malayalam news

മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ മണ്ണിനടിയിലെന്നു സംശയം


കൊച്ചി: ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികള്‍ നടക്കവേ നിര്‍മാണ തൊഴിലാളികളായ രണ്ട് തമിഴ്‌നാട് സ്വദേശികളാണ് ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അകപെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. ഇവരെ കൂടാതെ മറ്റൊരാളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

ഉദയൻ, കമൽ എന്നിവരെയാണ് കാണാതായത്. ഇതിൽ ഉദയന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ കണ്ടെടുത്ത്. റോഡിന്റെ ഒരുകിലോമീറ്റര്‍ താഴെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സും പോലീസും റവന്യു ഉദ്യോഗസ്ഥരും ദുരന്ത പ്രതികരണ സേനയും തിരച്ചില്‍ തിരച്ചിൽ തുടരുന്നുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടാമ്പി സ്വദേശിയായ സുധീര്‍, ചിന്നന്‍, ഭാഗ്യരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അതിനാല്‍ പുലര്‍ച്ചെ തിരച്ചില്‍ വീണ്ടും തുടരുകയായിരുന്നു. രണ്ടുമാസംമുമ്പ് വലിയ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്തു തന്നെയാണ് വീണ്ടും അപകടമുണ്ടായത്. സ്ഥലത്ത് ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഇപ്പോഴും തുടരുന്നുവെന്നാണ് തിരച്ചില്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.