ്യൽമീഡിയ ഏറ്റെടുത്തു. ഇതോടെയാണ് കുറത്തികാട് പൊലീസ് സ്വമേധയാ കേസെടുത്തത്. മർദ്ദനമേറ്റ രഘുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവശേഷം ഒളിവിൽ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പിന്നീട് ഇത് നീക്കം ചെയ്തു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്മുണ്ടാക്കുന്നയാളാണ് രതീഷ്. ഇത് തടയാനായി അച്ഛനും അമ്മയും ചേര്‍ന്ന് മദ്യക്കുപ്പി മാറ്റിവയ്ക്കുകയായിരുന്നു.