malayalam news

ജോളി ആള് ചില്ലറക്കാരിയല്ല : 22 വർഷം മുൻപ് പ്രണയവിവാഹം; ശാന്തസ്വഭാവക്കാരിയായ ജോളിയുടെ സൈനൈഡ്‌ പ്രയോഗം വിശ്വസിക്കാനാകാതെ പാലായിലെ സഹപാഠികൾ


കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെ വഴിവിട്ട ജീവിതത്തിന്‍റേയും അടങ്ങാത്ത സ്വത്ത് മോഹത്തിന്‍റെ അണിയറ കഥകള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ഞെട്ടലോടെയാണ് കേരളം കാതോര്‍ക്കുന്നത്. സിനിമാക്കഥകളെ പോലും വെല്ലുന്ന സംഭവങ്ങളാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ അരങ്ങേറിയത്. ക്രൈം ത്രില്ലറുകളെ കടത്തിവെട്ടുന്ന തിരക്കഥയും സംവിധാനവുമാണ് ജോളിയെന്ന യുവതി കൂടത്തായിയില്‍ കാഴ്ച്ചവെച്ചത്.  2002ല്‍ നടന്ന കൊലപാതകം പോലും മറനീക്കി പുറത്തുവന്നുകഴിഞ്ഞു. പക്ഷേ അപ്പോഴും ചുരുളഴിയാതെ ഒന്നിനും പിടിതരാതെ നില്‍ക്കുന്ന ഒന്നുണ്ട്, ജോളിയെന്ന ദുരൂഹത.  ഒരു സ്ത്രീക്ക്‌ ഒറ്റയ്ക്ക് ഇത്രയും പേരെ എങ്ങനെ കൊല്ലനാകും?. കേരളം ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ്.

ആര്‍ക്കും സംശയം തോന്നാതെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ജോളി 6 കൊലകളും നടത്തിയിത്. ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിട്ടില്ലെന്ന് കുടുംബവും അയല്‍ക്കാരും സാക്ഷ്യം പറയുന്നു. പാലായില്‍ പഠനകാലത്തും ജോളി ഇങ്ങനെ തന്നെയായിരുന്നുവെന്നാണ് സഹപാഠികളും പറയുന്നത്. ജോളിയമ്മ ജോസഫ് എന്ന ജോളി (47 ). ഇടുക്കി കട്ടപ്പന സ്വദേശി. പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും നാലുമക്കളിൽ മൂത്തയാളായ റോയ് തോമസിന്റെ ഭാര്യയായിരുന്നു. അന്നമ്മയുടെ സഹോദരന്റെ ഭാര്യയുടെ അടുത്ത ബന്ധു. ഇപ്പോൾ ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ. 22 വര്‍ഷം മുന്‍പാണ് റോയി തോമസിനെ വിവാഹം കഴിച്ച് കട്ടപ്പനക്കാരിയായ ജോളി കൂടത്തായിയില്‍ എത്തുന്നത്. റോയിയെ പ്രണയ വിവാഹം കഴിച്ച ശാന്ത സ്വഭാവക്കാരിയായ ജോളിയെ കുറിച്ച് ഇപ്പോഴും സഹപാഠികള്‍ ഓര്‍ക്കുന്നു

1993 മുതല്‍ 1996 വരെ പാലായിലെ ടൌണില്‍ പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ കോളജിലായിരുന്നു ജോളി പഠിച്ചത്. ബികോം വിദ്യാര്‍ത്ഥിനിയായ ജോളി പാലായില്‍ ഹോസ്റ്റലിലായിരുന്നു കഴിഞ്ഞിരുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരിയായിരുന്നു അവര്‍ എന്ന് സഹപാഠികള്‍ ആവര്‍ത്തിക്കുന്നു. ജോളി ഇത്തരമൊരു ക്രൂര കൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പോലും സഹപാഠികള്‍ക്ക് സാധിക്കുന്നില്ല.

റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്‍റെ ബന്ധുവായിരുന്നു ജോളി.ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് അവര്‍ റോയിയെ പരിചയപ്പെട്ടത്. ഈ പരിചയം പ്രണയമായി. പിന്നീടത് വിവാഹത്തിലും കലാശിച്ചു. റോയിയേയും മാതാപിതാക്കളേയും ജോളി കൊലപ്പെടുത്തിയ പിന്നാലെ മാത്യുവിനേയും അവര്‍ വകവരുത്തിയിരുന്നു. മൂന്ന് പേരുടേയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായിരുന്നു കൊലയ്ക്ക് കാരണം.

കൊലയ്ക്ക് പിന്നിലെ പ്രേരണ പ്രണയമോ പണമോ

കൂടത്തായിയില്‍ പണമാണോ പ്രണയമാണോ ജോളിയെ സീരിയല്‍ കില്ലറാക്കിയത് എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.  ഷാജുവിനോടുള്ള പ്രണയം സ്വന്തം ഭര്‍ത്താവിനെയും ഷാജുവിന്റെ ഭാര്യയെയും മകളെയും കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വരുമ്പോഴും ആ പ്രണയം വെറും അഭിനയമാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സ്വത്താണ് ജോളിയുടെ പ്രണയത്തിന് പിന്നിലെന്ന മൊഴിയും പുറത്തുവരുന്നു. താന്‍ പോലും കബളിപ്പിക്കപ്പെട്ടുവെന്ന് ഷാജു തന്നെ പറയുന്നു. 

മാതാപിതാക്കളെ ഇല്ലാതാക്കിയത് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. പിന്നീട് മാതാപിതാക്കളെയും ഭര്‍ത്താവിനെയും ഒഴിവാക്കി സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയാറാക്കുകയും സ്വത്ത് കൈക്കലാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും ശേഷം ലക്ഷ്യം പോലെ തന്നെ ഷാജോയെ വിവാഹം കഴിച്ചിട്ടും റോയിയുടെ വീട്ടില്‍ നിന്നും മാറാന്‍ ജോളി തയാറായിരുന്നില്ല.

റോയിയുടെ സഹോദരന്‍ റോജോയെക്കൂടി വകവരുത്താന്‍ നീക്കം നടത്തിയിരുന്നെങ്കിലും റോജോ അമേരിക്കയിലാക്കിയതിനാലും ചേടത്തിയെ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാല്‍ ഇവരുടെ പക്കല്‍ നിന്നും ഒന്നും വാങ്ങി കഴിക്കാത്തതിനാലും അയാള്‍ മാത്രം രക്ഷപെട്ടു. ഇവരുടെ ഏക സഹോദരിയെയും ഇത്തരത്തില്‍ വകവരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അവരെയും സൗകര്യത്തിന് കയ്യില്‍ കിട്ടിയില്ലത്രെ. ഒടുവില്‍ കൊലപാതക പരമ്പര പുറംലോകത്തെത്തിക്കാന്‍ നിമിത്തമായത് ജാളിയുടെ പദ്ധതികളില്‍ നിന്നും റോജോ രക്ഷപെട്ടതാണ്.

തുടക്കത്തില്‍ റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരന്‍ മാത്യു ഈ മരണങ്ങളില്‍ സംശയം ഉന്നയിച്ചതോടെ അദ്ദേഹത്തെയും നിഷ്‌കരുണം വകവരുത്തി. സ്വന്തം ഭാര്യയേയും 10 മാസം പ്രായമുള്ള സ്വന്തം മകളെയും ഇല്ലാതാക്കാന്‍ ഷാജു കൂട്ടുനിന്നതും അതിന് അയാളുടെ പിതാവ് തന്നെ സഹായം ചെയ്തതും പോലീസിനെപ്പോലും അമ്പരപ്പിച്ചു.

കേരളത്തില്‍ ഇത്ര ആസൂത്രിതമായ ഒരു കൊലപാതക പരമ്പര മുമ്പുണ്ടായിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി. 6 പേരെയാണ് 2002 മുതല്‍ 2016 വരെയുള്ള 14 വര്‍ഷക്കാലയളവില്‍ മുന്‍കൂര്‍ തയാറാക്കിയ പദ്ധതി പ്രകാരം ഒരു സ്ത്രീ നേരിട്ട് കൊലപ്പെടുത്തുന്നത്.അതും ഒരു തെളിവും ശേഷിപ്പിക്കാതെ. എല്ലാം ഭര്‍ത്താവിന്റെ കസിനായ കാമുകനെ സ്വന്തമാക്കാനും ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുമായിരുന്നു.

അയല്‍വാസിയാണ് ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതെന്ന് കണ്ടെത്തി.ഒസ്യത്ത് വ്യാജമെന്ന് കണ്ടതോടെ ഈ ഒസ്യത്ത് തിരികെ എഴുതി നല്‍കാന്‍ ജോളി തയാറായി.ഇന്നാണ് അതിന് തീയതി നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇന്നു തന്നെ ജോളി പോലീസിന്റെ കസ്റ്റഡിയിലായി.

ബ്യൂട്ടീഷനോ എന്‍ഐടി പ്രഫസറോ

എന്‍ഐടിയില്‍ പ്രഫസറാണെന്നാണ് ഭര്‍ത്താവായിരുന്ന ഷാജുവിനോടു പോലും ജോളി പറഞ്ഞിരുന്നത്. പക്ഷേ പാരലല്‍  കോളേജില്‍ നിന്ന് ബികോം പൂര്‍ത്തിയാക്കി എന്നതല്ലാതെ ജോളിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ഇതിനിടെ എന്‍ഐടിയ്ക്ക് അടുത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. 

പെണ്‍കുട്ടികളോട് അലര്‍ജി

തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമില്ലായിരുന്നുവെന്നും മുന്‍ ഭര്‍ത്താവിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി തന്നെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒന്നിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.