malayalam news

ആല്‍ഫൈനെ ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ തന്നെ വളരെ മോശമായ നിലയിലായിരുന്നെന്ന് ഡോക്ടര്‍


കോഴിക്കോട് : ഷാജുവിന്‍റെയും സിലിയുടെയും മകള്‍ ആല്‍ഫൈനെ ആശുപത്രിയില്‍ എത്തിച്ചത് അത്യാസന്ന നിലയിലെന്ന് ഡോക്ടര്‍ ഒ യു അഗസ്റ്റിന്‍റെ വെളിപ്പെടുത്തല്‍. ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശനിലയിലായ അല്‍ഫൈനെ ഡോക്ടര്‍ അഗസ്റ്റിന്‍റെ അടുത്തായിരുന്നു എത്തിച്ചത്. ഭക്ഷണം കൊടുക്കുമ്ബോള്‍ കുട്ടിക്ക് വളരെ അവശതയായെന്നും പിന്നീട് ഫിക്സ് പോലെയുണ്ടായെന്നുമാണ് അവര്‍ തന്നോട് പറഞ്ഞത്.

സംഭവ ദിവസം ആല്‍ഫൈനെ എത്തിച്ചത് അപസ്മാര ലക്ഷത്തോടെയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. പള്‍സ് വളരെ താഴ്ന്നിരുന്നു. അപസ്മാരം വന്നതായി വീട്ടുകാര്‍ അറിയിച്ചു. അപസ്മാരം വരുന്നവര്‍ക്ക് അനുഭവപ്പെടുന്ന ബോധക്ഷയവും ഉണ്ടായിരുന്നു. എന്നാല്‍ പള്‍സ് ഇത്രയധികം താഴുന്ന പതിവില്ല. കുട്ടിയെ ചികിത്സിക്കാനുള്ള ആധുനിക സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്ത് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് അയക്കുകയായിരുന്നുവെന്ന് ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടര്‍ അഗസ്റ്റില്‍ പറയുന്നു.

തുടര്‍ന്ന് അവര്‍ കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെന്നും ഡോക്ടര്‍ പറയുന്നു. വെന്‍റിലേറ്ററിലൂടെ ജീവന്‍ നിലനിര്‍ത്തി കാരണമെന്തെന്ന് അന്വേഷിച്ച്‌ ചികിത്സിച്ചാല്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ കുട്ടിയെ അയച്ചതെന്നും ഡോക്ടര്‍ പറയുന്നു.

കോട‍ഞ്ചേരിയിലെ ഡോക്ടറായ ഒ യു അഗസ്റ്റിന് ഈ കുടുംബവുമായി വളരെ കാലത്തെ പരിചയമുണ്ട്. മുമ്ബും ഡോക്ടറുടെ അടുത്ത് ഇവര്‍ ചികിത്സ തേടിയിട്ടുണ്ട്. മരണത്തിന് മൂന്നാല് മാസങ്ങള്‍ക്ക് മുമ്ബ് കുട്ടിക്ക് മൂത്രത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തന്‍റെയടുത്ത് ചികിത്സ തേടിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു.