malayalam news

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മാണി സി കാപ്പൻ


തിരുവനന്തപുരം: പാലാ ഉപതെര‍ഞ്ഞെടുപ്പിൽ വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ പാലാ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എകെ ബാലൻ, എംഎം മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 54 വർഷങ്ങൾക്കുശേഷം ആദ്യമായാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എംഎൽഎയായി വരുന്നത്. പാലാ മണ്ഡലം രൂപീകരിച്ചതിനുശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിലും വിജയിച്ച കെ എം മാണിയുടെ വിയോഗത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം മാണി സി കാപ്പൻ നേടുകയായിരുന്നു. ഇതിനു മുമ്പ് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കെ എം മാണിയുടെ എതിരാളിയായിരുന്ന മാണി സി കാപ്പൻ ഓരോ തവണയും മാണിയുടെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവന്നിരുന്നു. പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എം എൽ എന്ന സ്ഥാനത്തോടെയാണ് മാണി സി കാപ്പന്റെ സത്യപ്രതിജ്ഞ ചെയ്യുന്നത്.

2006ലും 2011ലും 2016 ലും പാലായിൽ കെ എം മാണിക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കെ എം മാണിയുടെ ഭൂരിപക്ഷം 24000 നിന്നും 7500 പിന്നീട് യഥാക്രമം 5500, 4700 എന്ന നിലയിലേക്ക് താഴ്ത്താൻ മാണി സി.കാപ്പന് കഴിഞ്ഞിരുന്നു. എൻ സി പി സംസ്ഥാന ട്രഷറർ ആയി ദീർഘകാലം പ്രവർത്തിച്ചു. എൻ സി പി ദേശീയ പ്രസിഡന്റ് ശരത്പവാറുമായി അടുത്ത ബന്ധം പുലർത്തുന്ന മാണി സി. കാപ്പൻ ഇപ്പോൾ പാർട്ടി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമാണ്. 
 
1993-ൽ മേലേപറമ്പിൽ ആൺവീട് എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചുകൊണ്ട് മലയാള സിനിമാരംഗത്ത് സജീവമായി. തുടർന്നു 12 ഓളം ചിത്രങ്ങളുടെ നിർമ്മാതാവായി. സംവീധായകനായും തിരക്കഥാകൃത്തായും മലയാള സിനിമാരംഗത്ത് ശോഭിച്ചു. മലയാളം,തമിഴ്, തെലുങ്ക്, ആസാമീസ് തുടങ്ങിയ ഭാഷകളിലായി 25-ൽ പരം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. 2000 മുതൽ 2005 വരെ പാലാ ടൗൺ വാർഡിൽ മുനിസിപ്പൽ കൗൺസിലർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 
 
1956-ലായിരുന്നു മാണി സി കാപ്പന്റെ ജനനം. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കോൺഗ്രസ് എം പിയും മുൻ എം എൽ എയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന അന്തരിച്ച ചെറിയാൻ ജെ.കാപ്പന്റെ പുത്രനാണ്. മാതാവ് ആലപ്പുഴ മലയിൽ പരേതയായ ത്രേസ്യാമ്മ. ചങ്ങനാശ്ശേരി പാലത്തിങ്കൽ കുടുംബാഗമായ ആലീസ് ആണ് ഭാര്യ. മക്കൾ:  ചെറിയാൻ മാണി കാപ്പൻ (മെക്കാനിക്കൽ എഞ്ചിനീയര്‍,ക്യാനഡ). ടീന, ദീപ.