malayalam news

കോട്ടയം ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു


കോട്ടയം: ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടത്തേക്കുള്ള ഇറക്കമിറങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇന്ന്‍ ഉച്ചയ്ക്ക് 2.50തോടെ എം.സി റോഡിൽ നിന്നും നാഗമ്പടത്തേക്ക് വരുന്ന വഴിയിൽ വൈ.ഡബ്ല്യൂ.സി.എയ്ക്ക് മുന്നിലായിരുന്നു അപകടം. രണ്ട് മീറ്ററോളം യുവാവിനെയും ബൈക്കിനെയും വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. ബസിന്റെ മുൻ ചക്രങ്ങൾ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങി. തൽക്ഷണം തന്നെ യുവാവ് മരിച്ചു.  സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു.

കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്.  കൺട്രോൾ റൂം പൊലീസ് സംഘം എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെതുടർന്ന് ഇരു വാഹനങ്ങളും റോഡിന് നടുവിൽ കിടന്നതോടെ എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടവിവരമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. സംഘർഷ സാധ്യതയിലേക്ക് പോയ സ്ഥിതി പൊലീസെത്തി നിയന്ത്രവിധേയമാക്കി.  മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ.