malayalam news

ജോളി വേദപാഠം അധ്യാപികയല്ല, മരണങ്ങൾ നടന്ന ശേഷം ഒരു വിധവയുടെ ഭാവമുണ്ടായിരുന്നില്ലെന്ന് കൂടത്തായി ഇടവക; എന്‍.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് പള്ളി വികാരി


കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിക്ക് പള്ളിയുമായി കാര്യമായ ബന്ധമില്ലെന്ന് വിശദീകരണവുമായി കൂടത്തായി ഇടവക. ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണെന്ന് ഇടവക വക്താവ് അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ വ്യക്തമാക്കി. ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതല ഉണ്ടായിരുന്നു. എന്നാൽ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയിൽ നിന്ന് നീക്കിയെന്നും ഇടവക വിശദീകരിക്കുന്നു. മരണങ്ങൾ നടന്ന ശേഷം വലിയ ദുഖം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു വിധവയുടെ ഭാവത്തിലല്ല പിന്നീട് ജോളിയെ കണ്ടതെന്ന്  അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ കൂട്ടിച്ചേര്‍ത്തു. ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ല. കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസും കുടുംബവും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.

ജോളി ഞായറാഴ്ചകളിൽ കുർബാനയ്ക്കെത്തുന്നത് ഈ പള്ളിയിലായിരുന്നു. 2017-ൽ ബന്ധുവായ കോടഞ്ചേരി സ്വദേശി ഷാജുവിനെ വിവാഹം കഴിക്കുന്നതുവരെ കൂടത്തായി ഇടവകാംഗവുമായിരുന്നു. കോടഞ്ചേരിയിലേക്ക് വിവാഹം കഴിച്ചതോടെ ഇടവക മാറിയെങ്കിലും ജോളിയുടെ താമസം കൂടത്തായിയിലെ വീട്ടിൽതന്നെയായിരുന്നു. കുർബാനയ്ക്കെത്തുന്നത് കൂടത്തായി പള്ളിയിലും. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കള്‍ കൂടത്തായി ഇടവകാംഗങ്ങളാണ്.

അതേസമയം  ജോളി എന്‍.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ.ജോസഫ് എടപ്പാടി. എന്‍.ഐ.ടിയില്‍ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും വികാരി പറയുന്നു. എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായി. റോജോ അത് എന്നോട് പറഞ്ഞിരുന്നു. എങ്കിലും അവര്‍ സ്ഥിരമായി എന്‍.ഐ.ടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍ഐടിയില്‍ വച്ച്‌ അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപിക ആയിരുന്നു ജോളി എന്ന് കരുതിയിരുന്നു എന്നാണ് ഫാ.എടപ്പാടി പറയുന്നത്.

 പള്ളി സെമിത്തേരിയിൽ മൃതദേഹങ്ങൾ അടക്കിയ കല്ലറകൾ അവിചാരിതമായി തുറക്കേണ്ടിവന്ന ദുഃഖകരമായ സാഹചര്യമുണ്ടായ കാര്യം കുർബാനയ്ക്കിടെ വികാരി ഫാ. ജോസഫ് ഇടപ്പാടി വിശ്വാസികളെ ബോധ്യപ്പെടുത്തി. പള്ളിയുടെയും കമ്മിറ്റിക്കാരുടെയും സഹകരണത്തിന് നന്ദി അറിയിക്കാൻ അന്വേഷണത്തിന് നേതൃത്വം നൽകിയ റൂറൽ എസ്.പി. കെ.ജി. സൈമൺ പറഞ്ഞിരുന്നെന്ന് ഫാ.ജോസഫ് ഇടപ്പാടി പറഞ്ഞു. ഇക്കാര്യം വിസ്വാസികളെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാവിലെ പള്ളിക്കമ്മിറ്റി യോഗം ചേർന്നിരുന്നു. 

കൂടുതൽ ആളുകളെ വകവരുത്താൻ തീരുമാനിച്ചിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയെന്നാണ് സൂചന. ഇതിന് സഹായം നൽകിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്നും കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് വിവരം.

ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നാളെ അപേക്ഷ നല്‍കും. അതിന് മുമ്പ് ഈ വിവരങ്ങള്‍ കൃത്യത വരുത്തിയ ശേഷം അടുത്ത ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇത്രയധികം കൊലപാതകങ്ങൾ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ ജോളിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്.