malayalam news

കേളി ഇടപെടൽ,  ആൽബർട്ട് നാടണഞ്ഞു


റിയാദ് : ഹെവി ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയ ശേഷം  വിസയില്‍ പറഞ്ഞ തൊഴിൽ ലഭിക്കാതെയും  ഭക്ഷണത്തിനു പോലും വകയില്ലാതേയും മൂന്നു മാസത്തോളമായി ബുദ്ധിമുട്ടുകയായിരുന്ന നെയ്യാറ്റിൻകര ചയക്കോട്ടുകോണം സ്വദേശി ആൽബർട്ടാണ് കേളിയുടെ ഇടപെടലിനെത്തുടര്‍ന്ന്‍ നാടണഞ്ഞത്.

സുലൈലെ സൗണ്ട് ലൈൻസ് കമ്പനിയിൽ ജോലിക്കെത്തിയ ഗള്‍ഫില്‍ മുന്‍ പരിചയമുണ്ടായിരുന്ന ആല്‍ബര്‍ട്ടിനെ കോണ്ട്രാക്ടില്‍ വാഗ്ദാനം  ചെയ്ത ജോലി നൽകാതെ മറ്റു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും അതിന് തയ്യാറാവാതിരുന്നപ്പോള്‍ ഭക്ഷണം പോലും നൽകാതെ കമ്പനി ബുദ്ധിമുട്ടിക്കുകയായിരുന്നു. ഈ വിഷയങ്ങൾ തനിക്കു വിസ നൽകിയ ഏജൻസിയെ അറിയിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ ഏജന്റ് തയ്യാറായില്ല.

പിന്നീട് കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ പ്രസിഡന്റ് ഫൈസൽ മടവൂർ മുഖേന ജീവകാരുണ്യ കമ്മിറ്റിയെ ബന്ധപ്പെടുകയും ജീവകാരുണ്യ കമ്മിറ്റി കൺവീനർ സുധാകരൻ മുഖേന എംബസ്സിയിൽ പരാതി പെടുകയും ചെയ്തു. അതിനിടയിൽ 8000 റിയാൽ നൽകിയാൽ  എക്സിറ്റ് നൽകാമെന്ന് കമ്പനി ആൽബര്ട്ടിനെ അറിയിച്ചു. എന്നാൽ എംബസ്സിയുടെ ശക്തമായ ഇടപെടലിലൂടെ  ഏജൻസിയെ എംബസ്സിയിൽ വിളിച്ചു വരുത്തുകയും വിഷയം തീർപ്പക്കാനും നിർദ്ദേശിച്ചു. അല്ലാത്തപക്ഷം ഏജൻസിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് കമ്പനിയിൽ നിന്നും എക്സിറ്റ് വാങ്ങി നൽകുകയായിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന കേളി കലാസാംസ്കാരിക വേദിയോടുള്ള നന്ദിയും കടപ്പാടും അറിയിച്ചാണ് ആൽബർട്ട്  നാട്ടിലേക്ക് തിരിച്ചത്