malayalam news

ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയുടെ ചിഹ്നം 'രണ്ടില' മുറിച്ചത് പഴയ ശത്രുക്കളുടെ കുടിപ്പകയോ ? ചെന്നിത്തല, ജോസഫ്‌, ജോർജ് കൂട്ടുകെട്ടെന്ന് അമർഷം പൂണ്ട് അണികൾ


കോട്ടയം : ജോസ് കെ മാണിയുടെ സ്ഥാനാർഥി ജോസ് ടോമിന് മാണി ഗ്രൂപ്പിൻറെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില നിഷേധിച്ചതിന് പിന്നിൽ അട്ടിമറി ഉണ്ടെന്നാണ് അണികളുടെ അടക്കം പറച്ചിൽ.  ബാർ കോഴക്കേസിൽ മാണിയെ രാജി വെപ്പിച്ചു പിന്നിലെ ശക്തികൾ തന്നെയാണ് ജോസ് കെ മാണിയെയും വേട്ടയാടുന്നുവെന്ന് കടുത്ത അമർഷത്തിലാണ് അണികൾ.  ചിഹ്നം നിഷേധിക്കുകയും വിമത സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ചെന്നപ്പോൾ ജോസഫിനെ കൂവിയത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ഇവര്‍ പ്രകടിപ്പിക്കുന്ന വികാരം.

നിഷാ ജോസ് സ്ഥാനാർത്ഥി ആകുന്നതിൽ തുടക്കംമുതൽ എതിർത്ത ജോസഫ് അവർ മാറിയാൽ പ്രശ്നങ്ങൾ തീരുമെന്നാണ് ചെന്നിത്തലയും മറ്റ് നേതാക്കളും ജോസ് കെ മാണിയെ ധരിപ്പിച്ചത്.  ബാർ കോഴയിലെ  പോലെ ഒരു ചതിയായിരുന്നു ഇതെന്ന് പിന്നീട് എല്ലാവർക്കും മനസ്സിലായി.  നിഷ പിന്മാറിപ്പോഴും കാര്യം സാധിച്ച  ജോസഫ് പിന്നീട് ഓരോ അടവുകൾ പുറത്തെടുക്കുകയായിരുന്നു.  വിമതനെ നിർത്തിയും ചിഹ്നം തട്ടിത്തെറിപ്പിച്ചും കൂടാതെ ജോസ് ടോമിന്റെ പത്രിക  തള്ളാനും ന്യായവാദങ്ങൾ നിരത്തി.  ഇതൊക്കെ യു ഡി എഫ് നേതൃത്വം അറിയാത്ത തിരക്കഥയല്ലെന്നാണ് അണികളുടെ വിശ്വാസം.  'പ്രതിച്ഛായയിൽ' ഒരു വികാര പ്രകടനം നടത്തിയപ്പോൾ കലിതുള്ളി ജോസഫ് കാട്ടിയത് രാഷ്ടിയ ധാർമികതക്ക് നിരക്കാത്തതാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.  ബാര്‍ കോഴ കേസില്‍  കെഎം മാണി നേരിട്ട് കോഴ വാങ്ങിയതായി തെളിവ് ഇല്ലെങ്കിലും മാണിക്കെതിരെ കേസെടുക്കുകയും കോഴ  വാങ്ങിയെന്ന് ആരോപണമുള്ള കെ ബാബുവിനെതിരെ കേസെടുക്കാതെയും ഇരുന്ന അന്നത്തെ അഭ്യന്തരമന്ത്രി ആയിരുന്നു ചെന്നിത്തല. ഇതിൻറെ പൊട്ടിത്തെറി ആയിരുന്നു മാണി മുന്നണി വിട്ട് മാറി നിന്നത്. 

മാണി യുഡിഎഫിലേക്ക് തിരിച്ചു പോകുന്നതിനേക്കാൾ എൽഡിഎഫുമായി ബന്ധം തുടരാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ജോസഫ് ഇതിനെ എതിർക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്.  പിന്നീട് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മാണി  യുഡിഎഫിൽ തിരിച്ചെത്തിയത്.  ചെന്നിത്തലയുമായുള്ള മാണിയുടെ നീരസം മാറിയിരുന്നില്ല. പാലാ  വീട്ടിൽ യുഡിഎഫ് നേതാക്കളെ സ്വീകരിച്ചപ്പോൾ മാണി ആദ്യം ചെന്നിത്തലയ്ക്ക് കൈ കൊടുക്കാതെ മാറുന്നതും അന്ന് വലിയ ചർച്ചയായിരുന്നു.  ബാർ കോഴ കേസ് ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ മാണി രാജി വെക്കുമ്പോൾ പാർട്ടി തീരുമാനം അനുസരിച്ച് ജോസഫും രാജിവെക്കണമെന്ന് കെഎം മാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോസഫ്‌ അതിനു തയാറായില്ല. അതും ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ജോസെഫിന് നല്‍കിയ ഉപദേശമായിരുന്നു. പാര്‍ട്ടിയില്‍ മാണിയെ ഒറ്റപ്പെടുത്തുകയും പിസി ജോര്‍ജ്അടക്കം ഉള്ളവര്‍ പുലഭ്യം പറയുമ്പോഴും ജോസഫ്‌ വിഭാഗം നേതാക്കള്‍ മൌനത്തില്‍ ആയിരുന്നു.

മാണി എല്‍ഡിഎഫുമായി അടുക്കാന്‍ ശ്രമിച്ചപ്പോഴും ജോസഫ്‌ അതിനെ തടയിട്ടു. അന്നുമുതല്‍ ചെന്നിത്തല അടകം ഉള്ള നേതാക്കള്‍ ജോസെഫിനോടൊപ്പം ആയിരുന്നു. ഇതുകൊണ്ടായിരുന്നു കോട്ടയം പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ ജോസെഫിനു സീറ്റ്‌ നല്‍ക്കാന്‍ ഇവര്‍ വാദിച്ചത്. എന്നാല്‍ കെഎം മാണിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പത്തി മടക്കി. മാറിയ സാഹചര്യത്തില്‍ മാണി വിരുദ്ധര്‍ ജോസ് കെ മാണിയെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്‌. കേരള കോണ്‍ഗ്രസ്‌ തര്‍ക്കത്തില്‍ ജോസഫിനു പിന്തുണ പ്രഖ്യാപിച്ചു നില്‍ക്കുന്ന പിസി ജോര്‍ജന്റെ ലക്ഷ്യവും ജോസ് കെ മാണിയുടെ പാര്‍ട്ടിയെ തകര്‍ക്കുക എന്നല്ലാതെ മറ്റൊന്നുമല്ല. ജോസഫ്‌ വഴി യുഡിഎഫില്‍ എത്താനുള്ള നീക്കമാണ് ജോര്‍ജ് നടത്തുന്നത്. ഇതിനോട് ചെന്നിത്തല അടക്കം ഉള്ള ചില കോണ്‍ഗ്രസ്‌ നേതാക്കളുടെ പിന്തുണയുണ്ട്. ഇതാണ് മാണി അണികളുടെ രോക്ഷം ശക്തമാകാന്‍ കാരണം. എന്നാല്‍ പാലാ ഉപതെരഞ്ഞെടുപ്പിനിടയില്‍ ജോസ് ജോസഫ്‌ വിഭാഗങ്ങള്‍ പരസ്യമായി ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിലെ ഏറ്റവും വലിയ ക്രൈസിസ് മാനേജ്മെന്റ് വിദഗ്ധനായ ഉമ്മന്‍ചാണ്ടിയുടെ മൌനം ദുരൂഹമായി തുടരുകയാണ്.

kerala news