malayalam news

ജോളി നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായി ? കുടുംബത്തിലെ പെണ്‍കുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം : രഞ്ജിയുടെ മകളെ കൊല്ലാനും ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍


കോഴിക്കോട് : കുടുംബത്തിലെ പെൺകുട്ടികളോട് ജോളിക്ക് വെറുപ്പുണ്ടായിരുന്നതായി അന്വേഷണ സംഘം. റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ മകളെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ജോളിയുടെ മൊഴി. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ജോളിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമായ സ്ഥിരീകരണം നടത്തിയതായി സൂചനയുണ്ട്. ജോളിയെ നേരത്തെ ചോദ്യം ചെയ്തപ്പോള്‍, നുണപരിശോധനയ്ക്കും, നാര്‍കോ അനാലിസിസ് ടെസ്റ്റിനും വിധേയനാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തന്റെ അച്ഛനോട് ചോദിക്കണമെന്ന് ജോളി മറുപടി നല്‍കി.

തുടര്‍ന്ന് ജോളി ഫോണില്‍ വിളിച്ചത് അച്ഛനെയല്ലെന്നും, വേറെ ഒരാളെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇദ്ദേഹമാണ് നുണപരിശോധനയ്ക്ക് തയ്യാറാകേണ്ടെന്ന് പറഞ്ഞത്. ഒരുമിനുട്ടോളമാണ് സംഭാഷണം നീണ്ടത്. ഇത്രയും പെട്ടെന്ന് ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഇയാള്‍ക്ക് സംഭവം വ്യക്തമായി അറിവുണ്ടായിരിക്കണമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

അതിനിടെ ജോളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ് ഷാജു രംഗത്തെത്തി. കുടുംബത്തിന്റെ അഭിമാനമോര്‍ത്താണ് താന്‍ സംഭവങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്ന് ഷാജു പറഞ്ഞു. സിലിക്ക് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. സിലിയോട് കാണിച്ച് അപമര്യാദ തങ്ങളുടെ വിവാഹം നടത്താനുള്ള ആദ്യ തറക്കല്ലിടലിന്റെ ഭാഗമായിരുന്നു.

വ്യാജമായി ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ ജോളി ഉണ്ടാക്കിയ ഒസ്യത്തില്‍ പതിച്ച തന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചതാണെന്നാരോപിച്ച്‌ എന്‍.ഐ.ടി ജീവനക്കാരന്‍ മഹേഷ് രംഗത്ത് വന്നു.

കൂടത്തായി കൂട്ടകൊലപാതകത്തില്‍ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ജോളിയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. രാമകൃഷ്ണനെയും ജോളിയെയും ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.