malayalam news

കൊല്ലത്ത് മകൻ അമ്മയെ കുഴിച്ച് മൂടിയത് ജീവനോടെ? നാല് വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു : അമ്മയെ മകന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് നാട്ടുകാര്‍


കൊല്ലം∙ മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുനില്‍ അമ്മ സാവിത്രിയെ ജീവനോടെ ആയിരിക്കാം കുഴിച്ചു മൂടിയതെന്നും സംശയമുണ്ട്. കൂട്ടു പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. 

സുനിലിന്റെ അതിക്രൂര മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നിലത്തിട്ടു ചവിട്ടിയപ്പോഴാണു വാരിയെല്ലുകള്‍ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നില്‍ ആന്തരിക രക്തശ്രാവുമുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശ്വാസം മുട്ടിയതാണ് മരണ കാരണം.

ഒന്നുകില്‍ കഴുത്തു ഞെരിച്ചു കൊന്നതാകം. അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകന്‍ കുഴിയിലിട്ടു മൂടിയതുമാകാം. അതേ സമയം താന്‍ അമ്മയെ കഴുത്തിനു കുത്തി പിടിച്ചാണ് മര്‍ദ്ദിച്ചതെന്ന് പ്രതു പോലീസിനോടു പറഞ്ഞു.വിശദാമയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈക്കാര്യം വ്യക്തമാകുള്ളു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത സാവിത്രിയുടെ മൃതദേഹം സംസ്‌കരിച്ചു. 

അതേസമയം റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിക്കും. ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സ്വത്തും പണവും ആവശ്യപ്പെട്ട് സുനിൽ കുമാർ സ്ഥിരമായി അമ്മയെ മർദ്ദിക്കുമായിരുന്നെന്ന് നാട്ടുകാരും അമ്മയും പറഞ്ഞിരുന്നു. ഇതിന്‍റെ പേരിൽത്തന്നെ നടത്തിയ മർദ്ദനത്തിലാണ് അമ്മ സാവിത്രിയമ്മ മരിച്ചത്. മദ്യപിച്ച് സ്ഥിരം വീട്ടിലെത്തി ഇയാൾ പ്രശ്നമുണ്ടാക്കുമായിരുന്നു. മറ്റ് രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മകനൊപ്പമാണ് സാവിത്രിയമ്മ കഴിഞ്ഞിരുന്നത്. ഇയാൾ ഒറ്റയ്ക്കായിരുന്നതിനാൽ സാവിത്രിയമ്മ മറ്റ് രണ്ട് മക്കളുടെ കൂടെ താമസിക്കാൻ തയ്യാറായിരുന്നില്ല. ഇയാളെ പേടിയായതിനാൽ മക്കളാരും വീട്ടിലെത്തി അമ്മയെ കാണാൻ വരാറില്ല. പുറത്ത് നിന്നാണ് കാണാറ്.

അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മകൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ തനിക്കും അമ്മയെ കാണാനില്ലെന്ന് പരാതി നൽകാനുണ്ടെന്നും എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് സുനിൽ പറഞ്ഞത്. എന്നാൽ പിന്നീട് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുഴി മൂടിയത് പോലെ ഒരിടം വീട്ടു വളപ്പിൽ കണ്ടത്. ഇവിടെ കുഴിച്ചു നോക്കിയപ്പോൾ രൂക്ഷമായ ദുർഗന്ധം വന്നു. തുടർന്നാണ് അമ്മയെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചത്.