malayalam news

മാണി സി കാപ്പനു വേണ്ടി 'മോഹന്‍ലാലും കലാഭവന്‍ മണിയും ജയനും മുന്‍ഷി'യും പാലായില്‍


പനയ്ക്കപ്പാലം: നാടുണര്‍ത്തി ജനമനസുകള്‍ കൈയ്യടക്കി ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് പനയ്ക്കപ്പാലത്ത് പ്രൗഢഗംഭീര തുടക്കം.
 
രാവിലെ എട്ടിന് തന്നെ  സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ  തുറന്ന വാഹനത്തിലുള്ള സ്വീകരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് എന്‍ സി പി ദേശീയ സെക്രെട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ പനയ്ക്കപ്പാലത്ത് എത്തിയിരുന്നു. ഒപ്പം മണ്ഡലത്തിലെ ഇടതു നേതാക്കളായ വക്കച്ചന്‍ മറ്റത്തില്‍, ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ ജോര്‍ജ്, സിബി തോട്ടുപുറം തുടങ്ങിയവര്‍ക്കൊപ്പം സി കെ ശശിധരന്‍, ഷാജി കടമല, രാജീവ് നെല്ലിക്കുന്നേല്‍, ജോസ് പാറേക്കാട്ട്, സണ്ണി തോമസ് തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനായി എത്തി നേരത്തെ തന്നെ എത്തിയിരുന്നു.
 
മാണി സി കാപ്പന്റെ പ്രചാരണ വാഹനത്തില്‍ നിന്നും സിനിമാപ്പാട്ടുകള്‍ മൊഴിമാറ്റിയെടുത്ത് ചിട്ടപ്പെടുത്തിയത് ഒഴുകി വരുന്നുണ്ട്. പെട്ടെന്ന് തന്നെ പ്രചാരണ വാഹനത്തില്‍ നിന്നും 'കസ്തൂരിമാന്‍മിഴി മലര്‍ശരമെയ്തു.,കല്‍ഹാര പുഷ്പ്പങ്ങള്‍ പൂമഴപെയ്തു എന്ന സൂപ്പര്‍ഗാനം.ഗാനത്തിനൊപ്പിച്ചു കൈകള്‍ വീശിക്കൊണ്ട് അതാ അനശ്വരനടന്‍ ജയന്റെ ഡ്യൂപ്പ് പനയ്ക്കപ്പാലത്ത്. കൂളിംഗ് ഗ്ലാസും കോട്ടും ബല്‍റ്റും ധരിച്ച് മാണി സി കാപ്പന് വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു. കുറെ നേരം  ജയന്‍  കാണികളെ കൈയ്യിലെടുത്ത് വീഥികള്‍ കീഴടക്കി.
 
ഉടനെ തന്നെ പൂവങ്കോഴി കൂവുന്ന ശബ്ദം വാഹനത്തില്‍ കേട്ട് അതിനൊത്ത് ചലനങ്ങളുമായി ഏഷ്യാനെറ്റ് മുന്‍ഷി രംഗത്തെത്തി. ഇതേ സമയം രണ്ടാമത്തെ പോയിന്റായ അമ്പാറ അമ്പലം ജംഗ്ഷനില്‍ രതീഷ് വള്ളിച്ചിറയുടെ നേതൃത്വത്തില്‍ ജൂനിയര്‍ കലാഭവന്‍ മണിയായി രതീഷ് വയലായും അനൂപ് കലാഭവനും സന്തോഷ് പ്രഭയും പാലായിലെ വികസന മുരടിപ്പിനെതിരെയുള്ള സ്‌കിറ്റുമായി അരങ്ങ് തകര്‍ക്കുകയായിരുന്നു.
 
എട്ടേകാലോടെ മന്ത്രി എം എം മണി എത്തിച്ചേര്‍ന്നു.ആളുകള്‍ക്കൊക്കെ ഒരു ഉന്മേഷമാണ് മണിയാശാനെ കാണുമ്പോള്‍.അദ്ദേഹം കുശലം പറഞ്ഞു കൊണ്ട് കസേരയിലിരുന്നു.ഉടനെ തന്നെ സിപിഎം സെക്രട്ടറിയേറ്റ് മെമ്പര്‍ കെ ജെ തോമസും കൂടി വന്നെത്തിയതോടെ മണിയാശാന്‍ പ്രസംഗം തുടങ്ങി.
മണിയാശാന്‍ തന്റെ സ്‌റ്റൈലില്‍ പ്രസംഗം കൊണ്ട് കയറിയപ്പോള്‍ സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും വന്നെത്തി.
 
സദസ്സിനെ വണങ്ങി കാപ്പന്‍ ഒരു മൂലയിലിരുന്നപ്പോള്‍ നടുക്കിരുന്ന കെ ജെ തോമസിനൊരു അരുതായ്ക. അദ്ദേഹം ചെന്ന് കാപ്പനെ തന്റെ സീറ്റില്‍ കൊണ്ടിരുത്തി.എല്ലാരും സ്ഥാനാര്‍ത്ഥിയെ കാണട്ടെ.അപ്പോഴേയ്ക്കും പനയ്ക്കപ്പാലം എന്ന ഗ്രാമം ജനനിബിഡമായി.കര്‍ഷകരും യുവാക്കളും,സ്ത്രീകളും സമൂഹത്തിന്റെ ഒരു പരിശ്ചേദം തന്നെ ആ ഗ്രാമത്തില്‍ ഒത്തുകൂടിയിരുന്നു.
 
തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വ പ്രസംഗം.പ്രസംഗത്തിന് മുന്‍പ് പ്രവര്‍ത്തകരിലൊരാള്‍ മാലപ്പടക്കത്തിന് തീ കൊടുത്തു.അത് കഴിഞ്ഞു സ്ഥാനാര്‍ഥി യുടെ പ്രസംഗം എന്നെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.എന്നെ ഇത്തവണ വിജയിപ്പിച്ചാല്‍ നിങ്ങളുടെ ഒരു സഹോദരനായി നിങ്ങളുടെ സുഖ ദുഖങ്ങളില്‍ നിങ്ങളിലൊരാളായി ഞാനെന്നു മുണ്ടാകും.
 
തുടര്‍ന്ന് അടുത്ത സ്വീകരണ പോയിന്റിലേക്കുള്ള യാത്രയാണ് മുന്നില്‍ അനൗണ്‍സ്‌മെന്റ് വാഹനം കടന്നു പോയി ഇന്ത്യന്‍ വോളിബോളിലെ സൂപ്പര്‍സ്റ്റാറായിരുന്ന ജിമ്മി ജോര്‍ജിനോടൊപ്പം വോളിബോള്‍ കോര്‍ട്ടുകളില്‍ മിന്നല്‍ പിണരുകള്‍ സൃഷ്ടിച്ച കായീക കേരളത്തിനും,കായിക പെരുമയാര്‍ന്ന പാലയ്ക്കും അഭിമാന മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച പാലായുടെ പൊന്നോമന പുത്രന്‍ മാണി സി കാപ്പനിതാ ഈ വഴിത്താരയിലൂടെ കടന്നു വരുന്നു.
 
ആദ്യ സ്വീകരണ പോയിന്റില്‍ തന്നെ നൂറുകണക്കിന് ജനങ്ങള്‍  റോസാ പുഷ്പ്പങ്ങളുമായി കാത്ത് നിന്നിരുന്നു.വനിതകളടങ്ങിയ ജനങ്ങളുടെ ഹാരങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥി അടുത്ത സ്വീകരണ സ്ഥലമായ പ്ലാശനാലേയ്ക്കു തിരിച്ചു. വഴിയോരങ്ങളിലെല്ലാം ആളുകള്‍ കാത്തു നിന്നു. സ്ഥാനാര്‍ത്ഥിയെ കൈ വീശി അഭിവാദ്യമര്‍പ്പിച്ചു പിന്തുണ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍. കാളകെട്ടി, ഓലായം, ഇളപ്പുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ആള്‍ക്കൂട്ടമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തു നിന്നത്.  സ്വീകരണ സ്ഥലങ്ങളിലെല്ലാം മാലയും ഷാളും അണിയിച്ച് സ്വീകരണം. ചുരുങ്ങിയ വാക്കുകളില്‍ വോട്ടു തേടല്‍. കളത്തൂക്കടവില്‍ തലപ്പലം പഞ്ചായത്തിലെ പര്യടനം സമാപിച്ചു. തലനാട്ടിലെ പ്രചാരണം ശ്രായത്താണ്. സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ ജയന്‍ നാട്ടുകാരെ കൈയ്യിലെടുത്തു കഴിഞ്ഞിരുന്നു. പര്യടനത്തിലുടനീളം ആളുകള്‍ മാണി സി കാപ്പനെ കാത്തു നില്‍ക്കുകയായിരുന്നു.
 
ഇതിനിടെ ചേര്‍പ്പുങ്കലില്‍ പാലാ രൂപത ആരംഭിക്കുന്ന മാര്‍ സ്ലീവാ ആശുപത്രിയുടെ ആശീര്‍വാദ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പര്യടനത്തിനിടയില്‍ ചടങ്ങിനായി പുറപ്പെട്ടത്. ചടങ്ങിനുശേഷം വീണ്ടും പര്യടനത്തിലേയ്ക്ക്.
 
കൂട്ടക്കല്ലില്‍ ആണ് മൂന്നിലവ് പഞ്ചായത്തിലെ പര്യടനത്തിന് തുടക്കമിട്ടത്. വാകക്കാട്, വാളകം, മേച്ചാല്‍, ചൊവ്വൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മൂന്നിലവില്‍ സമാപിച്ചു.
kerala news