malayalam news

കൂടത്തായി കൊലക്കേസില്‍ പുതിയ വില്ലന്‍! അച്ഛന് എല്ലാകാര്യവും അറിയാം: സക്കറിയയെ പൊലീസ് ചോദ്യം ചെയ്യും


കൂടത്തായി: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലക്കേസില്‍ കൂടുതല്‍ പേരുടെ പങ്ക് പുറത്തേക്ക്. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കാര്യം അച്ഛന്‍ സക്കറിയയ്ക്ക് അറിയാമെന്ന് ഷാജു വെളിപ്പെടുത്തിയതോടെ സക്കറിയയെ ഉടന്‍ അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതിനായി സക്കറിയയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സക്കറിയയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കാനായിരിക്കും ചോദ്യം ചെയ്യുക.

അതേസമയം, ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊല്ലാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ഷാജു പറഞ്ഞു. നേരത്തെ കൊലപാതകങ്ങളെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ ഷാജു ഇപ്പോള്‍ എല്ലാം ഏറ്റ് പറഞ്ഞ് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഇതോടെ നിര്‍ണായക വഴിത്തിരിവിലേക്കാണ് കേസിന്റെ ഗതി. അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് ഷാജു തന്റെ മൊഴി വെളിപ്പെടുത്തിയത്. 

2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണു ജോളി കൊല നടത്തിയത്. ഈ സമയം ഷാജു തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. എല്ലാം താന്‍ അറിഞ്ഞുതന്നെയാണെന്നു ഷാജു ഇന്ന് ഏറ്റുപറഞ്ഞതോടെയാണു കൂടത്തായി കൂട്ടക്കൊലയിൽ വഴിത്തിരിവുണ്ടായത്.